ചൂടാണ്, പഴയ ടയർ വീണ്ടും ഉപയോഗിക്കേണ്ട, പണിയാണ്...
text_fieldsമസ്കത്ത്: ഉപയോഗിച്ചതും കാലാവധി കഴിഞ്ഞതുമായ ടയറുകൾ വാഹനത്തിൽ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി . ഒമാനിലുടനീളം താപനില വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
ദീർഘദൂര റൂട്ടുകളിലും അതിവേഗ റോഡുകളിലും ഗുരുതരമായ ഗതാഗത അപകടങ്ങളിൽ ഉപയോഗിച്ചതും കാലാവധി കഴിഞ്ഞതുമായ ടയറുകളുടെ പങ്ക് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. 53 ടയർ ഔട്ട്ലെറ്റുകളിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപി.എ) നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു, 1,000-ത്തിലധികം ടയറുകൾ കണ്ടുകെട്ടി. അവയിൽ പലതും ഉപയോഗിച്ചതോ കാലാവധി കഴിഞ്ഞതോ ആണെന്ന് അധികൃതർ കണ്ടെത്തി. ഈ വർഷം രാജ്യത്ത് 1,756 പരിശോധനകൾ നടത്തി.
ഉപയോഗിച്ച ടയറുകൾ വാങ്ങരുതെന്ന് ഉപഭോക്താക്കളോട് ആവശ്യപ്പെട്ട സി.പി.എ നിയന്ത്രണങ്ങൾ ലംഘിക്കുന്ന കടകൾ റിപ്പോർട്ട് ചെയ്യാനും പറഞ്ഞു.
ഒമാനിലെ ചില പ്രദേശങ്ങളിൽ, വേനൽക്കാല താപനില 45 ഡിഗ്രസെൽഷ്യസ് കവിയുകയാണ്. ഇത് ടയറുകളുടെ ശേഷണത്തിന് ഇടയാക്കുന്നു. പ്രത്യേകിച്ച് റീട്രെഡ് ചെയ്തതോ സെക്കൻഡ് ഹാൻഡോ ആണെങ്കിൽ. കേടായ ടയറുകൾ അപകടങ്ങളിൽ നിത്യേന ഒരു ഘടകമാണെന്ന് റോയൽ ഒമാൻ പൊലീസിലെ ട്രാഫിക് ഡയറക്ടറേറ്റ് ജനറൽ വ്യക്തമാക്കി. ടയറിന്റെ അവസ്ഥ, നിർമാണ തീയതി, ട്രെഡ് ഡെപ്ത്, തേയ്മാനം എന്നിവ പതിവായി പരിശോധിക്കാനും അംഗീകൃത സർവിസ് സെന്ററുകളിൽ പരിശോധനകൾ നടത്താനും വാഹനമോടിക്കുന്നവരെ ഉപദേശിക്കുകയും ചെയ്തു. ചൂടും ഈർപ്പവും മൂലം ക്രമാനുഗതമായ തേയ്മാനമുണ്ടാകുന്നതിനാൽ, ഓരോ മൂന്ന് മുതൽ നാലുവർഷം കൂടുമ്പോൾ ടയറുകൾ മാറ്റണമെന്നും ഉദ്യോഗസ്ഥർ ശിപാർശ ചെയ്യുന്നു. കാഴ്ചയിലുള്ള മെച്ചം പരിഗണിക്കരുതെന്നും ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

