അന്താരാഷ്ട്ര വനിതാ ഹോക്കി ടൂർണമെന്റ് 24 മുതൽ
text_fieldsഅന്താരാഷ്ട്ര വനിതാ ഹോക്കി ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്യുന്നു
മസ്കത്ത്: ഒമാൻ ഹോക്കി അസോസിയേഷൻ സംഘടിപ്പിക്കുന്ന രാജ്യത്തെ പ്രഥമ അന്താരാഷ്ട്ര വനിത ഹോക്കി ടൂർണമെന്റ് 24,25,26 തീയതികളിൽ മസ്കത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്റ്റേഡിയം കോംപ്ലക്സിൽ ആയിരിക്കും മത്സരങ്ങൾ. ഫൈവ് എ സൈഡ് ഫോർമാറ്റിലായിരിക്കും ഗെയിം. ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം 24ന് വൈകീട്ട് 6.00 മണിക്ക് നടക്കും. മത്സരങ്ങൾ ഉച്ചക്ക് രണ്ടുമണി മുതൽ തുടങ്ങും.
അടുത്ത വർഷം ജനുവരിയിൽ ഒമാൻ ഫൈവ് എ സൈഡ് വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കാൻ പോവുകയാണ്. അതുകൊണ്ടുതന്നെ ടൂർണമെന്റിനെ വളരെ പ്രാധാന്യത്തോടെയാണ് സുൽത്താനേറ്റ് കാണുന്നത്. ഏഷ്യൻ ഹോക്കി ഫെഡറേഷന്റെ അംഗീകാരവും ടൂർണമെന്റിനുണ്ട്. ഇന്ത്യയിൽനിന്ന് മൂന്ന്, ദുബൈ, ഈജിപ്ത് എന്നിവിടങ്ങളിൽ ഓരോ വീതവുമടക്കം അഞ്ച് അന്താരാഷ്ട്ര ടീമുകളും ഒമാനിൽനിന്നുള്ള മൂന്ന് ടീമുകളുമാണ് ടൂർണമെന്റിൽ സ്റ്റിക്കേന്തുന്നത്.
എല്ലാവരും പരസ്പരം ഏറ്റുമുട്ടുന്ന തരത്തിലുള്ള റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന നാല് ടീമുകൾ സെമി ഫൈനലിലെത്തും. ഉയർന്ന നിലവാരമുള്ള ടൂർണമെന്റിനായി എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി ഒമാൻ ഹോക്കി അസോസിയേഷൻ ചെയർമാനും, വനിതാ അന്താരാഷ്ട്ര ഹോക്കി ടൂർണമെന്റ് സുൽത്താനേറ്റിലേക്ക് കൊണ്ടുവന്നതിനുപിന്നിൽ പ്രവർത്തിച്ചവരിൽ പ്രധാനിയുമായ ഡോ. മർവാൻ ജുമാ അൽ ജുമ പറഞ്ഞു. ഇന്ത്യൻ കായികരംഗത്തുണ്ടായ വനിതാ മുന്നേറ്റങ്ങളെക്കുറിച്ച് വാർത്തസമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങിന്റെ പത്നി ദിവ്യ നാരങ് ചൂണ്ടിക്കാണിച്ചു. ഇത്തരം ഒരു ടൂർണമെന്റ് സംഘിപ്പിക്കാൻ മുൻകൈയെടുത്ത ഒമാൻ ഹോക്കി അസോസിയേഷനെ അഭിനന്ദിച്ച ദിവ്യ നാരങ്, ഒമാൻ വനിതാ ഹോക്കി ടീമിന് മികച്ച വിജയം കൈവരിക്കാൻ ആംശസ നേരുകയും ചെയ്തു. ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും കായിക രംഗത്ത് സജീവമായ യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബും ടൂർണമെന്റിന് പിന്തുണയുമായി രംഗത്തുണ്ട്. ടൂർണമെന്റിന്റെ ലോഗോ പ്രകാശനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

