ഇറാൻ വിദേശകാര്യ മന്ത്രി മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേള സന്ദർശിച്ചു
text_fieldsമസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അരാഗ്ചി തന്റെ പുസ്തകത്തിൽ ഒപ്പുവെക്കുന്നു
മസ്കത്ത്: ഒമാനിൽ ആണവ ചർച്ചക്കായെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അരാഗ്ചി മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയിലെത്തി. ഡാർ ലുബാൻ പവിലിയനിൽ എത്തിയ അദ്ദേഹം ഇറാൻ വിദേശകാര്യ മന്ത്രി ‘ദി പവർ ഓഫ് നെഗോഷ്യേഷൻ’ എന്ന തന്റെ പുസ്തകത്തിൽ ഒപ്പുവെക്കുകയും ചെയ്തു.
ചടങ്ങിൽ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, വാർത്താവിതരണ മന്ത്രിയും മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ പ്രധാന കമ്മിറ്റി ചെയർമാനുമായ ഡോ.അബ്ദുള്ള ബിൻ നാസർ അൽ ഹറാസി എന്നിവർ പങ്കെടുത്തു. ബെയ്റൂത്തിൽ ദാർ ഹാഷിം പ്രസിദ്ധീകരിച്ച പുസ്തകം ഡോ ഫാത്തിമ മുഹമ്മദി സിജാനിയാണ് വിവർത്തനം ചെയ്തിരിക്കുന്നത്.
ചർച്ചയുടെ തരങ്ങൾ, ചർച്ച ചെയ്യുന്നയാളുടെ റോളും കഴിവുകളും, ചർച്ചയുടെ ഘട്ടങ്ങളും ആവശ്യങ്ങളും എന്നിവ പര്യവേക്ഷണം ചെയ്യുന്ന ആറ് അധ്യായങ്ങളും ഉൾപ്പെടുന്നത്. ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ പവിലിയനും അദ്ദേഹം സന്ദർശിച്ചു. അവിടെ ഒമാൻ ന്യൂസ് ഏജൻസിയുടെ എ.ഐ. പവർഡ് വെർച്വൽ എക്സിബിഷൻ, ഹിസ്റ്റോറിക്കൽ ഫോട്ടോഗ്രഫി, ഇലക്ട്രോണിക് മീഡിയ ജനറൽ ഡയറക്ടറേറ്റിൽനിന്നുള്ള ഓഡിയോവിഷ്വൽ മെറ്റീരിയലുകൾ എന്നിവയുൾപ്പെടെ നിരവധി ഡിജിറ്റൽ സംരംഭങ്ങൾ അദ്ദേഹം വീക്ഷിച്ചു.
ഇറാനിയൻ നാഷനൽ ലൈബ്രറി ആൻഡ് ആർക്കൈവ്സ് പവലിയൻ, സൗദി അറേബ്യൻ പവലിയൻ എന്നിവ സന്ദർശിച്ച് അപൂർവമായ കൈയെഴുത്തുപ്രതികളും പ്രധാന പ്രസിദ്ധീകരണങ്ങളും കണ്ടുകൊണ്ടാണ് അരാഗ്ചി പുസ്തക മേളയിൽനിന്ന് മടങ്ങിയത്. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന പുസ്തകമേളയിലേക്ക് സ്വദേശികളും വിദേശികളുമടക്കം ആയരക്കണക്കിന് ആളുകളാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ പത്തുമുതൽ രാത്രി പത്തുവരെ നഗരിയിൽ എത്താം.
വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്കുമായിരിക്കും പ്രവേശനം. വാരാന്ത്യ ദിനങ്ങളൊഴികെയുള്ള ദിവസങ്ങളിൽ ഉച്ചവരെ സ്കൂൾ വിദ്യാർഥികൾക്കും സത്രീകൾക്കും പ്രവേശനത്തിന് മുൻഗണന നൽകും. ഈ വർഷം, 35 രാജ്യങ്ങളിൽ നിന്നുള്ള 674 പ്രസാധക സ്ഥാപനങ്ങളാണ് മേളയിലുള്ളത്. അതിൽ 640 എണ്ണം നേരിട്ടും 34 എണ്ണം ഏജൻസികൾ വഴിയും പങ്കെടുക്കുന്നു.
മേളയുടെ പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ആകെ ശീർഷകങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും എണ്ണം 681,041 ആയി. അതിൽ 467,413 അറബി പുസ്തകങ്ങളും 213,610 വിദേശ പുസ്തകങ്ങളും ഉൾപ്പെടുന്നു. കൂടാതെ, 27,464 ഒമാനി പ്രസിദ്ധീകരണങ്ങളും 2024 ലും 2025 ലും പുതുതായി അച്ചടിച്ച 52,205 പുസ്തകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

