ഒരുമിച്ചുള്ള സീറ്റുകള്‍ ലഭിക്കാന്‍ ജെറ്റ് എയര്‍വേസിലും ഇനി പണം മുടക്കണം
text_fieldsമസ്കത്ത്: കുടുംബവുമായി യാത്ര പോകുന്നവര്‍ക്ക് ഒരുമിച്ചുള്ള സീറ്റുകള്‍ ഉറപ്പാക്കണമെങ്കില്‍ ഇനി ജെറ്റ് എയര്‍വേസിലും അധിക തുക മുടക്കണം. എയര്‍ഇന്ത്യ എക്സ്പ്രസിന് പിന്നാലെയാണ് ജെറ്റും ‘സീറ്റ് സെലക്ഷന്‍ ഫീസ്’ എന്നും ‘ഫാമിലി ഫീസ്’ എന്നും അറിയപ്പെടുന്ന അധിക തുക ഈടാക്കാന്‍ ആരംഭിച്ചത്. ഇക്കോണമി ക്ളാസിലെ ആദ്യ നിര സീറ്റുകള്‍ക്ക് ഒന്നിന് 5.700 റിയാല്‍ വീതമാണ് സീറ്റ് സെലക്ഷന്‍ ഫീസായി നല്‍കേണ്ടത്. പിന്നിലേക്കുള്ള സീറ്റുകള്‍ക്ക് 2.900 റിയാല്‍ വീതവും നല്‍കണം. പിന്നിലേക്ക് പോകുംതോറും നിരക്കുകളില്‍ ചെറിയ വ്യത്യാസമുണ്ട്. വിന്‍ഡോസീറ്റ് വേണമെന്നുള്ളവര്‍ക്കും അധിക തുക നല്‍കണം. റൂട്ടിന് അനുസരിച്ചും യാത്ര ചെയ്യുന്ന മാസവും തീയതിയുമനുസരിച്ച് വ്യത്യാസപ്പെടുന്ന നിരക്കാണ് ജെറ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിമാനത്തില്‍ പലയിടത്തായി ഇരിക്കേണ്ട സാഹചര്യം കണക്കിലെടുത്ത് കുടുംബമായി യാത്ര ചെയ്യുന്നവര്‍ അധിക തുക മുടക്കി സീറ്റ് ഉറപ്പിക്കുന്നുണ്ടെന്ന് ട്രാവലിങ് ഏജന്‍സി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. അല്ലാത്തപക്ഷം വിമാന ജീവനക്കാരുടെ തീരുമാനത്തിന് അനുസരിച്ച് മാത്രമേ സീറ്റ് ലഭിക്കുകയുള്ളൂ. തിരക്കുള്ള സമയങ്ങളില്‍ ഇതിനുള്ള സാധ്യത ഏറെ ചുരുങ്ങുകയും ചെയ്യുന്നു. എയര്‍ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ മേയ് മുതല്‍ ഈ നിരക്ക് ഈടാക്കുന്നുണ്ട്. സീറ്റ് ഒന്നിന് രണ്ടു റിയാല്‍ മുതലാണ് എക്സ്പ്രസ് ഈടാക്കുന്നത്. മൂന്നും നാലും അംഗങ്ങളുള്ള കുടുംബവുമായി പോകുന്നവര്‍ക്ക് വലിയ ബാധ്യതയാണ് ഇതുവഴി ഉണ്ടാകുന്നത്. അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ ഇത്തരം നിരക്കുകള്‍ ഈടാക്കിവരുന്നുണ്ട്. എന്നാല്‍ ബാഗേജ്, കാന്‍സലേഷന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഈടാക്കാവുന്ന നിരക്കുകള്‍ക്ക് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് അധിക വിഭവസമാഹരണത്തിന് പുതിയ വഴികളിലേക്ക് വിമാന കമ്പനികള്‍ തിരിഞ്ഞത്. നിലവില്‍ അന്താരാഷ്ട്ര സര്‍വിസുകള്‍ക്ക് മാത്രം ഏര്‍പ്പെടുത്തിയിരുന്ന ഈ നിരക്ക് അധികം വൈകാതെ പ്രാദേശിക മേഖലയിലും ഏര്‍പ്പെടുത്താനിടയുണ്ട്. എയര്‍ഇന്ത്യയുടെയും ജെറ്റ് എയര്‍വേസിന്‍െറയും വഴി മറ്റു വിമാന കമ്പനികളും പിന്തുടരാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.