ജമാൽ ഇടക്കുന്നം: വിടപറഞ്ഞത് പൊതുസമ്മതനായ പ്രവാസി
text_fieldsമസ്കത്ത്/കോട്ടയം: നാട്ടിൽ നിര്യാതനായ പൗരപ്രമുഖൻ കോട്ടയം കാഞ്ഞിരപ്പള്ളി ഇടക്കുന്നം വലിയവീട്ടിൽ കെ.പി. ജമാലുദ്ദീൻ എന്ന ജമാൽ ഇടക്കുന്നം (82) ഒമാനിലെ മുസന്നയിൽ ദീർഘകാലം പ്രവാസിയായിരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളി പറത്തോട് ഹൈറേഞ്ച് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടറാണ്. അമ്പതു വർഷത്തോളം ഒമാനിൽ പ്രവാസിയായിരുന്ന ജമാൽ ഇടക്കുന്നം, മുലദ്ദയിൽ ഇന്ത്യൻ സ്കൂൾ സ്ഥാപിക്കുന്നതിനായി പ്രയത്നിച്ചവരിൽ പ്രധാനിയാണ്.
ഐ.എസ്.എം.എൽ സ്ഥാപക പ്രസിഡന്റായിരുന്നു. പ്രവാസികൾക്കിടയിലും സ്വദേശികൾക്കിടയിലും പൊതുസമ്മതനായ അദ്ദേഹം, പലവിധ ബിസിനസ് പ്രവർത്തനങ്ങൾക്കിടയിലും സാമൂഹിക -പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്നു. മാസങ്ങൾക്കു മുമ്പാണ് അദ്ദേഹം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.
അഞ്ചു പതിറ്റാണ്ട് കാലം ഒമാനിൽ പ്രവാസിയായിരുന്ന ജമാൽ ഇടക്കുന്നം ഒമാൻ മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസിനോടുള്ള ബഹുമാനാർഥം തന്റെ ഉടമസ്ഥതയിലുള്ള ഹൈറേഞ്ച് ഹോസ്പിറ്റലിലെ ഒരു വാർഡിന് സുൽത്താൻ ഖാബൂസിന്റ പേരാണ് നൽകിയത്. ഭാര്യ: സൈനബ ജമാൽ. മക്കൾ: ജലീൽ ജമാൽ, റസൽ ജമാൽ, ഫൈസൽ ജമാൽ. മരുമക്കൾ: ബിജി ജലീൽ, ഷമ റഷീദ്, ഡോ. പർവീൺ റസൽ

