ശനിയാഴ്ച വരെ ഒറ്റപ്പെട്ട മഴക്ക് സാധ്യത
text_fieldsമസ്കത്ത്: അറബിക്കടൽ തീരദേശങ്ങളുടെ ചില ഭാഗങ്ങളിലെ ഇടവിട്ട മഴ ശനിയാഴ്ച വരെ തുടർന്നേക്കാമെന്ന് ഒമാൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു. വായുതരംഗത്തിന്റെ സഞ്ചാരം ബാതിന, മസ്കത്ത്, ദാഖിലിയ, ശർഖിയ ഗവർണറേറ്റുകളെ ബാധിക്കുന്നതായാണ് വിലയിരുത്തൽ. ഒമാൻ കടൽ തീരപ്രദേശങ്ങളിലും ഹജർ പർവതനിരകളിലും മേഘസഞ്ചാരവും ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചനം സൂചിപ്പിക്കുന്നു.
ദാഖിലിയയുടെ ചില ഭാഗങ്ങളിലും ദാഹിറ, അൽ വുസ്ത ഗവർണറേറ്റുകളിലെ മരുഭൂമി മേഖലകളിലും രാത്രി വൈകിയും പുലർച്ചയുമായി മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. മൂടൽമഞ്ഞ് രൂപപ്പെടുന്ന പ്രദേശങ്ങളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.
ബുധനാഴ്ച രാവിലെ ഒമാൻ കടൽ തീരപ്രദേശങ്ങളിലും ദാഖിലിയ ഗവർണറേറ്റിന്റെ ചില പ്രദേശങ്ങളിലുമായി മൂടൽ മഞ്ഞ് അനുഭവപ്പെട്ടു. ഒമാൻ കടലിലെ തുടർച്ചയായ ലഘുമഴ അടുത്ത കാലയളവിൽ തീരപ്രദേശങ്ങളിലേക്കും വ്യാപിക്കാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില ജബൽ ഷംസിലാണ് രേഖപ്പെടുത്തിയത്; 0.3 ഡിഗ്രി സെൽഷ്യസ്. ഏറ്റവും ഉയർന്ന താപനില സലാലയിലും (30 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തി.
കാറ്റ് വടക്കുനിന്ന് വടക്കുപടിഞ്ഞാറൻ ദിശയിൽ വീശുമെന്നും, മരുഭൂമി പ്രദേശങ്ങളിലും തുറന്ന പ്രദേശങ്ങളിലും മുസന്ദം ഗവർണറേറ്റിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും ചിലപ്പോൾ ശക്തമാകാമെന്നും ഒമാൻ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. മറ്റ് ഗവർണറേറ്റുകളിൽ കിഴക്ക് മുതൽ വടക്കുകിഴക്ക് ദിശയിൽ മിതമമായ കാറ്റുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

