ജബൽ അഖ്ദർ ഫെസ്റ്റിവൽ നാളെ മുതൽ
text_fieldsജബൽ അഖ്ദർ ഫെസ്റ്റിവലിൽനിന്നുള്ള കാഴ്ച (ഫയൽ)
മസ്കത്ത്: ജബൽ അഖ്ദർ ഫെസ്റ്റിവലിന്റെ അവസാനവട്ട ഒരുക്കത്തിലേക്ക് ദാഖിലിയ ഗവർണറേറ്റ്. ജൂലൈ 15 മുതൽ ആഗസ്റ്റ് 30 വരെയുള്ള ഫെസ്റ്റിവലിന്റെ മുന്നൊരുക്കം ദിവസങ്ങൾക്ക് മുമ്പ് നടന്നിരുന്നു. ഒമാനിനകത്തും പുറത്തുനിന്നുമുള്ള സന്ദർശകർക്ക് ഒരു പ്രധാന വേനൽക്കാല ലക്ഷ്യസ്ഥാനമാക്കി ജബൽ അഖ്ദറിനെ മാറ്റുകയാണ് ലക്ഷ്യം. ജബൽ അഖ്ദറിന്റെ സവിശേഷമായ പ്രകൃതിദത്തവും കാലാവസ്ഥസവിശേഷതകളും പ്രകടമാക്കുന്ന നിരവധി ടൂറിസം, വിനോദം, സാംസ്കാരിക പ്രവർത്തനങ്ങൾ ഫെസ്റ്റിവലിലുണ്ടാകും. സന്ദർശകരുടെ പ്രതീക്ഷകൾ നിറവേറ്റുന്ന ഒരു സുസംഘടിത ഉത്സവം ഉറപ്പാക്കുന്നതിനും പങ്കാളികൾക്കിടയിൽ സ്ഥാപനപരമായ ഏകോപനവർധനക്കും ഊന്നൽ നൽകിയിട്ടുണ്ട്.
മൊത്തത്തിലുള്ള ടൂറിസ്റ്റ് അനുഭവം മെച്ചപ്പെടുത്തൽ, പരിപാടിയുടെ സ്ഥലത്തിന്റെ തയാറെടുപ്പ്, അടിസ്ഥാനസൗകര്യ പദ്ധതികൾ, ആരോഗ്യനിരീക്ഷണം, സന്ദർശക ഒഴുക്ക് കൈകാര്യംചെയ്യൽ എന്നിവയും ചർച്ചകളിൽ ഉൾപ്പെടുത്തിയിരുന്നു.
നാടകങ്ങൾ, വിനോദപരിപാടികൾ, കായികപരിപാടികൾ, സാംസ്കാരികപ്രദർശനങ്ങൾ എന്നിവയുൾപ്പെടെ ഉണ്ടാകും. ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള കുതിരസവാരി പ്രേമികളെ ലക്ഷ്യമിട്ട് ഈവർഷത്തെ മേളയിലെ പുതിയൊരു കൂട്ടിച്ചേർക്കലാണ് ‘ഗൾഫ് നൈറ്റ്സ് ഫോറം’.
ഉത്സവത്തിന്റെ പ്രാദേശിക ആകർഷണം സമ്പന്നമാക്കുകയും സാംസ്കാരികവിനിമയം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പൈതൃക, മത്സരപരിപാടികളും ഉണ്ടാകും. ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തികപ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുന്നതിനും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും (എസ്.എം.ഇ) പ്രാദേശിക ഉൽപാദകരെയും പിന്തുണച്ച് താൽക്കാലിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ദാഖിലയ ഗവർണറേറ്റിന്റെ ശ്രമങ്ങളുമായാണ് ജബൽ അഖ്ദർ ഫെസ്റ്റിവൽ വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

