ഇറാൻ-ഇസ്രായേൽ സംഘർഷം; നയതന്ത്ര ശ്രമങ്ങൾ സജീവമാക്കി ഒമാൻ
text_fieldsമസ്കത്തിൽ നടന്ന ഒമാൻ-ജർമൻ ഉന്നതതല യോഗം
മസ്കത്ത്: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ നയതന്ത്ര ശ്രമങ്ങൾ സജീവമാക്കി ഒമാൻ. ഇറാനിൽ ഇസ്രായേലിന്റെ നിയമവിരുദ്ധമായ ആക്രമണത്തെ തുടർന്നുണ്ടായ പിരിമുറുക്കങ്ങൾ ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒമാൻ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കിയത്. നിലവിലെ സംഘർഷ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ തുടങ്ങിയവർ ഫോണിൽ സംസാരിച്ചു. പ്രശ്ന പരിഹാരത്തിന് അന്താരാഷ്ട്ര നടപടിയുടെ ആവശ്യകത ചർച്ചയായി. അതിനിടെ സംഘർഷം ഒഴിവാക്കുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ച് ഒമാൻ-ജർമ്മൻ അധികൃതർ മസ്കത്തിൽ ഉന്നതതല യോഗം ചേർന്നു. ഔദ്യോഗിക സന്ദർശനത്തിനായി ഒമാനിലെത്തിയ ജർമ്മൻ വിദേശകാര്യ മന്ത്രി ഡോ. ജോഹാൻ വഡെഫുളും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും കൂടിക്കാഴ്ച് നടത്തി. സംഘർഷ സാഹചര്യങ്ങളും ഗസ്സയിലെ ഇസ്രായേൽ സൈനിക അധിനിവേശവും വംശഹത്യയും യോഗത്തിൽ മുഖ്യവിഷയമായി. പ്രശ്ന പരിഹാരത്തിന് ഇരുപക്ഷവും കാഴ്ച്പ്പാടുകൾ കൈമാറി. ഇസ്രായേലിന്റെ തുടർച്ചയായ അന്താരാഷ്ട്ര നിയമലംഘനം സയ്യിദ് ബദർ ചർച്ചയിൽ ഉയർത്തിക്കാട്ടി. ദ്വിരാഷ്ട്ര പരിഹാരവും ഫലസ്തീൻ രാഷ്ട്രത്തിന്റെ അന്താരാഷ്ട്ര അംഗീകാരം വിപുലീകരിക്കുന്നതിലും ഒമാൻ വിദേശകാര്യമന്ത്രി നിലപാടറിയിച്ചു. പ്രാദേശിക സ്ഥിരത ഉറപ്പാക്കുന്നതിന് സമാധാനപരമായ പരിഹാരങ്ങളെ പിന്തുണക്കുകയും നയതന്ത്ര ശ്രമങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ ഇരുപക്ഷവും ചർച്ച ചെയ്തു.
ഇസ്രായേൽ ആക്രമണം തടയുന്നതിന് രാഷ്ട്രീയവും നിയമപരവുമായ സമ്മർദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെ സയ്യിദ് ബദർ സഹോദര സൗഹൃദ രാജ്യങ്ങളിലെ നേതാക്കളുമായുള്ള സംഭാഷണങ്ങൾ തുടരുകയാണ്. പ്രാദേശിക പ്രതിസന്ധി കൂടുതൽ വഷളാക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഇസ്രായേലിന്റെ ക്രൂരമായ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര ശ്രമങ്ങളുടെ ആവശ്യകത ഉയർത്തിപ്പിടിച്ചാണ് ഒമാന്റെ നയതന്ത്ര നീക്കങ്ങൾ. സുരക്ഷയും സമാധാനവും കൈവരിക്കുന്നതിനുള്ള ഏക മാർഗം നയതന്ത്ര പരിഹാരങ്ങൾ മാത്രമാണെന്നും സുൽത്താനേറ്റ് ആവർത്തിക്കുന്നു. ഇതുവഴി സമാധാന ശ്രമങ്ങൾക്കുള്ള തുറന്ന സന്നദ്ധത പ്രകടിപ്പിക്കുകയാണ്.
ഇറാൻ പ്രസിഡന്റിനെ സുൽത്താൻ ഫോണിൽ വിളിച്ചു
സംയമനം, ശാന്തത, നയതന്ത്രത്തിലേക്കുള്ള തിരിച്ചുവരവ് എന്നിവക്ക് സുൽത്താൻ ആഹ്വാനം ചെയ്തു
മസ്കത്ത്: മേഖലയിൽ വർധിച്ചുവരുന്ന സംഘർഷത്തിനിടെ ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെശസ്കിയാനെ ഫോണിൽ വിളിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനവും സഹതാപവും അറിയിച്ച സുൽത്താൻ, അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളിൽ അപലപിക്കുകയും ചെയ്തു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. ഇരുവശത്തുനിന്നും സംഘർഷം ലഘൂകരിക്കാൻ ചർച്ചകൾ, സംഭാഷണങ്ങൾ, ധാരണ എന്നിവയിലേക്കുള്ള തിരിച്ചുവരവിന്റെയും പ്രാധാന്യത്തെക്കുറിച്ച് സുൽത്താൻ ഊന്നിപ്പറഞ്ഞു. നിലവിലുള്ള സംഘർഷം തടയാൻ ഒമാൻ ഗവൺമെന്റിന്റെ എല്ലാ രാഷ്ട്രീയ, നയതന്ത്ര മാർഗങ്ങളിലൂടെയും സജീവമായി സംഭാവന നൽകുന്നതിനുള്ള പ്രതിജ്ഞാബദ്ധത സുൽത്താൻ വീണ്ടും ഉറപ്പിച്ചു പറഞ്ഞു.
ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെശസ്കിയാൻ, സുൽത്താൻ ഹൈതം ബിൻ താരിഖ് (ഫയൽ)
സമാധാനപരമായ മാർഗങ്ങളിലൂടെ കാഴ്ചപ്പാടുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനും സംഘർഷങ്ങൾ പരിഹരിക്കുന്നതിനും, എല്ലാ രാജ്യങ്ങളുടെയും സ്ഥിരതയും സമൃദ്ധിയും വളർത്തുന്നതിനും സുൽത്താന്റെ നേതൃത്വത്തിൽ ഒമാൻ സർക്കാർ നടത്തുന്ന ആത്മാർഥമായ ശ്രമങ്ങളെ ഇറാൻ പ്രസിഡന്റ് അഭിനന്ദിച്ചു.
ഒമാൻ എയർ ജോർഡനിലേക്കുള്ള സർവിസുകൾ റദ്ദാക്കി
മസ്കത്ത്: മേഖലയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഒമാൻ തലസ്ഥാനമായ മസ്കത്തിനും ജോർദാൻ തലസ്ഥാനമായ അമ്മാനും ഇടയിൽകഴിഞ്ഞ ദിവത്തെ വിമാന സർവിസുകൾ ഒമാൻ എയർ റദ്ദാക്കി.
അസൗകര്യത്തിൽ ആത്മാർത്ഥമായി ഖേദിക്കുന്നതായും സാഹചര്യങ്ങൾ തങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും ഒമാൻ എയർ പ്രസ്താവനയിൽ പറഞ്ഞു. വിവരങ്ങൾ തുടർന്നും അറിയിക്കുമെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

