ജപ്പാൻ എക്സ്പോ; ഒമാൻ പവിലിയൻ സന്ദർശകരെ ആകർഷിക്കുന്നു
text_fieldsഒസാക്കയിലെ ഒമാൻ പവിലിയനിൽ സയ്യിദ് ബിൽ അറബ് ബിൻ ഹൈതം അൽ സഈദ്
മസ്കത്ത്: ജപ്പാനിലെ കൻസായിയിലുള്ള എക്സ്പോ 2025 ഒസാക്കയിലെ ഒമാൻ പവിലിയൻ സന്ദർശരെ ആകർഷിക്കുന്നു. ഒമാന്റെ ദേശീയ ദിനാഘോഷം നടന്ന ശനിയാഴ്ച ആയിരക്കണക്കിനാളുകളാണ് പവിലിയനിൽ എത്തിയത്. സുൽത്താനേറ്റിന്റെ കലാപരമായ പൈതൃകത്തിന്റെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന ഒമാനി ബാൻഡുകളും നാടോടി കലാകാരന്മാരും തത്സമയ സംഗീത പ്രകടനങ്ങളും ചടങ്ങിന് മാറ്റൂകൂട്ടി.സയ്യിദ് ബിൽ അറബ് ബിൻ ഹൈതം അൽ സഈദിന്റെ രക്ഷാകർതൃത്വത്തിലായിരുന്നു ചടങ്ങ്. എക്സ്പോയിൽ ഒമാന്റെ പങ്കാളിത്തത്തെ സ്മരിക്കുന്ന തപാൽ സ്റ്റാമ്പും പുറത്തിറക്കി.
എക്സ്പോയിലെ ഒമാന്റെ ആഘോഷം ലോകജനതയെ സുൽത്താനേറ്റിന്റെ സംസ്കാരത്തിലേക്കും സഹിഷ്ണുതയുടെയും സാംസ്കാരിക ഇടപെടലിന്റെയും സമ്പന്നമായ ചരിത്രത്തിലേക്ക് കൊണ്ടുപോകുന്നതാണെന്ന് സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിലെ സാംസ്കാരിക അണ്ടർ സെക്രട്ടറിയും ഒമാൻ പവിലിയൻ കമീഷണർ ജനറലുമായ സയ്യിദ് സഈദ് ബിൻ സുൽത്താൻ അൽ ബുസൈദി പറഞ്ഞു.
ഒമാൻ പവിലിയൻ വിവരങ്ങളും അനുഭവങ്ങളും കൊണ്ട് സമ്പന്നമായ ഒരു സംവേദനാത്മക ഇടം വാഗ്ദാനം ചെയ്യുന്നു. ഇത് സന്ദർശകർക്ക് പര്യവേക്ഷണം ചെയ്യാനും സംവദിക്കാനും ആസ്വദിക്കാനും സാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.‘ജനങ്ങൾ, ഭൂമി, ജലം’എന്ന തലക്കെട്ടിലുള്ള ഒമാന്റെ പവിലിയന്റെ പ്രദർശനങ്ങൾ ശക്തമായ ഒരു സമൂഹത്തെ എടുത്തുകാണിക്കുന്നുണ്ടെന്ന് എക്സ്പോ 2025 ന്റെ സഹമന്ത്രി യോഷിതക ഇറ്റോ തന്റെ പ്രസംഗത്തിൽ പറഞ്ഞു. രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള പങ്കിട്ട ചരിത്രവും ഉഭയകക്ഷി സഹകരണത്തിന്റെ മേഖലകളും അവലോകനം ചെയ്തു.വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഈസ് ബിൻ മുഹമ്മദ് അൽ യൂസഫ്, വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ഷെയ്ഖ് ഖലീഫ അലി അൽ ഹാർത്തി എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സയ്യിദ് ബിൽ അറബിനൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

