ഇറാഖി വ്യാപാര പ്രതിനിധി സംഘം ദുകം സന്ദർശിച്ചു
text_fieldsഇറാഖി വ്യാപാര പ്രതിനിധി സംഘം ദുകമിലെ പ്രത്യേക സാമ്പത്തിക മേഖല സന്ദർശിച്ചപ്പോൾ
മസ്കത്ത്: നിക്ഷേപ സാധ്യതകൾ തേടി ഇറാഖി വ്യാപാര പ്രതിനിധി സംഘം ദുകമിലെ പ്രത്യേക സാമ്പത്തിക മേഖല (സെസാദ്) സന്ദർശിച്ചു. ഇറാഖ് ഡെവലപ്മെന്റ് ഫണ്ടിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മുഹമ്മദ് നജി അൽ നജ്ജാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് നിക്ഷേപ സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനുമായി ദുകമിലെത്തിയത്.
നിക്ഷേപകർക്ക് ലഭ്യമാകുന്ന പ്രോത്സാഹനങ്ങളെ ഉയർത്തിക്കാട്ടി മേഖലയിലെ പ്രധാന നിക്ഷേപ പദ്ധതികളെ കുറിച്ച് സംഘത്തിന് ദുകം പ്രത്യേക സാമ്പത്തിക മേഖലയുടെ സി.ഇ.ഒ അഹമ്മദ് ബിൻ അലി അകാക്ക് വിശദീകരിച്ചു.
ദുകം റിഫൈനറി, ദുകം പോർട്ട്, ഡ്രൈ ഡോക്ക്, റാസ് മർകസ് ഓയിൽ സ്റ്റോറേജ് സ്റ്റേഷൻ എന്നിവയുൾപ്പെടെ പ്രധാന മേഖലകളിലായി ‘സെസാദ്’ ആറ് ശതകോടി റിയാൽ നിക്ഷേപം വിജയകരമായി ആകർഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുനരുപയോഗ ഊർജം, ഹരിത വ്യവസായങ്ങൾ, ഇരുമ്പ് ഉൽപാദനം എന്നിവയുടെ പ്രധാന കേന്ദ്രമായി ദുകം ഉയർന്ന് വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
വ്യാവസായിക, വാണിജ്യ, വിനോദസഞ്ചാര മേഖലകളിലെ സുപ്രധാന അവസരങ്ങൾ ചൂണ്ടിക്കാട്ടിയ അകാക്ക്, സെസാദിൽ അന്താരാഷ്ട്ര കമ്പനികളുടെ താൽപര്യം ബിസിനസ് സാധ്യതകൾ കൂടുതൽ വർധിപ്പിക്കുകയും പ്രാദേശിക സംരംഭങ്ങൾക്ക് പുതിയ വഴികൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
കർവ ഓട്ടോമൊബൈൽ ഫാക്ടറി, റാസ് മർകസിലെ ക്രൂഡ് ഓയിൽ സ്റ്റോറേജ് സ്റ്റേഷൻ, മരാഫിക് കമ്പനി, ദുകം തുറമുഖത്ത് പെട്രോളിയം ഡെറിവേറ്റിവ് കയറ്റുമതി സ്റ്റേഷൻ എന്നിങ്ങനെയുള്ള നിരവധി മുൻനിര പദ്ധതികളെ കുറിച്ചും വിശദീകരിച്ചു.
സാമ്പത്തിക മേഖല വികസനം, സംയുക്ത നിക്ഷേപ അവസരങ്ങൾ, പെട്രോകെമിക്കൽസ്, ഓയിൽ സ്റ്റോറേജ് എന്നിവയിലെ സഹകരണം എന്നിവയിൽ വൈദഗ്ധ്യം പങ്കിടുന്നതിനെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

