ഇറാൻ പ്രതിനിധികൾ ഒമാനിൽ; സുൽത്താനുമായി കൂടിക്കാഴ്ച നടത്തി
text_fieldsഇറാൻ വിദേശകാര്യമന്ത്രി ഡോ. അബ്ബാസ് അറാഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് എന്നിവരടങ്ങുന്ന ഉന്നതതല ഇറാനിയൻ പ്രതിനിധി സംഘത്തെ മസ്കത്തിലെ അൽബറക
െകാട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് സ്വീകരിച്ചപ്പോൾ
മസ്‌കത്ത്: ഇറാൻ വിദേശകാര്യമന്ത്രി ഡോ. അബ്ബാസ് അരാഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് എന്നിവരടങ്ങുന്ന ഉന്നതതല ഇറാനിയൻ പ്രതിനിധി സംഘം ഒമാനിൽ ഔദ്യോഗിക സന്ദർശനത്തിനെത്തി. തലസ്ഥാനമായ മസ്‌കത്തിലെത്തിയ സംഘത്തെ ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി സ്വീകരിച്ചു. സന്ദർശനത്തിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖുമായി പ്രതിനിധി സംഘം അൽ ബറക്ക കൊട്ടാരത്തിൽ വെച്ച് കൂടിക്കാഴ്ച നടത്തി. അടുത്തിടെ ഒപ്പുവെച്ച ഇറാൻ-യു.എസ് ധാരണാപത്രം നടപ്പാക്കുന്നതിനെക്കുറിച്ചും അതിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചും ഇറാൻ പ്രതിനിധികൾ സുൽത്താനോട് വിശദീകരിച്ചു.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷയും അതിന്റെ ഭാവി നിയന്ത്രണങ്ങളും കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാവിഷയമായി. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് ഒരുവിധ തടസ്സങ്ങളോ നികുതികളോ ഇല്ലാതെ സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കാൻ ഒമാനും ഇറാനും പ്രതിജ്ഞാബദ്ധമാണെന്ന് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഹുർമുസ് കടലിടുക്കിന്റെ ഭാവി സുരക്ഷാ മേൽനോട്ടത്തിനായി സംയുക്ത വർക്കിങ് ഗ്രൂപ്പ് രൂപീകരിക്കാനും ഇരുപക്ഷവും സമ്മതിച്ചു. ഇറാൻ ആണവ കരാറുമായി ബന്ധപ്പെട്ട വിഷയങ്ങളിലും മേഖലയിലെ മറ്റ് വെല്ലുവിളികളിലും സമാധാനപരമായ പരിഹാരം കണ്ടെത്താൻ ഒമാന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് സുൽത്താൻ ഹൈതം ബിൻ താരീഖ് ഉറപ്പുനൽകി. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനം നിലനിർത്തുന്നതിനും നയതന്ത്ര ചർച്ച തുടരാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു.
ഖത്തർ വിദേശകാര്യമന്ത്രി ഒമാനിൽ
മസ്‌കത്ത്: ഒമാനിൽ ഔദ്യോഗിക സന്ദർശനത്തിനായി എത്തിയ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയെയും പ്രതിനിധി സംഘത്തെയും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി സ്വീകരിച്ചു. ഇന്ന് വൈകുന്നേരം മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സ്വീകരണം. ഒമാനും ഖത്തറും തമ്മിലുള്ള അടുത്ത സാഹോദര്യ ബന്ധം പ്രതിഫലിപ്പിക്കുന്നതാണ് ഈ സന്ദർശനം. ഇരു രാജ്യങ്ങൾക്കും പൊതുവായ താൽപര്യമുള്ള വിവിധ മേഖലകളിൽ സഹകരണവും ഏകോപനവും ശക്തമാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

