ബന്ധങ്ങൾ ശക്തിപ്പെടുത്തി ഇറാൻ പ്രസിഡന്റ് മടങ്ങി
text_fieldsഇറാൻ പ്രസിഡന്റിന് നൽകിയ യാത്രയയപ്പ്
മസ്കത്ത്: ബന്ധങ്ങൾ വിപുലപ്പെടുത്തിയും സഹകരണങ്ങൾ ഊട്ടിയുറപ്പിച്ചും രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഇറാൻ പ്രസിഡന്റ് ഡോ. മസ്ഊദ് പെസശ്കിയാൻ ഒമാനിൽനിന്ന് മടങ്ങി. സുൽത്താനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധങ്ങൾ വിപുപ്പെടുത്തുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പ്രാദേശിക-അന്തർദേശീയ വിഷയങ്ങളിലും ഇരുനേതാക്കൾ കാഴ്ചപ്പാടുകൾ കൈമാറി. റോയൽ വിമാനത്താവളത്തിൽ പ്രസിഡന്റിനു പ്രതിനിധി സംഘത്തിനും പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
സന്ദർശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ അഞ്ച് സഹകരണ കരാറുകളിലും, പത്ത് ധാരണപത്രങ്ങളിലും മൂന്ന് എക്സിക്യൂട്ടിവ് പ്രോഗ്രാമുകളിലും ഒപ്പുവെച്ചു. സിവിൽ, ക്രിമിനൽ കാര്യങ്ങൾ, പ്രതികളെ കൈമാറൽ, ശിക്ഷിക്കപ്പെട്ട വ്യക്തികളുടെ കൈമാറ്റം എന്നിവയിലെ നിയമ, നീതിന്യായ സഹകരണ കരാറായിരുന്നു ആദ്യത്തേത്. ഒമാനി ഭാഗത്തുനിന്ന് ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ ആൽ ബുസൈദിയും ഇറാനിയൻ ഭാഗത്തുനിന്ന് നീതിന്യായ മന്ത്രി ഡോ. അമിൻ ഹുസൈൻ റഹിമിയും ഒപ്പുവച്ചു.
ഉച്ചഭക്ഷണ വിരുന്നിനിടെ സുൽത്താൻ ഹൈതം ബിൻ താരിഖും ഇറാൻ പ്രസിഡന്റ് ഡോ. മസ്ഊദ് പെസശ്കിയാനും
സംയുക്ത സഹകരണത്തിനായുള്ള രണ്ടാമത്തെ കരാറിൽ ഒമാനി ഭാഗത്തുനിന്ന് വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ആൽ ബുസൈദിയും ഇറാനിയൻ ഭാഗത്തുനിന്ന് വിദേശകാര്യ മന്ത്രി ഡോ. സയ്യിദ് അബ്ബാസ് അരഗ്ചിയുമാണ് ഒപ്പുവെച്ചത്.
നിക്ഷേപങ്ങളുടെ പ്രോത്സാഹനവും പരസ്പര സംരക്ഷണവും സംബന്ധിച്ച മൂന്നാമത്തെ കരാറിൽ ഒമാനി ഭാഗത്തു നിന്ന് ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലിം ആൽ ഹബ്സിയും ഇറാനിയൻ ഭാഗത്തു നിന്ന് വ്യവസായ, ഖനന, വ്യാപാര മന്ത്രി സയ്യിദ് മുഹമ്മദ് അതാബക്കും ഒപ്പിട്ടു.
കസ്റ്റംസ് കാര്യങ്ങളിൽ പരസ്പര ഭരണപരമായ സഹായവുമായി ബന്ധപ്പെട്ടതാണ് നാലാമത്തെ കരാർ. ഒമാൻ ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലിം ആൽ ഹബ്സിയും ഇറാൻ വ്യവസായ, ഖനന, വ്യാപാര മന്ത്രി സയ്യിദ് മുഹമ്മദ് അത്തബക്കും ഒപ്പുവെച്ചു. വ്യാപാര മുൻഗണനകളുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കരാറിൽ ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് ആൽ യൂസഫും ഇറാൻ വ്യവസായ, ഖനന, വ്യാപാര മന്ത്രി സയ്യിദ് മുഹമ്മദ് അത്തബക്കും ഒപ്പുവച്ചു.
വിമാനങ്ങളിൽ സായുധ സുരക്ഷാ ഗാർഡുകളെ വിന്യസിക്കുന്നതിനുള്ള സഹകരണവുമായി ബന്ധപ്പെട്ടതാണ് ആദ്യത്തെ ധാരണപത്രം. ആരോഗ്യ മേഖലയിലെ സഹകരണം ഉൾക്കൊള്ളുന്നതാണ് രണ്ടാമത്തെ ധാരണപത്രം. ഒമാൻ ന്യൂസ് ഏജൻസിയും (ഒ.എൻ.എ) ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജൻസിയും(ഐ.ആർ.എൻ.എ) തമ്മിലുള്ള ധാരണപത്രമാണ് മൂന്നാമത്തേത്.
ആശയവിനിമയ, വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നാലാമത്തെ ധാരണപത്രം. അഞ്ചാമത്തെ ധാരണപത്രത്തിൽ മ്യൂസിയം മേഖലയിലെ സഹകരണമാണ് വരുന്നത്. ഈ അഞ്ചു ധാരണ പത്രത്തിലും ഇരുരാജ്യങ്ങളലെയും വിദേശകാര്യമന്ത്രിമാരാണ് ഒപ്പുവെച്ചത്.
ഒമാനി ഭാഗത്തു നിന്ന് ഭവന, നഗരാസൂത്രണ മന്ത്രി ഡോ. ഖൽഫാൻ ബിൻ സഈദ് ആൽ ഷുഐലിയും ഇറാനിയൻ ഭാഗത്തു നിന്ന് വ്യവസായ, ഖനന, വ്യാപാര മന്ത്രി സെയ്ദ് മുഹമ്മദ് അതാബക്കും ഒപ്പുവച്ച ആറാമത്തെ ധാരണപത്രത്തിൽ ഭവനനിർമ്മാണം, നഗരാസൂത്രണം, നിർമ്മാണം എന്നിവ ഉൾപ്പെടുന്നു. പ്രദർശനങ്ങൾ, പരിപാടികൾ, സമ്മേളനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഏഴാമത്തെ ധാരണപത്രത്തിൽ ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് ആൽ യൂസഫും ഇറാൻ വ്യവസായ, ഖനന, വ്യാപാര മന്ത്രി സെയ്ദ് മുഹമ്മദ് അതാബക്കും ഒപ്പുവെച്ചു.
ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എസ്.എം. ഇ) വികസനത്തിലും സംരംഭകത്വത്തിലുമുള്ള സഹകരണം ഉൾക്കൊള്ളുന്നതാണ് എട്ടാമത്തെ ധാരണപത്രം. ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് ആൽ യൂസഫും ഇറാൻ വ്യവസായ, ഖനന, വ്യാപാര മന്ത്രി സെയ്ദ് മുഹമ്മദ് അതാബക്കും ഒപ്പിട്ടു.
ഖനന, ധാതു വിഭവങ്ങളുമായി ബന്ധപ്പെട്ട ഒമ്പതാമത്തെ ധാരണപത്രത്തിൽ ഒമാൻ ഊർജ്ജ, ധാതു മന്ത്രി എൻജിനീയർ സലിം ബിൻ നാസർ ആൽ ഔഫിയും ഇറാൻ വ്യവസായ മന്ത്രിയും ഒപ്പുവെച്ചു. ഒമാൻ ഊർജ, ധാതു മന്ത്രിയും ഇറാനിൽ നിന്ന് വ്യവസായ മന്ത്രിയും ഒപ്പുവച്ച വൈദ്യുത ഇന്റർകണക്ഷൻ പദ്ധതിയുടെ സാധ്യതാ പഠനം അവലോകനം ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണ് പത്താമത്തെ ധാരണപത്രം.
ഒമാൻ തൊഴിൽ മന്ത്രി ഡോ. മഹാദ് ബിൻ സഈദ് ബാവോയ്നും ഇറാൻ സഹകരണ, തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രി അഹമ്മദ് മെയ്ദാരിയും ഒപ്പിട്ടതാണ് ആദ്യ എക്സിക്യൂട്ടിവ് പ്രോഗ്രാം. സാംസ്കാരിക സഹകരണവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ എക്സിക്യൂട്ടിവ് പ്രോഗ്രാം. ടൂറിസം സഹകരണമാണ് മൂന്നാമത്തെ എക്സിക്യൂട്ടിവ് പ്രോഗ്രാമാണ് ഇതിൽ വരുന്നത്. ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരാണ് ഇതിൽ ഒപ്പിട്ടത്.
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇറാൻ പ്രസിഡന്റ് ഡോ. മസ്ഊദ് പെസശ്കിയാൻ കഴിഞ്ഞ ദിവസമാണ് ഒമാനിലെത്തിയത്. ആൽ ആലം കൊട്ടാരത്തിൽ ഊഷ്മള വവേൽപ്പാണ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

