ഇറാൻ ആക്രമണം: കരുതലോടെ ഒമാൻ, വിമാന സർവിസുകൾക്ക് തടസം
text_fieldsമസ്കത്ത്: ഇറാനെതിരായ ഇസ്രായേൽ ആക്രമണവും ഗൾഫ് മേഖലയിൽ ഇറാൻ നടത്തുന്ന ആക്രമണവും ആശങ്ക പടർത്തുന്ന സാഹചര്യത്തിൽ കരുതലോടെ ഒമാൻ. നിലവിൽ ഒമാനിൽ ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, മേഖലയിൽ പല രാജ്യങ്ങളും വ്യോമപാത അടച്ചതിനാൽ ഒമാനിൽനിന്നും തിരിച്ചുമുള്ള ചില വിമാന സർവിസുകൾ നിർത്തിവെച്ചിട്ടുണ്ട്. ചില രാജ്യങ്ങളിലെ വ്യോമപാതകൾ അടച്ചിട്ട സാഹചര്യത്തിൽ, ബന്ധപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്രതിരിക്കുന്നവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് തങ്ങളുടെ എയർലൈൻസുമായി നേരിട്ട് ബന്ധപ്പെടണമെന്ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചു.
സർവീസുകളിൽ വൈകാനോ സമയക്രമത്തിൽ മാറ്റംവരാനോ സാധ്യതയുള്ളതിനാൽ യാത്രക്കാർ യാത്രാസംബന്ധമായ പുതുക്കിയ വിവരങ്ങൾ ഉറപ്പുവരുത്തണമെന്നും അധികൃതർ വ്യക്തമാക്കി. മേഖലയിലെ പുതിയ സാഹചര്യങ്ങളെ തുടർന്ന് ബഗ്ദാദിലേക്കും ബഗ്ദാദിൽ നിന്നുമുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി ഒമാൻ എയർ അറിയിച്ചു. മറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവിസുകൾ നിലവിൽ നിശ്ചിത സമയക്രമപ്രകാരം തുടരുന്നുവെന്നും ആവശ്യമായിടത്ത് സംഘർഷ പ്രദേശങ്ങളിൽനിന്ന് ദൂരെയുള്ള വ്യോമപാതകൾ ഉപയോഗിക്കുന്നതായും അധികൃതർ വ്യക്തമാക്കി. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സർവീസ് നില പരിശോധിക്കണമെന്ന് കമ്പനി നിർദേശിച്ചു.
ദോഹയിലേക്കുള്ള സർവീസുകൾ റദ്ദാക്കിയതായി സലാം എയർ അറിയിച്ചു. സാഹചര്യം നിരന്തരം വിലയിരുത്തുകയാണെന്നും തുടർനടപടികൾ പിന്നീട് അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഇറാനും അതിന്റെ വ്യോമപാതയുമായി ബന്ധപ്പെട്ട മേഖലയിലെ പുതിയ വിവരങ്ങൾ അടുത്തുനിന്ന് നിരീക്ഷിച്ചുവരികയാണെന്ന് ഇൻഡിഗോ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് പ്രാധാന്യമെന്ന് കമ്പനി വ്യക്തമാക്കി. സാഹചര്യമനുസരിച്ച് ആവശ്യമായ മാറ്റങ്ങൾ നടപ്പാക്കാൻ തയാറാണെന്നും യാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ് സർവീസ് നില പരിശോധിക്കണമെന്നും അറിയിച്ചു. സർവീസുകളിൽ മാറ്റമുണ്ടാകുന്ന പക്ഷം രജിസ്റ്റർ ചെയ്ത യാത്രക്കാരുടെ ഫോൺ നമ്പറുകളിൽ വിവരങ്ങൾ നൽകുമെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

