സഞ്ചാരികൾ പറയുന്നു, ജബൽ അഖ്ദർ പൊളിയാണ്!
text_fieldsജബൽ അഖ്ദറിൽനിന്നുള്ള കാഴ്ച
മസ്കത്ത്: ഒമാനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ദാഖിലിയ ഗവർണറേറ്റിലെ ജബൽ അഖ്ദറിൽ കഴിഞ്ഞ വർഷമെത്തിയത് 2,03,629 സന്ദർശകർ.
ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്.ഈ വശ്യമനോഹര പ്രദേശത്തിന്റെ സൗന്ദര്യം തെടിയെത്തിയവരിൽ മുന്നിലുള്ളത് സ്വദേശി പൗരൻമാരാണ്.
96,856 ഒമാനികളാണ് ഇവിടെ എത്തിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 83,509 പേരും ഈ പ്രദേശം സന്ദർശിച്ചു. ഇത് അന്താരാഷ്ട്ര സഞ്ചാരികൾക്കിടയിൽ ഈ സ്ഥലത്തിന്റെ വർധിച്ചുവരുന്ന ആകർഷണത എടുത്തു കാണിക്കുന്നതാണ്. ജി.സി.സി രാജ്യങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ ആളുകൾ എത്തിയത് സൗദിയിൽ നിന്നാണ്.
12,007 ആളുകളാണ് സൗദി പൗരൻമാരാണ് കഴിഞ്ഞ വർഷം ഈ പച്ച മലയുടെ സൗന്ദര്യം നുകർന്നത്. യു.എ.ഇ 1,175, ബഹ്റൈൻ 612, കുവൈത്ത് 1,083, ഖത്തർ 653 വിനോദസഞ്ചാരികളെയും സംഭാവന ചെയ്തു.
അൽ ഹജർ പർവതനിരയുടെ ഭാഗമായ ജബൽ അഖ്ദറിൽ വേനൽകാലത്ത് പോലും 20-30 നും ഇടയിലായിരിക്കും താപനില. ആപ്രിക്കോട്ട്, പ്ലംസ്, അത്തിപ്പഴം, മുന്തിരി, ആപ്പിൾ, പേര, ബദാം, വാൽനട്ട്, കുങ്കുമം, റോസാപ്പൂവ് തുടങ്ങി നിരവധി കാർഷിക വിളകൾ ജബൽ അഖ്ദർ വിലായത്തിന്റെ വിവിധ ഇടങ്ങളിലായി കൃഷി ചെയ്യുന്നുണ്ട്.
വിവിധ അറബ്, ഏഷ്യ, യൂറോപ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി പുരാതന ആരാധനാലയങ്ങളും വിലായത്തിലെ ഗ്രാമങ്ങളെ വ്യത്യസ്തമാക്കുന്നു.ഇവിടെ വളരുന്ന മാതളനാരങ്ങകൾ ലോകത്തിലെ ഏറ്റവും മികച്ചതായാണ് കണക്കാക്കപ്പെടുന്നത്.
ഇവിടുത്തെ പച്ചപ്പും സവിശേഷമായ കാലവസ്ഥയും സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. വേനൽക്കാലത്തെ കുറഞ്ഞവെയിലും ശൈത്യകാലത്ത് നല്ല തണുപ്പും പ്രദേശത്തെ കാലാവസ്ഥയുടെ സവിശേക്ഷതകളാണ്.
ജബൽ അഖ്ദറിലേക്കുള്ള ചുരം കയറിയുള്ള യാത്രയും വിനോദ സഞ്ചാരികൾ ഏറെ ഹരം പകരുന്നതാണ്.ചുരം കയറുന്നതിനിടെ താഴ്ഭാഗ കാഴ്ചകൾ മനോഹരമാണ്. ഈ യാത്ര ഏറെ അപകടം നിറഞ്ഞതിനാൽ ഇതിന് നിരവധി നിയന്ത്രണങ്ങളുമുണ്ട്. യാത്രക്കാർക്ക് വിശ്രമിക്കാനും മറ്റ് സൗകര്യങ്ങൾക്കുമായി ജബൽ അഖ്ദറിലെ ചുരം ആരംഭിക്കുന്ന മേഖലയിൽ ചെക് പോയിന്റ് ഒരുക്കിയിട്ടുണ്ട്.
ഇവിടെനിന്ന് മേൽപോട്ട് ഫോർ വീലർ വാഹനങ്ങൾ മാത്രമേ കടത്തിവിടുകയുള്ളൂ. വാഹനങ്ങളുടെ മുൽക്കിയയും ഡ്രൈവറുടെ ലൈസൻസും പരിശോധനക്ക് വിധേയമാക്കും. വാഹനത്തിൽ യാത്ര ചെയ്യാൻ അനുവാദമുള്ള അത്രയും പേരെ മാത്രമായിരിക്കും മുകളിലേക്ക് വിടുക.
കൂടുതൽ യാത്രക്കാരുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അധികൃതർ പരിശോധിക്കും. പർവതത്തിലേക്ക് കയറുന്ന വാഹനങ്ങളുടെ നമ്പറുകൾ രേഖപ്പെടുത്തി വെക്കുകയും വാഹനമോടിക്കുന്നവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.
വാഹനം ചുരം കയറുമ്പോയും ഇറങ്ങുമ്പോഴും ഡ്രൈവർമാർ നടത്തേണ്ട മുൻ കരുതലുകളും ചെക്പോസ്റ്റിൽ ഇരിക്കുന്നവർ വിശദീകരിക്കുന്നുണ്ട്.
നിയന്ത്രണങ്ങൾ കടുത്തതോടെ ജബൽ അഖ്ദർ ചുരത്തിൽ അപകടങ്ങളും കുറഞ്ഞിട്ടുണ്ട്. മുൻ കാലങ്ങൾ നിരവധി അപകടങ്ങളാണ് ജബൽ അഖ്ദറിൽ റിപ്പോർട്ട് ചെയ്തിരുന്നത്. ഇവയിൽ അധികവും അവധിക്കാലത്താണ്. ചുരം ഇറങ്ങുമ്പോഴാണ് കൂടുതൽ ജാഗ്രത പാലിക്കേണ്ടത്.
ചുരം ഇറങ്ങുമ്പോഴുണ്ടാവുന്ന ചെറിയ അശ്രദ്ധ വൻ അപകടത്തിലേക്ക് നയിക്കും. ചുരങ്ങളിലും മറ്റും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയാണെങ്കിൽ വൻ കൊക്കയിലേക്കാണ് വാഹനം മറിയുക. അതിനാൽ ഏറെ ജാഗ്രതയോടെയാണ് ചുരം കയറുമ്പോഴൂം ഇറങ്ങുമ്പോഴും വാഹനം ഓടിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

