ഏകീകൃത ടൂറിസ്റ്റ് വിസക്ക് 30 മുതൽ 90 ദിവസം വരെ സാധുത?
text_fieldsമസ്കത്ത്: ജി.സി.സി രാജ്യങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക് 30 മുതൽ 90 ദിവസം വരെ സാധുതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രാവൽ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു. ഒരു രാജ്യത്തേക്കോ ഒന്നിലധികം രാജ്യങ്ങളിലേക്കോ പ്രവേശനം തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും സന്ദർശകർക്ക് ഉണ്ടായിരിക്കും. ഒറ്റ വിസയിൽ നിരവധി ജി.സി.സി രാജ്യങ്ങളിൽ തടസ്സമില്ലാതെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം വിനോദസഞ്ചാരികൾക്ക് ആസ്വദിക്കാനാകും.
ഇത് ഒന്നിലധികം അപേക്ഷകളുടെ ആവശ്യകത ഇല്ലാതാക്കുകയും ഭരണപരമായ ബുദ്ധിമുട്ടുകൾ കുറവുള്ളതിനാൽ യാത്രക്കാർക്ക് ഗൾഫ് മേഖലയിലെ കൂടുതൽ സ്ഥലങ്ങൾ സന്ദർശിക്കാൻ അനുവദിക്കുകയും ചെയ്യും. വിസക്കുള്ള അപേക്ഷാ പ്രക്രിയ പൂർണമായും ഓൺലൈനായിരിക്കും. ഒരു രാജ്യത്തേക്കോ ആറ് രാജ്യങ്ങളിലേക്കോ ചുരുങ്ങിയ സമയത്തിനുള്ളിൽ വിസക്ക് അപേക്ഷിക്കാൻ വിനോദസഞ്ചാരികൾക്ക് കഴിയുന്ന ഒരു ഉപയോക്തൃ-സൗഹൃദ ഓൺലൈൻ അപേക്ഷാ പ്രക്രിയ സംവിധാനിക്കും. ഒന്നിലധികം വ്യത്യസ്ത വിസകൾക്ക് പണം നൽകേണ്ടതില്ല, ആറ് രാജ്യങ്ങളിലൂടെയും സഞ്ചരിക്കുന്നതിന് ഏകീകൃത വിസ ഓപ്ഷന് അപേക്ഷിക്കാൻ തെരഞ്ഞെടുക്കുന്നതിലൂടെ വിനോദസഞ്ചാരികൾക്ക് പണം ലാഭിക്കാനും സാധിക്കും.
ഗൾഫ് മേഖല പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്ക് ഗ്രാൻഡ് ടൂറിസ്റ്റ് വിസ എന്ന പേരിലറിയപ്പെടുന്ന ഇത് മികച്ച തെഞ്ഞെടുപ്പായിരിക്കുമെന്ന് ട്രാവൽമേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു. ഇത് ടൂറിസത്തെ ഉത്തേജിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഹോസ്പിറ്റാലിറ്റി, സേവന മേഖലകളിൽ വികസനം വർധിപ്പിക്കുകയും ചെയ്യും. ഇവയെല്ലാം പ്രാദേശിക സമ്പദ്വ്യവസ്ഥകളിൽ മികച്ച സ്വാധീനം ചെലുത്തുകയും ചെയ്യും.ഏകീകൃത ടൂറിസ്റ്റ് വിസ യാഥാർഥ്യമാകുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ജി.സി.സി ആഭ്യന്തര മന്ത്രാലയങ്ങളിലെ പാസ്പോർട്ട് വകുപ്പുമേധാവികളുമായി കഴിഞ്ഞ ദിവസം ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി കൂടിക്കാഴ്ച നടത്തി.
ഖത്തർ, സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ എന്നീ ആറ് ജി.സി.സി രാജ്യങ്ങളിലൂടെ സുഗമമായ യാത്ര സാധ്യമാക്കുന്ന തരത്തിൽ ശെങ്കൻ മാത്രകയിലായിരിക്കും വിസ ഒരുങ്ങുക. ‘ജി.സി.സി ഗ്രാൻഡ് ടൂർസ്’ എന്ന് പേരിലായിരിക്കും അറിയുക. മൾട്ടി എൻട്രി അനുവദിക്കുന്നതായിരിക്കും വിസ. വിസ പ്രാബല്യത്തിൽ വരുന്നതോടെ ജി.സി.സി രാജ്യങ്ങളിലെ വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകരെ കൂടുതൽ ആകർഷിക്കും. ഗൾഫ് രാജ്യങ്ങൾ വലിയ ടൂറിസ്റ്റ് ഓപറേറ്റർമാരുമായും കമ്പനികളുമായും ചേർന്ന് മുഴുവൻ പ്രദേശത്തിനും അനുഗുണമായ പാക്കേജുകൾ പുറത്തിറക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസയുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും സുരക്ഷയും സാങ്കേതികവുമായ ആശങ്കകൾ കാരണം ശ്രദ്ധാപൂർവ്വം പരിഗണിച്ചായിരിക്കും ഇവ നടപ്പിൽ വരുകയെന്നും അധികൃതർ വ്യക്തമാക്കി.
ജി.സി.സി രാജ്യങ്ങളിലെ വിനോദ സഞ്ചാര മേഖലക്ക് കരുത്തുപകരുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക് ആഭ്യന്തരമന്ത്രിമാർ 2023 നവംബറിലാണ് അംഗീകാരം നൽകിയത്. മസ്കത്തിൽചേർന്ന ജി.സി.സി രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ 40ാമത് യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്. ചെങ്കൻ വിസ മോഡലിൽ ഒരു വിസ കൊണ്ട് മറ്റു എൻട്രി പെർമിറ്റുകളുടെ ആവശ്യമില്ലാതെ ആറ് ജി.സി.സി രാജ്യങ്ങളിലും സന്ദർശനം നടത്താൻ കഴിയുന്നതാണ് ഏകീകൃത ടൂറിസ്റ്റ് വിസ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

