ഒമാനെ സഹായിക്കാൻ തയാറാണെന്ന് ഐ.എസ്.ആർ.ഒ
text_fieldsബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനം അറബ് മാധ്യമപ്രവർത്തകർ സന്ദർശിച്ചപ്പോൾ
മസ്കത്ത്: ബഹിരാകാശ ഗവേഷണ പരിപാടിയിൽ ഒമാനെ സഹായിക്കാൻ തയാറാണെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ. ഒ). ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് അറബ് മാധ്യമപ്രവർത്തകർ നടത്തിയ സന്ദർശനത്തിനിടെയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
ബഹിരാകാശ സഹകരണവുമായി ബന്ധപ്പെട്ട് 2018ൽ ഒമാനും ഇന്ത്യയും തമ്മിൽ ധാരണയിൽ എത്തിയിരുന്നു. പിന്നീട് ഇന്ത്യൻ കാബിനറ്റ് അംഗീകരിച്ചതോടെ, ഐ.എസ്.ആർ.ഒയുടെ സഹായം തേടാനുള്ള വാതിലുകൾ ഒമാന് തുറന്നുകൊടുക്കുകയായിരുന്നു. ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ, ഭൂമിയുടെ വിദൂര സംവേദനം, ഉപഗ്രഹ അധിഷ്ഠിത നാവിഗേഷൻ, ഗ്രഹ പര്യവേക്ഷണം, ബഹിരാകാശ പേടകങ്ങളുടെ ഉപയോഗം, ബഹിരാകാശ-ഭൗമ സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിലെ സഹകരണത്തിനാണ് ധാരണയെന്ന് ഐ.എസ്.ആർ.ഒയുടെ ഇന്റർനാഷനൽ ആൻഡ് ഇന്ററാജൻസി കോഓപറേഷൻ ഓഫിസ് ഡയറക്ടർ ഡോ.ഡി ഗൗരിശങ്കർ പറഞ്ഞു.അടുത്തിടെ ഒമാനി നിന്നുള്ള ഒരു പ്രതിനിധി സംഘം ഐ.എസ്.ആർ.ഒ സന്ദർശിക്കുകയും ബഹിരാകാശ പരിപാടിയിൽ സഹകരിക്കാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഒമാനുമായി ചേർന്ന് പ്രവർത്തിക്കുന്നത് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ ഖ്യാതി വർധിപ്പിക്കും. ഉപഗ്രഹ ആശയവിനിമയം വർധിപ്പിക്കുന്നതിനായി അടുത്ത നാലു വർഷത്തിനുള്ളിൽ 40 റോക്കറ്റുകൾ കൂടി വിക്ഷേപിക്കുന്നതിന് സർക്കാറിൽ നിന്ന് ഞങ്ങൾക്ക് ഗ്രാന്റുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതിക പുരോഗതിക്കൊപ്പം, ശാസ്ത്ര വിദ്യാഭ്യാസത്തിനും സംഭാവന ചെയ്യുന്നുണ്ട്. വിദൂര സംവേദനം, ജ്യോതിശാസ്ത്രം, ബഹിരാകാശ ശാസ്ത്രം തുടങ്ങിയവക്കുള്ള വിവിധ സമർപ്പിത ഗവേഷണ കേന്ദ്രങ്ങളും സ്വയംഭരണ സ്ഥാപനങ്ങളും ബഹിരാകാശ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ചാന്ദ്ര, ഗ്രഹാന്തര ദൗത്യങ്ങളും മറ്റ് ശാസ്ത്ര പദ്ധതികളും ശാസ്ത്ര വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒമാൻ വിഷൻ 2040ന് അനുസൃതമായി, ബഹിരാകാശ ഗവേഷണത്തിൽ പര്യവേക്ഷണം ചെയ്തുകൊണ്ടിരിക്കുകയാണ് ഒമാൻ. കൂടാതെ ഉടൻ ഒരു ഉപഗ്രഹം വിക്ഷേപിക്കാനുള്ള അഭിലാഷത്തിലുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

