ഫലസ്തീനുമേലുള്ള ഇസ്രായേൽ കടന്നുകയറ്റം അവസാനിപ്പിക്കണം
text_fieldsലബനാൻ പ്രസിഡന്റ് ജനറൽ ജോസഫ് ഔൺ അൽ ആലം പാലസിൽ സുൽത്താൻ ഹൈതം
ബിൻ താരിഖുമായി ചർച്ച നടത്തുന്നു
മസ്കത്ത്: ഫലസ്തീനുമേൽ ഇസ്രായേൽ തുടരുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സംയുക്ത പ്രസ്താവനയിൽ ഒമാനും ലബനാനും ആവശ്യപ്പെട്ടു. ഫലസ്തീൻ അതിർത്തികൾക്കുമേൽ ഇസ്രയേൽ തുടരുന്ന ആക്രമണവും ഭൂമി കൈയേറ്റവും അതി ഗൗരവതരമുള്ളതാണെന്നും ഇത് ഫലസ്തീൻ ജനതക്കുമേലുള്ള കടന്നുകയറ്റമാണെന്നും ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇസ്രായേൽ അതിക്രമം ഉടൻ അവസാനിപ്പിക്കണമെന്നും ഫലസ്തീൻ വിഷയത്തിലെ അന്താരാഷ്ട്ര പ്രമേയങ്ങൾ പാലിക്കപ്പെടണമെന്നും ഒമാനും ലബനാനും ആവശ്യപ്പെട്ടു.
ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കാനും 1967 ജൂൺ നാലിലെ അതിർത്തികൾ അടിസ്ഥാനമാക്കി, കിഴക്കൻ ജെറുസലം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുമുള്ള തങ്ങളുടെ നിലപാട് ആവർത്തിച്ചു. കൂടാതെ അറബ് ഐക്യത്തെ ശക്തിപ്പെടുത്തൽ, രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കൽ എന്നിവയുടെ പ്രാധാന്യം ചർച്ചയിൽ ഉന്നയിച്ചു. ഒമാനും ലെബനാനും തമ്മിൽ സാമ്പത്തിക- സാംസ്കാരിക- ശാസ്ത്രീയ മേഖലകളിൽ പരസ്പര സഹകരണത്തിന് ധാരണയായി. ഇരുരാജ്യങ്ങളുടെയും സംയുക്ത കമ്മിറ്റി സെഷന് മുന്നൊരുക്കത്തിനായുള്ള സംയുക്ത പ്രസ്താവനയിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും ലെബനൻ പ്രസിഡന്റ് ജനറൽ ജോസഫ് ഔണും ബുധനാഴ്ച ഒപ്പുവെച്ചു.
തുടർന്ന് ലെബനനൻ പ്രസിഡന്റും അദ്ദേഹത്തെ അനുഗമിച്ചിരുന്ന ഔദ്യോഗിക പ്രതിനിധി സംഘവും, രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി മടങ്ങി. ഈ സന്ദർശനം ഇരു രാജ്യങ്ങളും പങ്കിടുന്ന സഹോദരത്വബന്ധവും ചരിത്രപരമായ സൗഹൃദവും കൂടുതൽ ശക്തിപ്പെടുത്താനുള്ള ഒരു വിലപ്പെട്ട അവസരമായിരുന്നെന്ന് ലെബനനൻ പ്രസിഡന്റ് ചൂണ്ടിക്കാണിച്ചു. ഒമാൻ ജനത നൽകിയ ഉഷ്ണമായ സ്വീകരണത്തിനും സൽക്കാരത്തിനും അദ്ദേഹം അഗാധമായ നന്ദി അറിയിച്ചു. മസ്കത്തിലെ റോയൽ എയർപോർട്ടിൽനിന്ന് യാത്ര തിരിക്കുന്ന സന്ദർശക പ്രസിഡന്റിനെ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദിന്റെ നേതൃത്വത്തിൽ യാത്രയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

