മസ്കത്തില്‍നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വിസ് ജെറ്റ് എയര്‍വേസിന്‍െറ പരിഗണനയില്‍
text_fieldsമസ്കത്ത്: മസ്കത്തില്‍നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സര്‍വിസ് പുനരാരംഭിക്കുന്നത് ജെറ്റ് എയര്‍വേസിന്‍െറ പരിഗണനയില്‍. ഇതിന്‍െറ സാധ്യതകള്‍ പഠിച്ചുവരുകയാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. നേരത്തേയുണ്ടായിരുന്ന സര്‍വിസ് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് നിര്‍ത്തലാക്കിയത്.
നിലവില്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമാണ് മസ്കത്തില്‍നിന്ന് നേരിട്ടുള്ള സര്‍വിസ് ഉള്ളത്. കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുന്നതോടെ അങ്ങോട്ട് സര്‍വിസ് ആരംഭിക്കുന്നതിന് ജെറ്റ് എയര്‍വേസ് പൂര്‍ണസജ്ജമാണെന്നും സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്‍റ് കോളിന്‍ ന്യൂബ്രോണറും ഗള്‍ഫ്, മിഡിലീസ്റ്റ് ആന്‍ഡ് നോര്‍ത് ആഫ്രിക്ക വൈസ് പ്രസിഡന്‍റ് ശാക്കിര്‍ കണ്ഠാവാലയും പറഞ്ഞു. വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലായുള്ള ആറ് ആഴ്ചയോളം നീളുന്ന ‘തിങ്ക് ഹോം, തിങ്ക് ജെറ്റ് എയര്‍വേസ്’ മാര്‍ക്കറ്റിങ് കാമ്പയിനിന്‍െറ ഭാഗമായി മാധ്യമങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യന്‍ ആതിഥ്യമര്യാദയുടെ മഹത്വത്തിനൊപ്പം ജെറ്റ് എയര്‍വേസിന്‍െറയും പങ്കാളികളായ ഇത്തിഹാദ് എയര്‍ലൈന്‍സിന്‍െറയും വൈവിധ്യമാര്‍ന്ന സേവനങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ചും ഉപഭോക്താക്കളെ ബോധവാന്മാരാക്കുകയാണ് ‘തിങ്ക് ഹോം, തിങ്ക് ജെറ്റ് എയര്‍വേസ്’ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് കൂടിക്കാഴ്ചയില്‍ പങ്കെടുത്ത ഒമാന്‍ ജനറല്‍ മാനേജര്‍ മന്നു ആനന്ദ് പറഞ്ഞു. ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്കും അബൂദബി, ആംസ്റ്റര്‍ഡാം, പാരിസ്, ലണ്ടന്‍ തുടങ്ങിയ ഗേറ്റ്വേകളിലൂടെ യൂറോപ്പ്, അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്കും സുഗമമായ യാത്രാസൗകര്യം ജെറ്റ്എയര്‍വേസ് ഒരുക്കുന്നു. ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മുതല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ പൂര്‍ണമായ യാത്രാനുഭവമാകും ലഭ്യമാവുക.
ആകര്‍ഷകമായ നിരക്കുകള്‍, ടിക്കറ്റ് കാന്‍സലേഷന്‍, യാത്ര ഷെഡ്യൂള്‍ മാറ്റല്‍ അടക്കമുള്ളവയിലെ എളുപ്പം, ബാഗേജ് അലവന്‍സ് എന്നിവയിലെ ഉദാരത എന്നിവയാണ് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് ഏറ്റവും ആകര്‍ഷകമെന്നും മന്നു ആനന്ദ് പറഞ്ഞു.
നിലവില്‍ വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളില്‍നിന്നായി നൂറിനടുത്ത് പ്രതിദിന വിമാനങ്ങളാണ് ഇന്ത്യയിലേക്കുള്ളത്. 47 ഓളം ആഭ്യന്തര സര്‍വിസുകളും ജെറ്റ് എയര്‍വേസ് നടത്തുന്നുണ്ട്.
കുറഞ്ഞ തുക അധികം നല്‍കിയാല്‍ വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ കുറഞ്ഞ നിരക്കില്‍ നല്‍കുന്ന എക്സ്പ്ളോര്‍ ഇന്ത്യ പാസ്, സിംഗപ്പൂര്‍, കൊളംബോ, ബാങ്കോക് എന്നിവിടങ്ങളിലേക്കുള്ള യാത്രയില്‍ ഇന്ത്യയില്‍ സ്റ്റോപ് ഓവര്‍, കൂടുതല്‍ യാത്ര ചെയ്യുന്നവര്‍ക്കായി മള്‍ട്ടിഫ്ളയര്‍ ഓഫര്‍ തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാണെന്ന് ജനറല്‍ മാനേജര്‍ പറഞ്ഞു.