ജബൽ അഖ്ദർ ഫെസ്റ്റിവൽ മൂന്നു മുതൽ
text_fieldsമസ്കത്ത്: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജബൽ അഖ്ദർ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് ആഗസ്റ്റ് മൂന്നു മുതൽ 19 വരെ നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഹൈൽ അൽ യമാൻ പാർക്ക്, സെയ്ഹ് ഖത്ന പാർക്ക് എന്നിവയോടു ചേർന്നുള്ള പ്രധാന വേദിയിലാണ് ഫെസ്റ്റിവലിന്റെ പരിപാടികൾ പ്രധാനമായും അരങ്ങേറുക.
ദാഖിലിയ ഗവർണറുടെ ഓഫിസും ജബൽ അഖ്ദറിലെ വാലി ഓഫിസും ചേർന്നാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ജബൽ അഖ്ദറിന്റെ സവിശേഷമായ വിനോദസഞ്ചാരസാധ്യതകളിൽ ശ്രദ്ധകേന്ദ്രീകരിക്കാനും ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. മാതളനാരങ്ങ സീസണിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളും പരിപാടികളും ഫെസ്റ്റിവലിൽ ഉണ്ടാകുമെന്ന് ഗവർണറുടെ ഓഫിസിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. സാംസ്കാരിക, പൈതൃക, വിനോദ, സാഹസിക പ്രവർത്തനങ്ങളും പരിപാടികളും ഇതോടൊപ്പം അവതരിപ്പിക്കും.
സർക്കാർ, സ്വകാര്യ, സിവിൽ മേഖലകളിലുടനീളമുള്ള നിരവധി സ്ഥാപനങ്ങൾ ഫെസ്റ്റിവലിൽ പങ്കെടുക്കും. സംരംഭകർക്കും ചെറുകിട-ഇടത്തരം സംരംഭക ഉടമകൾക്കും പങ്കെടുക്കാനുള്ള വേദിയും ഒരുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ദേശീയ വരുമാനവും ഹോട്ടൽ താമസവും വർധിപ്പിക്കാനും ജബൽ അഖ്ദറിലെ ഉൽപാദനക്ഷമതയുള്ള കുടുംബങ്ങളെ പിന്തുണക്കാനും പരിപാടിയിലൂടെ ഉദ്ദേശിക്കുന്നുണ്ട്.
പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ ജബൽ അഖ്ദർ വേനൽക്കാലത്ത് കുറഞ്ഞ ചൂടും തണുപ്പും ഉള്ളതിനാൽ ഇക്കോടൂറിസത്തിനും സാഹസികത ഇഷ്ടപ്പെടുന്നവർക്കും അനുയോജ്യമായ കേന്ദ്രമാണ്. സന്ദർശകർക്ക് വാദികളിലെ പ്രകൃതിയോടു ചേർന്നുള്ള നടത്തം, പർവതാരോഹണം, ഗുഹ പര്യവേക്ഷണം എന്നിവ ആസ്വദിക്കാൻ കഴിയും. പ്രാദേശിക സംസ്കാരവുമായി ഇടപഴകാനുള്ള സവിശേഷമായ അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ജബൽ അഖ്ദർ അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നിരവധി ചരിത്രസ്ഥലങ്ങളുള്ള ഇടമാണെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

