ഖാൻ യൂനുസിലെ ഇസ്രായേൽ ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനം-ഒമാൻ
text_fieldsമസ്കത്ത്: ഗസ്സയലെ ഖാൻ യൂനിസിലെ നാസർ മെഡിക്കൽ കോംപ്ലക്സിൽ മെഡിക്കൽ, ദുരിതാശ്വാസ, മാധ്യമ സംഘങ്ങൾക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. മനുഷ്യാവകാശ പ്രവർത്തകരെയും സൗകര്യങ്ങളെയും മനഃപൂർവ്വം ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. അത്തരം നടപടികൾ സാധാരണക്കാരുടെ ദുരിതം കൂടുതൽ വർധിപ്പിക്കുകയും അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഫലസ്തീൻ ജനതയെ പിന്തുണക്കന്നതിൽ ഒമാന്റെ ഉറച്ച നിലപാട് ആവർത്തിച്ച് വ്യക്തമാക്കി. ആക്രമണങ്ങൾ അവസാനിപ്പിക്കാനും ഗസ്സയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ, മാനുഷിക ദൗത്യങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കാനും അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ആക്രമണം അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നിയമം പാലിക്കണമെന്നും ആവശ്യപ്പെട്ടു. സിവിലിയൻമരെ സംരക്ഷിക്കേണ്ടതിന്റെയും മനുഷ്യാവകാശ തത്വങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെയും ആവശ്യകത ഊന്നി പറയുകയും ചെയ്തു.
ഗസ്സ ഖാൻ യൂനുസിലെ അൽ നാസർ മെഡിക്കൽ കോംപ്ലക്സിൽ നടത്തിയ ആക്രമണത്തിൽ അഞ്ചു മാധ്യമ പ്രവർത്തകർ അടക്കം 20 പേരെയാണ് ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത്. ആശുപത്രിക്കുമേൽ സൈന്യം നേരിട്ട് ബോംബിടുകയായിരുന്നു. രക്ഷാപ്രവർത്തകരും മറ്റു മാധ്യമപ്രവർത്തകരും ഉൾപ്പെടെ സ്ഥലത്തെത്തിയപ്പോൾ വീണ്ടും ബോംബിട്ടു. ഈ ആശുപത്രിയിൽ ഇതിനു മുമ്പും ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

