ഹുർമുസിലെ സമുദ്ര സുരക്ഷ ചർച്ച ചെയ്ത് ഇറാൻ-ഒമാൻ വിദേശകാര്യ മന്ത്രിമാർ
text_fieldsമസ്കത്ത്: സമുദ്ര സുരക്ഷയും നിലവിലെ പ്രാദേശിക സാഹചര്യങ്ങളും നയതന്ത്ര നീക്കങ്ങളും ചർച്ച ചെയ്ത് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ഫോൺ സംഭാഷണം നടത്തി. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും മേഖലയിൽ സുസ്ഥിരമായ സമാധാനം ഉറപ്പാക്കാനുമുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ഈ അടിയന്തര ചർച്ച നടന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹുർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഇരുരാജ്യങ്ങളും പ്രത്യേകം ചർച്ച ചെയ്തു. അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസ്സമില്ലാതെയും സുരക്ഷിതമായും പുനരാരംഭിക്കേണ്ടതുണ്ട്.
കപ്പലുകൾക്ക് തടസ്സമില്ലാതെയും സുരക്ഷിതമായും ഹുർമൂസിലൂടെ കടന്നുപോകാനുള്ള സാഹചര്യം ഉറപ്പാക്കേണ്ടത് തീരദേശ രാജ്യങ്ങളായ ഒമാന്റെയും ഇറാന്റെയും സംയുക്ത ഉത്തരവാദിത്തമാണെന്ന് ഇരുപക്ഷവും ചൂണ്ടിക്കാട്ടി. നിലവിലുള്ള ഭിന്നതകൾ സൈനിക നീക്കങ്ങളിലൂടെയല്ല, മറിച്ച് സമഗ്രവും നീതിപൂർവകവുമായ രാഷ്ട്രീയ സമീപനങ്ങളിലൂടെയും നയതന്ത്ര ചർച്ചകളിലൂടെയും മാത്രമേ പരിഹരിക്കാൻ സാധിക്കൂ എന്ന് മന്ത്രിമാർ വ്യക്തമാക്കി. മേഖലയിലെ സമാധാന ശ്രമങ്ങളെ ഏകോപിപ്പിക്കുന്നതിനായി ഒമാനും ഇറാനും തമ്മിലുള്ള ഉഭയകക്ഷി നയതന്ത്ര ചർച്ചകൾ വരും ദിവസങ്ങളിലും തുടരാൻ ഇരു വിദേശകാര്യ മന്ത്രാലയങ്ങളും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

