ജബൽ സംഹാൻ; സഞ്ചാരികൾ ജാഗ്രത പാലിക്കണം
text_fieldsജബൽ സംഹാനിൽനിന്നുള്ള കാഴ്ച
സലാല: ജബൽ സംഹാൻ പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെ സന്ദർശകർക്ക് മുന്നറിയിപ്പുമായി ദോഫാർ ഗവർണറേറ്റിലെ പരിസ്ഥിതി അതോറിറ്റി. മിനറൽ കോമ്പസ് എന്നറിയപ്പെടുന്ന പർവത പാതയിലൂടെ സഞ്ചരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ് അറിയിച്ചത്.
ഓഫ് സീസണിൽ വർധിച്ചുവരുന്ന താപനിലയും പാതകൾ കൃത്യമായി അടയാളപ്പെടുത്തലുകളും പൂർത്തിയാക്കാത്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഖരീഫ് സീസണിന് പുറത്തുള്ള പ്രദേശമായതിനാൽ വളരെ ഉയർന്ന താപനിലയാണ് കാണിക്കുന്നത്. കൂടാതെ, റൂട്ടിലെ പാതയോര സൂചന ബോർഡുകൾ ഇപ്പോഴും സ്ഥാപിക്കുന്നത് പൂർണമായിട്ടില്ല. ഇത് പാതകൾ നാവിഗേറ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. ഭൂപ്രകൃതി പരിചയമില്ലാത്ത പർവതാരോഹകർക്ക് ഇത് അപകടസാധ്യത കൂട്ടും.
റിസർവിലെ ഏതെങ്കിലും പർവതാരോഹണത്തിന് മുമ്പ് മതിയായ തയാറെടുപ്പും സുരക്ഷ മാർഗനിർദേശങ്ങളും പാലിക്കേണ്ടതാണെന്ന് പരിസ്ഥിതി അതോറിറ്റി പറഞ്ഞു. ദോഫാറിലെ പരിസ്ഥിതി ഡയറക്ടറേറ്റ് ജനറലിൽ നിന്ന് ഔദ്യോഗിക പ്രവേശന അനുമതി നേടുക, പ്രഫഷനലും അറിവുള്ളതുമായ ഗൈഡിനെ അനുഗമിക്കുക, വെല്ലുവിളി നിറഞ്ഞ പർവതാരോഹണത്തിന് ഒരാളുടെ ശാരീരികക്ഷമത പര്യാപ്തമാണെന്ന് ഉറപ്പാക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.
പ്രദേശത്തെ പ്രകൃതിദത്ത സ്രോതസ്സുകളുടെ ദൗർലഭ്യം കാരണം സന്ദർശകർ ആവശ്യത്തിന് വെള്ളം കൊണ്ടുപോകുന്നത് നല്ലതായിരിക്കും.
ജി.പി.എസ് ഉപകരണങ്ങൾ അല്ലെങ്കിൽ മാപ്പുകൾ പോലുള്ള വിശ്വസനീയ നാവിഗേഷൻ ഉപകരണങ്ങളും കരുതുന്നത് നല്ലതാണ്. റൂട്ട് മുൻകൂട്ടി ആസൂത്രണം ചെയ്യുകയും പ്രതീക്ഷിക്കുന്ന മടക്കസമയം മറ്റൊരാളെ അറിയിക്കുന്നതും നിർണായക സുരക്ഷ നടപടികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

