ഇസ്രായേലിന്റെ സോമാലി ലാൻഡ് നീക്കം; ഒമാൻ ഉൾപ്പെടെ 15 രാജ്യങ്ങൾ ശക്തമായി അപലപിച്ചു
text_fieldsമസ്‌കത്ത്: ‘സോമാലിലാൻഡ്’ എന്നറിയപ്പെടുന്ന പ്രദേശത്തേക്ക് നയതന്ത്ര പ്രതിനിധിയെ നിയമിക്കുമെന്ന ഇസ്രായേൽ പ്രഖ്യാപനത്തെ ഒമാൻ ഉൾപ്പെടെ 15 രാജ്യങ്ങൾ ശക്തമായി അപലപിച്ചു. ഒമാൻ സുൽത്താനേറ്റിന് പുറമെ, കുവൈത്ത്, സൗദി അറേബ്യ, ഈജിപ്ത്, സോമാലിയ, സുഡാൻ, ലിബിയ, ബംഗ്ലാദേശ്, അൾജീരിയ, ഫലസ്തീൻ, തുർക്കിയ, ഇന്തോനേഷ്യ, പാകിസ്താൻ, മൗറിത്താനിയ, ജോർഡൻ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് അപലപിച്ചത്.
ഇത് സോമാലിയയുടെ പരമാധികാരത്തെയും ദേശീയ ഐക്യത്തെയും ലംഘിക്കുന്നതാണെന്ന് മന്ത്രിമാർ പ്രസ്താവിച്ചു. രാജ്യങ്ങളുടെ ഐക്യത്തെ ദുർബലപ്പെടുത്തുകയോ പരമാധികാരത്തെ ബാധിക്കുകയോ ചെയ്യുന്ന ഏകപക്ഷീയ നടപടികളെ പൂർണ്ണമായും തള്ളിക്കളയുന്നതായും സോമാലിയക്ക് പിന്തുണ അറിയിക്കുന്നതായും മന്ത്രിമാർ വ്യക്തമാക്കി.
ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കും ഐക്യരാഷ്ട്ര സഭ ചാർട്ടറിനും ആഫ്രിക്കൻ യൂനിയന്റെ ഭരണഘടനക്കും വിരുദ്ധമാണെന്നും മന്ത്രിമാർ ചൂണ്ടിക്കാട്ടി. ഇസ്രായേലിന്റെ നീക്കം ആഫ്രിക്കൻ മുനമ്പ് മേഖലയിലെ ഭരണസ്ഥിരത തകർക്കാൻ ഇടയാക്കുന്ന അപകടകരമായ മാതൃകയായിതീരുമെന്നും, പ്രദേശിക സമാധാനത്തിനും സുരക്ഷക്കും പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

