ഇറാൻ-ഇസ്രായേൽ സംഘർഷം; സ്ഥിതിഗതികൾ നിരീക്ഷിച്ച് ഒമാൻ
text_fieldsസുൽത്താൻ ഹൈതം ബിൻ താരിഖ്
മസ്കത്ത്: ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച് ഒമാൻ. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി ലോകമെമ്പാടുമുള്ള വിദേശകാര്യ മന്ത്രിമാരുമായി ഫോണിൽ സംസാരിച്ചു. മേഖലയിലെ അപകടകരമായ സൈനിക വർധനവും പിരിമുറുക്കങ്ങളും നിയന്ത്രിക്കുന്നതിനുള്ള തുടർച്ചയായ നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് സയ്യിദ് ബദറിന് ഫോൺ കോളുകൾ ലഭിച്ചത്.
കൂടുതൽ രക്തച്ചൊരിച്ചിൽ, നാശം, ജീവഹാനി എന്നിവ തടയുന്നതിനും മേഖലയിലെയും അവിടത്തെ ജനങ്ങളുടെയും സുരക്ഷ, സ്ഥിരത, പരമോന്നത താൽപര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര നിയമത്തിന്റെയും നീതിയുടെയും അടിസ്ഥാനത്തിൽ സമാധാനപരമായ മാർഗങ്ങളിലൂടെ ആക്രമണം തടയുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം സയ്യിദ് ബദർ ഫോണിൽ സംസാരിച്ചുവരുമായി പങ്കുവെച്ചു. മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി സുൽത്താൻ ഹൈതം ബിൻ താരിഖുമായി ഫോണിൽ വിളിച്ചു.
പ്രാദേശിക സംഭവവികാസങ്ങൾ അവർ ചർച്ച ചെയ്യുകയും മേഖലയിലെ എല്ലാ ജനങ്ങളുടെയും പ്രയോജനത്തിനായി സുരക്ഷയും സ്ഥിരതയും നിലനിർത്തുന്ന രീതിയിൽ സ്ഥിതിഗതികൾ വഷളാക്കാനും സംഘർഷങ്ങൾ കുറക്കാനുമുള്ള വഴികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു.
മേഖലയിൽ സംഘർഷം ലഘൂകരിക്കുന്നതിനും സംഭാഷണവും നയതന്ത്രവും പ്രോത്സാഹിപ്പിക്കുന്നതിനും സുൽത്താനേറ്റ് സ്വീകരിച്ച ബുദ്ധിപരമായ സമീപനത്തിനും സുൽത്താന്റെ ക്രിയാത്മക പങ്കിനും ഇറ്റാലിയൻ പ്രധാനമന്ത്രി അഗാധമായ നന്ദി അറിയിച്ചു. പരസ്പര താൽപര്യമുള്ള നിരവധി വിഷയങ്ങൾ ഇരുപക്ഷവും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സഹകരണം വികസിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.
ഇതിനിടെ ഒമാനിൽനിന്നും മറ്റു രാജ്യങ്ങളിലേക്ക് യാത്ര നടത്തുന്നവർ ചില മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഒമാൻ എയർപോർട്ട്സും വ്യക്തമാക്കി. വിമാനത്താവളങ്ങളിലേക്ക് പോകുന്നതിന് മുമ്പായി എയർലൈൻസ് അധികൃതരുമായി ബന്ധപ്പെട്ടോ സൈറ്റുകൾ പരിശോധിച്ചോ വിമാനങ്ങളുടെ നിലവിലെ സ്റ്റാറ്റസ് എന്താണെന്ന് പരിശോധിക്കണം. സംഘർഷം രൂക്ഷമായതിനാൽ ചില വ്യോമാതിർത്തികൾ അടച്ചിടാനും സർവീസിൽ ചില തടസ്സങ്ങൾ നേരിടാനും സാധ്യതയുണ്ടെന്നും ഒമാൻ എയർപോർട്ട്സ് വിശദമാക്കി.
മസ്കത്ത്-അമ്മാൻ റൂട്ടിൽ വിമാനം റദ്ദാക്കി ഒമാൻ എയർ
മസ്കത്ത്: മേഖലയിലെ സംഭവവികാസങ്ങൾ കണക്കിലെടുത്ത് മസ്കത്തിനും അമ്മാനും ഇടയിൽ ജൂൺ 14, 15 തീയതകളിൽ സർവിസ് നടത്തുന്ന ഡബ്ല്യു.വൈ 411, ഡബ്ല്യു.വൈ 412 വിമാനങ്ങൾ റദ്ദാക്കിയതായി ഒമാൻ എയർ അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണനയെന്ന് എയർലൈൻ വ്യക്തമാക്കി.
ഈ റദ്ദാക്കൽ ഞങ്ങളുടെ വിലപ്പെട്ട യാത്രക്കാർക്ക് ഉണ്ടായേക്കാവുന്ന അസൗകര്യങ്ങൾ ഞങ്ങൾ തിരിച്ചറിയുന്നു. ഇതിന്റെ ഫലമായി ഉണ്ടാകുന്ന ആഘാതം ലഘൂകരിക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകാൻ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് ഒമാൻ എയർ പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ ദിവസവും ഇതേ റൂട്ടിലുള്ള വിമാന സർവിസുകൾ ഒമാൻ എയർ റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

