ജബൽ അഖ്ദർ ജലവിതരണ പദ്ധതി നാടിന് സമർപ്പിച്ചു
text_fieldsകഴിഞ്ഞ ദിവസം നാടിന് സമർപ്പിച്ച ജബൽ അഖ്ദറിലെ
ജലവിതരണ പദ്ധതി
മസ്കത്ത്: ഒമാൻ വാട്ടർ ആൻഡ് വേസ്റ്റ് വാട്ടർ സർവിസസ് കമ്പനി (ഒ.ഡബ്ല്യു.ഡബ്ല്യു.എസ്.സി) ജബൽ അഖ്ദർ വിലായത്തിൽ പൂർത്തിയാക്കിയ ജലവിതരണ പദ്ധതി നാടിന് സമർപ്പിച്ചു. ഭവന, നഗരാസൂത്രണ മന്ത്രി ഖൽഫാൻ ബിൻ സഈദ് അൽ ഷൂഐലി അധ്യക്ഷത വഹിച്ചു.
41 ദശലക്ഷം റിയാൽ ചെലവിലാണ് പദ്ധതി പൂർത്തീകരിച്ചതെന്ന് ഒ.ഡബ്ല്യു.ഡബ്ല്യു.എസ്.സി പ്ലാന്റ്സ് ആൻഡ് ട്രാൻസ്മിഷൻ പ്രോജക്ടിന്റെ ആക്ടിങ് ജനറൽ മാനേജർ അഹ്മദ് ബിൻ നാസർ അൽ അബ്രി പറഞ്ഞു.
ഉയർന്ന പർവതങ്ങളും ചെങ്കുത്തായ ചരിവുകളുംപോലുള്ള പരുക്കൻ ഭൂപ്രദേശങ്ങൾ ഉൾപ്പെട്ടിരുന്നതിനാൽ കമ്പനി നടപ്പാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നായിരുന്നു ഇതെന്ന് അധികൃതർ പറഞ്ഞു. ജലവിതരണം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ആറു പമ്പിങ് സ്റ്റേഷനുകളാണ് പദ്ധതിയിലുള്ളത്. നാലു പ്രധാന ജലസംഭരണികളുമുണ്ട്. അവയുടെ ശേഷി 1800 ക്യുബിക് മീറ്റർ മുതൽ 5000 ക്യുബിക് മീറ്റർ വരെയാണ്.
എല്ലാ ഗ്രാമങ്ങൾക്കും സമൂഹങ്ങൾക്കും സേവനം നൽകുന്നതിന് 248 കിലോമീറ്റർ നീളമുള്ള ജലവിതരണ ശൃംഖലകളും ഇതിൽ ഉൾപ്പെടും. സംയോജിത ഭരണനിർവഹണ കെട്ടിടവും വെള്ളം അണുമുക്തമാക്കുന്നതിനും ഗുണനിലവാര നിയന്ത്രണത്തിനുമുള്ള വിപുലമായ സംവിധാനങ്ങളും പദ്ധതിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

