ഗസ്സയിലെ ഇസ്രായേൽ ആക്രമണം: ഒമാൻ ശക്തമായി അപലപിച്ചു
text_fieldsമസ്കത്ത്: അന്താരാഷ്ട്ര, മാനുഷിക നിയമങ്ങൾ ലംഘിച്ച് ഗസ്സയിൽ ഇസ്രായേൽ സേന നടത്തുന്ന ആക്രമണങ്ങളെ ഒമാൻ ശക്തമായി അപലപിച്ചു.
ഇസ്രായേലിന്റെ ആസൂത്രിത കരയുദ്ധം പ്രാദേശികവും ആഗോളവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഇത് സമാധാനവും സ്ഥിരതയും അപകടത്തിലാക്കുമെന്നും സുൽത്താനേറ്റ് മുന്നറിയിപ്പ് നൽകി. ഒക്‌ടോബർ 27ലെ യു.എൻ ജനറൽ അസംബ്ലി പ്രമേയത്തിന് അനുസൃതമായി സംഘർഷം അവസാനിപ്പിക്കണമെന്നും മാനുഷിക സഹായം സുഗമമാക്കാൻ അടിയന്തര അന്താരാഷ്ട്ര ഇടപെടൽ നടത്തണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അതിനിടെ, ഗസ്സയിലെ രൂക്ഷമായ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയും ജോർഡന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മന്‍ അല്‍ സഫാദിയും ടെലിഫോണിലൂടെ ചർച്ച നടത്തി.
വെടിനിർത്തലിനായി ഐക്യരാഷ്ട്രസഭയിൽ തുടരുന്ന ശ്രമങ്ങളുടെ പ്രാധാന്യത്തെയും സിവിലിയൻമാരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇരുവരും സംസാരിച്ചു. ഗസ്സ മുനമ്പിലെ മനുഷ്യരുടെ കഷ്ടപ്പാടുകളുടെ വെളിച്ചത്തില്‍ ഫലസ്തീനികളെ സംരക്ഷിക്കേണ്ടതിന്റെയും നിയമപരവും മാനുഷികവുമായ പിന്തുണ നല്‍കേണ്ടതിന്റെയും ആവശ്യകത ഇരുവരും ഊന്നിപ്പറഞ്ഞു.
ഗസ്സ നിവാസികൾക്ക് മാനുഷിക സഹായവും വൈദ്യുതിയും ഇന്ധനവും അടിയന്തരമായി എത്തിക്കേണ്ടതിന്റെയും യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെയും പ്രാധാന്യത്തെ കുറിച്ചും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

