യൂസുഫ് ബിൻ അലവിയെ ഇസ്രായേൽ വിദേശകാര്യ മന്ത്രി ടെലിഫോണിൽ ബന്ധപ്പെട്ടു
text_fieldsയൂസുഫ് ബിൻ അലവി
മസ്കത്ത്: ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവിയെ ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗാബി അഷ്കെനാസി, ഫലസ്തീൻ ഭരണ നേതൃത്വമായ ഫതഹ് സെൻട്രൽ കമ്മിറ്റിയുടെ സെക്രട്ടറി ജനറൽ മേജർ ജനറൽ ജിബ്രീൽ റജൗബ് എന്നിവർ ടെലിഫോണിൽ ബന്ധപ്പെട്ടതായി ഒമാൻ വിദേശകാര്യ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.
ഇസ്രായേൽ വിദേശകാര്യ മന്ത്രിയുമായി യൂസുഫ് ബിൻ അലവി മേഖലയിലെ ഏറ്റവും പുതിയ സ്ഥിതി വിശേഷങ്ങൾ ചർച്ച ചെയ്തു. പശ്ചിമേഷ്യയിൽ സമഗ്രവും എന്നും നിലനിൽക്കുന്നതുമായ സമാധാനാന്തരീക്ഷം പുലരണമെന്ന ഒമാെൻറ നിലപാട് അദ്ദേഹം ഇസ്രായേൽ വിദേശകാര്യ മന്ത്രിയുമായി പങ്കുവെച്ചു. കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കണമെന്ന ഫലസ്തീനികളുടെ ന്യായാനുസൃതമായ ആവശ്യം പൂർത്തീകരിക്കുന്നതിനായി സമാധാന ചർച്ചകൾ പുനരാരംഭിക്കണമെന്നും അറബ് രാഷ്ട്രങ്ങളുടെ നിലപാടും ഇതുതന്നെയാണെന്നും യൂസുഫ് ബിൻ അലവി അറിയിച്ചതായി ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മേജർ ജനറൽ റജൗബ് അറബ് പ്രശ്നങ്ങളോട്, പ്രത്യേകിച്ച് ഫലസ്തീൻ പ്രശ്നത്തോട് ഒമാൻ പുലർത്തുന്ന സംതുലിതവും വിവേകപൂർവമായ നയങ്ങളോട് അഭിനന്ദനവും ആശ്വാസവും അറിയിച്ചതായി ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യയിൽ സമഗ്രവും എന്നും നിലനിൽക്കുന്നതുമായ സമാധാനം പുനസ്ഥാപിക്കുന്നതിനായി ഒമാൻ പ്രാദേശിക തലത്തിലും അന്തർദേശീയ തലത്തിലും നടത്തിവരുന്ന പരിശ്രമങ്ങൾ യൂസുഫ് ബിൻ അലവി അദ്ദേഹത്തിന് വിശദീകരിച്ച് നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം ഇസ്രായേലുമായി സഹകരണത്തിലേർപ്പെടാനുള്ള യു.എ.ഇ തീരുമാനത്തിന് ഒമാൻ പിന്തുണ അറിയിച്ചിരുന്നു.