വിടപറഞ്ഞത് മലയാളികളുടെ സ്വന്തം ഇസ്മാഈൽ മിസ്രി
text_fieldsഇസ്മാഈൽ അൽ മിസ്രി
മസ്കത്ത്: റൂവിയിലെ ആദ്യകാല വ്യാപാരിയായിരുന്ന ഈജിപ്തുകാരനായ ഇസ്മാഈൽ അൽ മിസ്രിയുടെ (85) വിയോഗം മലയാളികളടക്കമുള്ള പ്രവാസികളെ ദുഃഖത്തിലാഴ്ത്തി. ഒരുവർഷത്തിലധികമായി രോഗബാധിതനായി കഴിഞ്ഞിരുന്ന ഇദ്ദേഹം കഴിഞ്ഞദിവസം ഈജിപ്തിലാണ് മരിച്ചത്.
മലയാളികളെ അതിരറ്റ് സ്നേഹിക്കുകയും സ്ഥാപനത്തിൽ മലയാളികളെ മാത്രം ജോലിക്കുവെക്കുകയും ചെയ്തിരുന്ന ആളായിരുന്നു ഇദ്ദേഹം. രോഗബാധിതനായിട്ടും ഇടക്ക് മസ്കത്തിൽ വന്നുപോയിരുന്നു. റൂവിയിലെ ഫാർസ് അൽ ഫാർസി എന്ന വൺ ടു ത്രീ റിയാൽ സ്ഥാപനത്തിന്റെ ഉടമയാണ്. ഏതെടുത്താലും ഒരു റിയാൽ, രണ്ട് റിയാൽ, മൂന്ന് റിയാൽ എന്ന ആശയം ഒമാനിൽ ആദ്യമായി ആരംഭിച്ചത് അദ്ദേഹമായിരുന്നു.
ഇതിനുശേഷമാണ് മലയാളികൾ അടക്കം നിരവധി പേർ വൺ, ടു, ത്രീ സ്ഥാപനങ്ങൾ ആരംഭിച്ചത്. 35 വർഷംമുമ്പാണ് റൂവി ഹൈസ് സ്ട്രീറ്റിൽ ആദ്യ വ്യാപാര സ്ഥാപനം തുടങ്ങുന്നത്. പിന്നീട് അത് വളരുകയും റൂവിയിൽ മാത്രം നാലു സ്ഥാപനങ്ങളായി ഉയരുകയും ചെയ്തു. ഇപ്പോഴും റൂവിയിൽ രണ്ടു ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. ജർമനി അടക്കം നിരവധി രാജ്യങ്ങളിൽ വ്യാപാരം നടത്തിയ ശേഷമാണ് അദ്ദേഹം മസ്കത്തിൽ എത്തുന്നത്.
ആദ്യകാലം മുതൽക്കേ മലയാളികൾ മാത്രമാണ് സ്ഥാപനത്തിൽ ജോലിചെയ്തിരുന്നത്. ഹൈപ്പർ മാർക്കറ്റുകൾ വ്യാപകമാവുന്നതിനുമുമ്പ് പ്രവാസികൾ ഏറെ ആശ്രയിച്ചിരുന്ന സ്ഥാപനമായിരുന്നു ഫാർസ് അൽ ഫാർസി.
ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ കുറഞ്ഞ മിതമായ വിലയിൽ ലഭിച്ചിരുന്ന സ്ഥാപനമായതിനാൽ ആദ്യകാലങ്ങളിൽ സ്ഥാപനത്തിൽ എപ്പോഴും നല്ല തിരക്കായിരുന്നു. മലയാളികളെ ഏറെ സ്നേഹിച്ചിരുന്ന അദ്ദേഹം നിരവധി തവണ കേരളം സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

