സാധാരണക്കാരെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം; സ്വതന്ത്ര അന്വേഷണം വേണം -ഒമാൻ
text_fieldsഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി
മസ്കത്ത്: ഗസ്സ മുനമ്പിലെ സിവിലിയന്മാരെയും അവരുടെ സൗകര്യങ്ങളെയും ലക്ഷ്യംവെച്ച് ഇസ്രായേൽ നടത്തുന്ന ആക്രമണത്തെക്കുറിച്ച് അന്താരാഷ്ട്രസമൂഹം സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഒമാൻ വാർത്താ ഏജൻസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. ഗസ്സക്കെതിരായ യുദ്ധം അവസാനിപ്പിക്കാനും ഇസ്രായേലിനെ തടയാനും അന്താരാഷ്ട്ര സമൂഹം ഇടപെടേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ആക്രമണം പരിഹാരമല്ല
ആക്രമണം പരിഹാരമല്ലെന്നാണ് എന്റെ ഉറച്ച വിശ്വാസം. ഇരകൾ പലപ്പോഴും കുട്ടികളും സാധാരണക്കാരും ആയതിനാൽ ശക്തമായി അപലപിക്കുന്നു. മുൻകാല ചരിത്രാനുഭവങ്ങൾ നാം ഓർക്കുകയാണെങ്കിൽ, ഫലസ്തീൻ പ്രശ്നത്തിനോ അറബ്-ഇസ്രായേൽ സംഘർഷത്തിനോ ഒരു സൈനിക പരിഹാരം കൈവരിക്കുക അസാധ്യമാണെന്ന് പറയേണ്ടിവരും. അധിനിവേശത്തെ ചെറുക്കുക എന്നത് നിയമാനുസൃതമായ അവകാശമാണ്.
മാധ്യമങ്ങൾ കാര്യങ്ങളെ വസ്തുനിഷ്ഠമായി കാണണം
ഇസ്രായേലി ആക്രമണം നിരായുധരായ സാധാരണക്കാരെ കൊന്നൊടുക്കുന്നു. അവരുടെ സൗകര്യങ്ങളും വീടുകളും നശിപ്പിച്ചു. വെള്ളം, ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയും നഷ്ടപ്പെടുത്തി. ഇക്കാര്യങ്ങളെ വസ്തുനിഷ്ഠമായി അവതരിപ്പിക്കാൻ മാധ്യമങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്.
വംശഹത്യ തടയുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള 1948 കൺവെൻഷന്റെ ആർട്ടിക്കിൾ II അനുസരിച്ച് വടക്കൻ ഗസ്സ മുനമ്പിലെ സിവിലിയന്മാരെ നിർബന്ധിതമായി കുടിയിറക്കുകയും തെക്കോട്ട് നീങ്ങാൻ നിർബന്ധിക്കുകയും ചെയ്യുന്നത് വംശഹത്യയുടെ മുന്നോടിയായാണ് കാണുന്നതെന്ന് സയ്യിദ് ബദർ പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാൻ നടപടി വേണം
ഗസ്സക്കെതിരായ ഈ യുദ്ധം അവസാനിപ്പിക്കാനും അന്താരാഷ്ട്രനിയമം ലംഘിക്കുന്നതിൽനിന്ന് ഇസ്രായേലിനെ തടയാനും അന്താരാഷ്ട്രസമൂഹം ഇടപെടണം. അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര നിരീക്ഷകർ നിരീക്ഷിക്കുന്ന ഒരു ഉടമ്പടിയുണ്ടാക്കുകയും വേണം.
എല്ലാ കക്ഷികളുമായി ചർച്ചക്ക് തയാറാകണം
ഇസ്രായേലും അതിന്റെ സഖ്യകക്ഷികളും തൊണ്ണൂറുകളിൽ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനുമായി സംഭാഷണത്തിൽ ഏർപ്പെടാനുള്ള ആശയം മുമ്പ് അംഗീകരിച്ചിരുന്നു.
ഹമാസ് ഉൾപ്പെടെ എല്ലാ പ്രസ്ഥാനവുമായി ഇസ്രായേൽ സംഭാഷണം നടത്താതെ യഥാർഥ ഫലസ്തീൻ-ഇസ്രായേൽ സമാധാനം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അധിനിവേശം നിയമവിരുദ്ധം
1967 മുതൽ വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറൂസലം, ഗസ്സ മുനമ്പ് എന്നിവിടങ്ങളിലെ ഫലസ്തീൻ പ്രദേശങ്ങൾ ഇസ്രായേൽ അനധികൃതമായി കൈവശപ്പെടുത്തി. 2007 മുതൽ ഗസ്സ ഉപരോധത്തിലാണ്, വെസ്റ്റ് ബാങ്കിലെ ഫലസ്തീനിൽനിന്ന് അവിടത്തെ നിവാസികൾ ഒറ്റപ്പെട്ടു. ഏകദേശം 2.3 ദശലക്ഷം നിവാസികൾ ഇപ്പോൾ ദാരിദ്ര്യത്തിലും ഒറ്റപ്പെടലിലും കഴിയുന്നു.
ഇസ്രായേൽ ഗവൺമെന്റിന്റെ നേതാക്കൾ ഫലസ്തീൻ ജനതയെ ലക്ഷ്യംവെക്കുന്ന നയങ്ങൾ മുമ്പത്തേക്കാൾ ആക്രമണാത്മകവും ക്രൂരവുമായ രീതിയിൽ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഞങ്ങൾ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

