അയൺമാൻ 70.3 ഇന്നുമുതൽ; ഒരുക്കം പൂർണം
text_fields‘എക്സ്പീരിയൻസ് ഒമാൻ അയൺമാൻ 70.3 മസ്കത്ത്’ ചാമ്പ്യൻഷിപ്പിന്റെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച
വാർത്താസമ്മേളനത്തിൽനിന്ന്
മസ്കറ്റ്: മിഡിൽ ഈസ്റ്റ് ചാമ്പ്യൻഷിപ്പായ ‘എക്സ്പീരിയൻസ് ഒമാൻ അയൺമാൻ 70.3 മസ്കത്ത്’ ആദ്യ പതിപ്പിന് വെള്ളി, ശനി ദിവസങ്ങളിൽ ഒമാൻ സുൽത്താനേറ്റ് ആതിഥേയത്വം വഹിക്കും. മസ്കത്ത് ഗവർണറേറ്റിലെ ഖുറം ബീച്ചിലാണ് ചാമ്പ്യൻഷിപ് അങ്ങേറുക. ചാമ്പ്യൻഷിപ്പിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി പൈതൃക-ടൂറിസം മന്ത്രാലയ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഖുറം ബീച്ചിൽ 1.9 കിലോമീറ്റർ തുറസ്സായ കടൽപ്പരപ്പിൽ നീന്തൽ, 90 കിലോമീറ്റർ സൈക്ലിങ്, 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ റേസ് എന്നിവയാണ് അയൺമാൻ 70.3യുടെ പ്രധാന ഘട്ടങ്ങൾ. കുടുംബങ്ങൾക്കും കുട്ടികൾക്കും വിനോദപരിപാടികളോടെ ഇന്ററാക്ടീവ് പബ്ലിക് അറീനയും ഖുറം ബീച്ചിൽ ഒരുക്കിയിട്ടുണ്ട്. യു.കെ, റഷ്യ, ഇന്ത്യ, യു.എ.ഇ, ഒമാൻ എന്നിവ ഉൾപ്പെടെ 82 രാജ്യങ്ങളിൽനിന്നായി 1,049 പേർ മത്സരത്തിൽ പങ്കെടുക്കും.
വമ്പൻ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്, അന്താരാഷ്ട്ര മാനദണ്ഡങ്ങളോടെ മികച്ച മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലുള്ള ഒമാന്റെ ശേഷിയിൽ അർപ്പിച്ച വിശ്വാസത്തിന്റെ തെളിവാണെന്ന് ടൂറിസം പ്രമോഷൻ ഡയറക്ടർ ജനറൽ ഹൈതം മുഹമ്മദ് അൽ ഗസ്സാനി, പറഞ്ഞു. കായിക ടൂറിസം ഉൾപ്പെടെയുള്ള വിനോദസഞ്ചാര സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ ഈ ചാമ്പ്യൻഷിപ് നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തീരപ്രദേശങ്ങൾ, പർവതനിരകൾ, തുറസ്സായ പാതകൾ, മിതമായ കാലാവസ്ഥ എന്നിവ ഒമാനെ അന്താരാഷ്ട്ര കായിക-ടൂറിസം മേളകൾക്ക് അനുയോജ്യ കേന്ദ്രമാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മിഡിൽ ഈസ്റ്റ് ഇന്റർനാഷനൽ ഇവന്റ്സ് ഫൗണ്ടേഷനുമായുള്ള സഹകരണത്തിലൂടെയാണ് ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നത്.
വിവിധ രാജ്യങ്ങളിൽനിന്നുള്ള വലിയ പങ്കാളിത്തം രാജ്യത്തിന് പ്രത്യക്ഷ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
ഒമാൻ വിഷൻ 2040 ലക്ഷ്യങ്ങൾക്കനുസൃതമായി വിനോദസഞ്ചാര ഉൽപന്നങ്ങളുടെ വൈവിധ്യവത്കരണവും സുസ്ഥിരതയും ഉറപ്പാക്കുന്നതിൽ പൊതുമേഖല-സ്വകാര്യ മേഖല ഏകോപനം സഹായകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഖുറം ബീച്ചിലെ കടലിൽ നിന്നാണ് 1.9 കിലോമീറ്റർ നീന്തൽ ആരംഭിക്കുക. തുടർന്ന് പ്രകൃതിസൗന്ദര്യം നിറഞ്ഞ വഴികളിലൂടെ 90 കിലോമീറ്റർ സൈക്ലിങ് നടക്കും. അവസാനമായി 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ നടക്കും. ഫാൻ സോൺ, കുട്ടികൾക്കായി പ്രത്യേക റേസുകൾ, കുടുംബങ്ങൾക്കായി വിനോദപരിപാടികൾ എന്നിവയും ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് സംഘടിപ്പിക്കുമെന്ന് റേസ് ഡയറക്ടർ മുഹമ്മദ് അൽ ഒബൈദാനി പറഞ്ഞു.
ഇത്തരം ടൂർണമെന്റുകൾ കായികസംസ്കാരം വളർത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ വിനോദസഞ്ചാര പാക്കേജുകൾ ബുക്ക് ചെയ്യുന്നതിനായി ‘എക്സ്പീരിയൻസ് ഒമാൻ’ പ്രമോഷനൽ വെബ്സൈറ്റിൽ പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്ഫോവും മന്ത്രാലയം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

