മെനാപ് മേഖലയിലെ ടെസ്റ്റിങ് ശൃംഖല ശക്തമാക്കാൻ ഇന്റർടെക്
text_fieldsഇന്റർടെക് പുതിയ ലബോറട്ടറി ദുകത്ത് ഉദ്ഘാടനം ചെയ്തപ്പോൾ
മസ്കത്ത്: മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, പാകിസ്താൻ (മെനാപ്) മേഖലയിലെ സാങ്കേതിക സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ രാജ്യാന്തര സേവന ദാതാക്കളായ ഇന്റർടെക് ദുകത്ത് പുതിയ ലബോറട്ടറി സ്ഥാപിച്ചു. ഊർജം, ചരക്കു വിതരണ ശൃംഖല എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ കാര്യക്ഷമമായ സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഒമാനിലെ അതിവേഗം വളരുന്ന വ്യാവസായിക-ലോജിസ്റ്റിക്‌സ് കേന്ദ്രമായ ദുകത്ത്, ഉപഭോക്താക്കളുടെ പ്രവർത്തന മേഖലയിൽ അത്യാധുനിക ടെസ്റ്റിങ്-അഷ്വറൻസ് സേവനങ്ങൾ എത്തിക്കാൻ ഈ ലാബ് സഹായിക്കുമെന്ന് ഇന്റർടെക് അധികൃതർ പറഞ്ഞു. ഇന്ധനം, പെട്രോളിയം ഉൽപന്നങ്ങൾ എന്നിവയുടെ പരിശോധനാ ഫലങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും പ്രാദേശിക സാങ്കേതിക പിന്തുണ മെച്ചപ്പെടുത്താനും ലാബ് ഉപകരിക്കും.
വിവിധ വ്യാപാര പങ്കാളികളും ഉപഭോക്താക്കളും കമ്പനി പ്രതിനിധികളും പങ്കെടുത്ത ചടങ്ങിലായിരുന്നു ലബോറട്ടറിയുടെ ഉദ്ഘാടനം. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്വതന്ത്ര പരിശോധനയും ഇൻസ്‌പെക്ഷൻ സേവനങ്ങളും നൽകുന്ന ലാബിൽ പെട്രോളിയം ഉൽപന്നങ്ങളുടെ ഗുണനിലവാരം, പ്രകടനക്ഷമത, സുരക്ഷാ മാനദണ്ഡങ്ങൾ, ശുചിത്വം, ജല മലിനീകരണം, സ്പെസിഫിക്കേഷൻ പാലനം എന്നിവയുമായി ബന്ധപ്പെട്ട പരിശോധനകൾ ലഭ്യമാണ്. സുസ്ഥിരവും സുരക്ഷിതവുമായ വ്യാവസായിക വളർച്ചക്ക് പുതിയ ലാബ് വലിയ പിന്തുണ നൽകുമെന്ന് ഇന്റർടെക് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

