നിക്ഷേപാവസരങ്ങൾ തുറന്ന് ‘ഇൻവെസ്റ്റ് ഒമാൻ’ ഹാൾ
text_fields‘ഇൻവെസ്റ്റ് ഒമാൻ’ ഹാൾ ഉദ്ഘാടന ചടങ്ങ്
മസ്കത്ത്: വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അങ്കണത്തിൽ ‘ഇൻവെസ്റ്റ് ഒമാൻ’ ഹാൾ ഉദ്ഘാടനം ചെയ്തു. ഒമാനിലെ ബിസിനസ് അന്തരീക്ഷം വികസിപ്പിക്കുന്നതിനും വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും പ്രാദേശികവത്കരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
ധനകാര്യ മന്ത്രി സുൽത്താൻ സലിം അൽ ഹബ്സിയുടെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. ചടങ്ങിൽ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് മുഹമ്മദ് അൽ യൂസഫ്, ഉന്നതർ, വിശിഷ്ട വ്യക്തികൾ, ജി.സി.സി അംബാസഡർമാർ, നിക്ഷേപകർ, സുൽത്താനേറ്റിന് അകത്തും പുറത്തുമുള്ള ബിസിനസ് ഉടമകൾ, സർക്കാർ, സ്വകാര്യ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഒമാനിൽ നിക്ഷേപ പദ്ധതി സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള എല്ലാ നടപടിക്രമങ്ങളും ആവശ്യകതകളും പൂർത്തീകരിക്കുന്ന അന്തരീക്ഷം വർധിപ്പിക്കുകയാണ് ‘ഇൻവെസ്റ്റ് ഒമാൻ’ ഹാൾ ലക്ഷ്യമിടുന്നത്.
എല്ലാ മേഖലകളിലെയും നിക്ഷേപ അവസരങ്ങളും നിക്ഷേപകർക്ക് നൽകുന്ന പ്രോത്സാഹനങ്ങളും സൗകര്യങ്ങളും ഹാളിൽ പ്രദർശിപ്പിക്കും. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, മസ്കത്ത് മുനിസിപ്പാലിറ്റി, റോയൽ ഒമാൻ പൊലീസ് (ഇമിഗ്രേഷൻ, പാസ്പോർട്ട്), പ്രത്യേക സാമ്പത്തിക മേഖലകൾക്കും സ്വതന്ത്ര മേഖലകൾക്കുമുള്ള പബ്ലിക് അതോറിറ്റി (ഒ.പി.എ.ഇസെഡ്), പരിസ്ഥിതി അതോറിറ്റി, ഭവന, നഗരാസൂത്രണ മന്ത്രാലയം, പൈതൃക, ടൂറിസം മന്ത്രാലയം, കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം, തൊഴിൽ മന്ത്രാലയം, ജുഡീഷ്യറിക്ക് വേണ്ടിയുള്ള ഭരണകാര്യ സമിതി (നോട്ടറി പബ്ലിക്), ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവയാണ് ‘ഇൻവെസ്റ്റ് ഒമാൻ’ ഹാളിൽ വരുന്നത്.
വാണിജ്യ ബാങ്ക്, ടെലികമ്യൂണിക്കേഷൻ കമ്പനി, നിയമ ഉപദേശക ഓഫിസ്, അക്രഡിറ്റേഷൻ ഓഫിസ് എന്നിവയുൾപ്പെടെ ഹാളിനുള്ളിൽ നിക്ഷേപകരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന ആറ് സ്വകാര്യ സ്ഥാപനങ്ങളും ഉൾപ്പെടുന്നുണ്ട്. ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാർക്കും അണ്ടർ സെക്രട്ടറിമാർക്കും ‘ഇൻവെസ്റ്റ് ഒമാൻ’ ഹാളിനെയും അതു നൽകുന്ന സേവനങ്ങളെയും അടുത്തറിയുന്നതിനുള്ള പര്യടനവും ഒരുക്കിയിരുന്നു. നിക്ഷേപകരുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തി അവരുടെ പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനും ഒമാനിൽ ലഭ്യമായ നിക്ഷേപ അവസരങ്ങൾ അവതരിപ്പിക്കുന്നതിനുമായാണ് ഹാൾ രൂപകൽപന ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

