അന്താരാഷ്ട്ര ശിൽപ ക്യാമ്പിന് ഇന്നു തുടക്കം
text_fieldsമസ്കത്ത്: അന്താരാഷ്ട്ര ശിൽപ ക്യാമ്പിന്റെ എട്ടാമത് പതിപ്പ് സുഹാറിലെ വാദി അൽ ജിസിയിൽ ഫെബ്രുവരി 10 മുതൽ 18 വരെ നടക്കും. സുൽത്താനേറ്റിലെ കലകളെ പ്രോത്സാഹിപ്പിക്കുന്നതിനും വിനോദസഞ്ചാരത്തെ പിന്തുണക്കുന്നതിനുമായി നടത്തുന്ന ക്യാമ്പിൽ 11 രാജ്യങ്ങളിൽനിന്നുള്ള 24 ശിൽപികൾ പങ്കെടുക്കും. വടക്കൻ ബാത്തിനയിലെ ഗവർണറുടെ ഓഫിസും സുഹാറിലെ വാലി ഓഫിസും സുഹാർ മുനിസിപ്പാലിറ്റിയും ചേർന്നാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ശിൽപികളിൽ രണ്ടുപേർ ഒമാനികളാണ്. റഷ്യ, യു.എസ്, ഇറ്റലി, ജർമനി, തുർക്കിയ, ഈജിപ്ത്, കുവൈത്ത്, യു.എ.ഇ, മൊറോക്കോ, തുനീഷ്യ, സിറിയ, ലബനാൻ, സുഡാൻ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് മറ്റുള്ളവരെന്ന് ക്യാമ്പ് സൂപ്പർവൈസർ ഡോ. അലി അൽ ജാബ്രി പറഞ്ഞു.
മാർബിൾ, സ്റ്റോൺ, വുഡ് ശിൽപ നിർമാണം തുടങ്ങിയ മേഖലകളിൽ ശിൽപികൾക്ക് അറിവും വൈദഗ്ധ്യവും കൈമാറാനുള്ള അവസരമാണ് ക്യാമ്പ്. ‘ശിൽപകലയുടെ ഒരു ദശാബ്ദം’ എന്ന തലക്കെട്ടിൽ സുൽത്താനേറ്റിലെയും വിദേശത്തെയും എഴുത്തുകാരും നിരൂപകരും അക്കാദമിക് വിദഗ്ധരും പങ്കെടുക്കുന്ന സിമ്പോസിയവും നടക്കും. സാംസ്കാരിക, കലാകാരന്മാരുടെ പരിപാടികൾ, ഡിജിറ്റൽ മോഡലിങ്, മരപ്പണി എന്നിവയെക്കുറിച്ചുള്ള വർക്ക്ഷോപ്പുകൾ എന്നിവയാണ് മറ്റു പ്രവർത്തനങ്ങൾ. ഒമാൻ വിഷൻ 2040ന് അനുസൃതമായി ക്രിയേറ്റിവ് വ്യവസായങ്ങൾ വികസിപ്പിക്കുകയാണ് ക്യാമ്പ് ലക്ഷ്യമിടുന്നതെന്ന് അലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

