ജബൽ അഖ്ദർ ഫെസ്റ്റിവൽ സന്ദർശകർ 10,000 കടന്നു
text_fieldsജബൽ അഖ്ദർ ഫെസ്റ്റിവലിലെ കാഴ്ചകൾ
മസ്കത്ത്: ഖരീഫ് സീസണിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ജബൽ അഖ്ദർ ഫെസ്റ്റിവലിന് ആദ്യ ആഴ്ചയിൽ മികച്ച പ്രതികരണം. കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച ഫെസ്റ്റിവലിൽ ആറു ദിവസത്തിനിടെ പതിനായിരത്തിലേറെ പേർ എത്തിയതായി അധികൃതർ അറിയിച്ചു. ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പായ ഇത്തവണത്തെ എല്ലാ വിനോദ, സാമൂഹിക, കായിക, വിപണന സംരംഭങ്ങൾക്കും മികച്ച പ്രതികരണമാണെന്ന് അഡ്മിനിസ്ട്രേറ്റിവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് ഡയറക്ടർ ജനറൽ അഹമ്മദ് ബിൻ സാലിം അൽ ത്വാബി പറഞ്ഞു. ഒമാൻ സുൽത്താനേറ്റിന് അകത്തും പുറത്തും നിന്നുള്ള സന്ദർശകർ ആദ്യ ആഴ്ചയിൽ എത്തിയവരിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഹെയ്ൽ യമൻ പാർക്കിന് സമീപത്തും സെയ്ഹ് ഖത്താനയിലുമാണ് ഫെസ്റ്റിവലിന്റെ പ്രധാന ചടങ്ങുകൾ അരങ്ങേറുന്നത്. വിവിധ കാർഷിക ഉൽപന്നങ്ങളുടെയും കരകൗശല ഒമാനി വസ്തുക്കളുടെയും പ്രദർശനവും വിപണനവും നടക്കുന്നുണ്ട്. അൽ ദാഖിലിയ ഗവർണറുടെ ഓഫിസും ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയവും സഹകരിച്ചാണ് ഫെസ്റ്റിവൽ ഒരുക്കുന്നത്. പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന മേള, ജബൽ അൽ അഖ്ദറിന്റെയും ഒമാന്റെയും സാംസ്കാരിക പൈതൃകത്തെയും പ്രകൃതിഭംഗിയെയും ആഘോഷിക്കുന്നതാണ്.
വ്യത്യസ്തമായ നിരവധി പരിപാടികൾ, വിനോദ പ്രവർത്തനങ്ങൾ എന്നിവ ഫെസ്റ്റിവലിനോടനുബന്ധിച്ച് രൂപപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്കും യുവാക്കൾക്കും കുടുംബങ്ങൾക്കും വ്യത്യസ്ത കോർണറുകളിൽ പ്രത്യേക പരിപാടികളുണ്ട്. ഒമാനി പരമ്പരാഗത ഭക്ഷ്യവിഭവങ്ങളുടെ കോർണറും ജബൽ അൽ അഖ്ദറിലെ ഉൽപന്നങ്ങളുടെ പ്രത്യേക വിൽപനയും സന്ദർശകരെ ആകർഷിക്കുന്ന ഘടകങ്ങളാണ്.
രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏറെ പ്രസിദ്ധമായ ജബൽ അൽ അഖ്ദർ സന്ദർശിക്കാനെത്തുന്നവരിൽ വിദേശികളുടെ എണ്ണം വർധിച്ചതായി ദിവസങ്ങൾക്കു മുമ്പ് അധികൃതർ വെളിപ്പെടുത്തിയിരുന്നു. ജനുവരി മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ആകെ 79,038 പേർ പ്രദേശത്ത് വിനോദസഞ്ചാരത്തിനായി എത്തിയിട്ടുണ്ടെന്ന് ദേശീയ സ്ഥിതിവിവര കണക്ക് കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ആദ്യ ആറുമാസത്തിൽ മാത്രം 42,275 പേർ അറബ് ലോകത്തിന് പുറത്തുനിന്ന് ഇവിടെയെത്തിയതായി അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്. ഫെസ്റ്റിവൽ പൂർത്തിയാകുന്നതോടെ ഈ വർഷത്തെ സന്ദർശകരുടെ എണ്ണം ലക്ഷം പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

