ഇറാൻ- അമേരിക്ക ആണവ ചർച്ച; ഒമാന്റെ പങ്കിനെ പ്രശംസിച്ച് ജി.സി.സി മന്ത്രിതല കൗൺസിൽ
text_fieldsകുവൈത്തിൽ നടന്ന ജി.സി.സി മന്ത്രിതല കൗൺസിൽ
മസ്കത്ത്: ആണവ വിഷയവുമായി ബന്ധപ്പെട്ട് ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ സുഗമമാക്കുകയും ആതിഥേയത്വം വഹിക്കുകയും ചെയ്യുന്ന ഒമാന്റെ പങ്കിനെ പ്രശംസിച്ച് ജി.സി.സി മന്ത്രിതല കൗൺസിൽ. കുവൈത്തിൽ നടന്ന 164ാംമത് സെഷനിലാണ് സുൽത്താനേറ്റിന്റെ ഇടപെടലുകളെ പ്രശംസിച്ചത്. ഈ നയതന്ത്ര ശ്രമങ്ങൾക്ക് പിന്തുണ പ്രകടിപ്പിക്കുകയും തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിൽ സംഭാഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.
ചർച്ചകൾ പ്രാദേശിക, അന്തർദേശീയ സുരക്ഷക്കും സ്ഥിരതക്കും കാരണമാകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
ഗസ്സയിലെ ഇസ്രായേൽ ആക്രമണം തടയുന്നതിനും, ഫലസ്തീൻ പൗരന്മാരെ സംരക്ഷിക്കുന്നതിനും, തടസ്സമില്ലാത്ത മാനുഷിക സഹായ വിതരണം ഉറപ്പാക്കുന്നതിനും, കുടിയിറക്കപ്പെട്ട ആളുകളുടെ സുരക്ഷിതമായ തിരിച്ചുവരവ് സാധ്യമാക്കുന്നതിനും അന്താരാഷ്ട്ര സമൂഹവുമായി സഹകരിച്ച് ശ്രമങ്ങൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകത പ്രതിനിധികളുടെ തലവന്മാർ ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര നിയമസാധുത പ്രമേയങ്ങൾക്കനുസൃതമായി ഗസ്സയിൽനിന്നും എല്ലാ അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽനിന്നും ഇസ്രായേൽ സൈന്യത്തെ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന തങ്ങളുടെ ഉറച്ച നിലപാട് ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.
പുതിയ സിറിയൻ ഗവൺമെന്റിന്റെ രൂപവത്കരണത്തെ കൗൺസിൽ സ്വാഗതം ചെയ്യുകയും സിറിയക്കെതിരായ ഉപരോധങ്ങൾ നീക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണത്തെയും ചില ഉപരോധങ്ങൾ ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന യു. കെയുടെ പ്രഖ്യാപനത്തെയും പോസിറ്റീവായി കാണുകയാണെന്നും വ്യക്താക്കി.
സിറിയയുടെ ഐക്യം, പരമാധികാരം, പ്രദേശിക സമഗ്രത എന്നിവ നിലനിർത്തിക്കൊണ്ട് സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കേണ്ടതിന്റെ പ്രാധാന്യം കൗൺസിൽ ഊന്നിപ്പറഞ്ഞു. മേഖലയിലെ സംയോജനവും സമൃദ്ധിയും വർധിപ്പിക്കുന്നതിനായി രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷ, വികസന മേഖലകളിലെ സംയുക്ത ഗൾഫ് സഹകരണത്തിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങൾ യോഗം ചർച്ച ചെയ്തു.
വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയാണ് ഒമാൻ പ്രതിനിധി സംഘത്തെ നയിച്ചത്. ജി.സി.സി വിദേശകാര്യ മന്ത്രിമാരുടെയും ജിസിസി സെക്രട്ടറി ജനറലിന്റെയും സാന്നിധ്യത്തിൽ കുവൈത്തിന്റെ വിദേശകാര്യ മന്ത്രിയും നിലവിലെ കൗൺസിൽ പ്രസിഡന്റുമായ അബ്ദുല്ല ബിൻ അലി അൽ യഹ്യ അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

