ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി ഇറാൻ പ്രതിനിധികൾ
text_fieldsഇറാന്റെ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ
സെക്രട്ടറി അലി ലാറിജാനിയുടെ നേതൃത്വത്തിലുള്ള സംഘം സുൽത്താൻ ഹൈതം ബിൻ താരിഖുമായി ചർച്ച നടത്തു
മസ്കത്ത്: ഇറാൻ-അമേരിക്ക ഭാവി ചർച്ചകളുമായി ബന്ധപ്പെട്ട് ഇറാന്റെ ഉന്നതതല സുരക്ഷാ പ്രതിനിധി സംഘം ചൊവ്വാഴ്ച ഒമാനിൽ എത്തി.ഇറാന്റെ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ (എസ്.എൻ.എസ്.സി) സെക്രട്ടറിയും പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ ഉപദേശകനുമായ അലി ലാറിജാനിയുടെനേതൃത്വത്തിലുള്ള സംഘമാണ് ഒമാനിലെത്തിയത്.സുൽത്താൻ ഹൈതം ബിൻ താരിഖുമായി അദ്ദേഹം അൽ ബറക്ക കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി. ഇറാൻ പ്രസിഡന്റ് ഡോ. മസൂദിന്റെ സന്ദേശം അദ്ദേഹം സുൽത്താന് കൈമാറി. ഏകദേശം മൂന്ന് മണിക്കൂർ നീണ്ടുനിന്ന ഈ ചർച്ചയിൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും പങ്കെടുത്തു.
ഒമാനിലെത്തിയ ഇറാന്റെ ഉന്നതതല സുരക്ഷാ പ്രതിനിധി സംഘത്തെ അൽ ബറക്ക കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് സ്വീകരിക്കുന്നു
കഴിഞ്ഞയാഴ്ച മസ്കത്തിൽ നടന്ന ഇറാൻ-യുഎസ് പരോക്ഷ ചർച്ചകളുടെ തുടർച്ചയായാണ് ഈ സന്ദർശനം. ആണവ കരാർ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ചും മേഖലയിലെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു.ഇറാൻ–യുഎസ് ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാൻ സംഭാഷണം ആവശ്യമാണെന്ന് സുൽത്താൻ ഹൈതം ബിൻ താരിഖ് അഭിപ്രായപ്പെട്ടു. മേഖലയിൽ സ്ഥിരത ഉറപ്പാക്കാനും സംഘർഷം കുറക്കാനും ലക്ഷ്യമിട്ട ഒമാന്റെ നയതന്ത്ര ഇടപെടലുകളുടെ ഭാഗമായാണ് ചർച്ച നടന്നത്. കൂടിക്കാഴ്ചയിൽ ഇറാൻ-യുഎസ് ചർച്ചകളിലെ സമീപകാല പുരോഗതി അവലോകനം ചെയ്തതായും ഇരുപക്ഷത്തിനും അംഗീകരിക്കാവുന്ന സന്തുലിതവും നീതിയുക്തവുമായ കരാറിലെത്താനുള്ള വഴികൾ പരിശോധിച്ചതായും പ്രസ്താവനയിൽ പറഞ്ഞു.
അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിന് സംഭാഷണത്തിലേക്കും ചർച്ചകളിലേക്കും മടങ്ങേണ്ടതിന്റെ പ്രാധാന്യവും ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.തർക്കങ്ങൾ സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കണമെന്ന് ആവശ്യമുയർന്നു. സംഭാഷണത്തിലൂടെ സുരക്ഷയും സ്ഥിരതയും കൈവരിക്കാമെന്ന നിലപാടിൽ ഒമാൻ തന്റെ പിന്തുണ വീണ്ടും ഉറപ്പിച്ചതായും, മേഖലയിലും ആഗോളതലത്തിലും സമാധാനത്തയിനായുള്ള ശ്രമങ്ങൾ തുടരുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. ഒമാന്റെ സന്തുലിത നിലപാടുകളെ ഡോ. അലി ലാരിജാനി പ്രശംസിച്ചു. നിർമാണാത്മക ഇടപെടലുകളിലൂടെ സംഭാഷണം വളർത്താൻ ഒമാൻ വഹിക്കുന്ന സജീവ പങ്ക് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. ഒമാനിലെ ഇറാൻ അംബാസഡറും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

