ഇറാൻ-അമേരിക്ക ചർച്ച; ചർച്ചകളിൽ ആണവ പദ്ധതി മാത്രമെന്ന് ഇറാൻ
text_fieldsമസ്കത്ത്: വെള്ളിയാഴ്ച ഇറാനും അമേരിക്കയും തമ്മിൽ പരോക്ഷ ചർച്ച നടന്നെങ്കിലും ഏതൊക്കെ വിഷയങ്ങൾ ഉൾപ്പെട്ടെന്ന വിവരം പുറത്തുവരാനിരിക്കുന്നേയുള്ളൂ. ആണവ വിഷയത്തിൽ ന്യായവും പരസ്പരം തൃപ്തികരവും മാന്യവുമായ കരാറിലെത്തുക എന്നതാണ് ചർച്ചകളുടെ ലക്ഷ്യമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കിയത്. ഇറാന്റെ ആണവ പദ്ധതിക്കപ്പുറം മറ്റ് വിഷയങ്ങളും ചർച്ച മേശയിലെത്തിക്കാൻ ട്രംപ് ഭരണകൂടം ശ്രമിച്ചിരുന്നു.
ചർച്ചകൾ പൂർണമായും ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാത്രമാകുമെന്ന് ആവർത്തിച്ച നിലപാടിലാണ് ഇറാൻ. എന്നാൽ, ഈജിപ്ത്, തുർക്കിയ, ഖത്തർ എന്നിവിടങ്ങളിൽനിന്നുള്ള നയതന്ത്ര പ്രതിനിധികൾ ഇറാനോട് ഒരു നിർദേശം മുന്നോട്ടുവെച്ചതായി ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്തു. മൂന്ന് വർഷത്തേക്ക് യുറേനിയം സമ്പുഷ്ടീകരണം നിർത്തിവെക്കുക, ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്തിന് പുറത്തേക്ക് കൈമാറുക, ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് നിർദേശത്തിൽ ഉൾപ്പെട്ടതെന്ന് അൽ ജസീറ റപ്പോർട്ട് ചെയ്യുന്നു.
സമ്പുഷ്ടീകരിച്ച യുറേനിയം ഏറ്റെടുക്കാൻ റഷ്യ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും ആണവ പദ്ധതി അവസാനിപ്പിക്കുന്നതോ യുറേനിയം രാജ്യത്തിന് പുറത്തേക്ക് അയക്കുന്നതോ അംഗീകരിക്കാനാവില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. അതേസമയം, തെഹ്റാൻ നേതൃത്വം നൽകുന്ന ‘പ്രതിരോധ അച്ചുതണ്ട്’ എന്നറിയപ്പെടുന്ന മേഖലാ സായുധ ശൃംഖലയുമായി ബന്ധപ്പെട്ട് ഒരു പ്രതിജ്ഞയും ചർച്ചകളിൽ ഉൾപ്പെടില്ലെന്നും റിപ്പോർട്ടുണ്ട്.
ഇസ്രായേലിനും അമേരിക്കക്കുമെതിരായ പ്രതിരോധ ശക്തിയായി ഇറാൻ വിശേഷിപ്പിക്കുന്ന ഈ ശൃംഖലക്ക്, ഗസ്സയിലെ ഹമാസിനെതിരായ യുദ്ധത്തിനിടെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ വലിയ തോതിൽ ക്ഷതമേറ്റിട്ടുണ്ട്.ആണവ പദ്ധതി മാത്രമല്ല, മറ്റ് വിഷയങ്ങളും ചർച്ചകളിൽ ഉൾപ്പെടണമെന്ന് അമേരിക്കയുടെ വിദേശകാര്യ മന്ത്രി മാർക്കോ റൂബിയോ വ്യക്തമാക്കി.
‘ചർച്ചകൾക്ക് യഥാർഥ ഫലമുണ്ടാവണമെങ്കിൽ, ബാലിസ്റ്റിക് മിസൈലുകളുടെ പരിധി, മേഖലയിൽ ഭീകര സംഘടനകൾക്ക് നൽകുന്ന പിന്തുണ, ആണവ പദ്ധതി, സ്വന്തം ജനങ്ങളോടുള്ള ഭരണകുട ഇപെടൽ തുടങ്ങിയ വിഷയങ്ങൾ എല്ലാം ഉൾപ്പെടണമെന്ന് റൂബിയോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ചർച്ച പുനരാരംഭിച്ചത് സ്വാഗതം ചെയ്ത് യു.എൻ
മസ്കത്ത്: ഇറാനും യു.എസുമായുള്ള ചർച്ചകൾ പുനരാരംഭിച്ചതിനെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറെസ് സ്വാഗതം ചെയ്തു. ഈ ചർച്ചകൾ പ്രാദേശിക സംഘർഷങ്ങൾ ലഘൂകരിക്കുകയും പ്രതിസന്ധി ഒഴിവാക്കുകയും ചെയ്യുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ ചർച്ചകൾ സാധ്യമാക്കുന്നതിനുള്ള മേഖലയിലെ രാജ്യങ്ങളുടെ ശ്രമങ്ങൾക്ക് ഗുട്ടറസ് നന്ദി പറഞ്ഞു.
ചർച്ച ഒമാനിൽ നടത്തിയത് സംബന്ധിച്ച് പ്രത്യേകമായി നന്ദി അറിയിക്കുകയും ചെയ്തു. എല്ലാ ആശങ്കകളും സംഭാഷണത്തിലൂടെ പരിഹരിക്കണമെന്നും, നയതന്ത്രമാണ് സംഘർഷം കുറക്കുന്നതിനും പ്രാദേശിക നിലനിൽപ് ഉറപ്പാക്കുന്നതിനും അനുയോജ്യമായ ഏക മാർഗമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

