അന്താരാഷ്ട്ര സാക്ഷരതദിനം ആചരിച്ചു
text_fieldsമസ്കത്ത്: അന്താരാഷ്ട്ര സാക്ഷരതദിനം ഒമാൻ വിവിധ പരിപാടികളോടെ ആചരിച്ചു. 'ബഹുഭാഷാ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക: പരസ്പര ധാരണക്കും സമാധാനത്തിനും സാക്ഷരത' എന്ന മുദ്രാവാക്യത്തിന് കീഴിലാണ് ഈ വർഷം സാക്ഷരത ദിനം അഗോളതലത്തിൽ ആചരിച്ചത്. നിരക്ഷരത തുടച്ചുനീക്കുന്നതിനുള്ള പദ്ധതികളും സഹായ പരിപാടികളും വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ നടന്നുവരുന്നുണ്ട്.
വായന, എഴുത്ത് എന്നിങ്ങനെയുള്ള എല്ലാ രൂപങ്ങളിലും നിരക്ഷരതക്കെതിരെ പോരാടാനും അത് ഇല്ലാതാക്കാനും ഒമാൻ 1973-1974 കാലം തൊട്ടേ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. സാധാരണ വിദ്യാഭ്യാസത്തിന്റെ കുടക്കീഴിൽ വരാത്ത സമൂഹത്തിലെ ചില വിഭാഗങ്ങൾക്കായി മന്ത്രാലയത്തിന് കീഴിലുള്ള പൊതുവിദ്യാഭ്യാസത്തിന്റെയും തുടർവിദ്യാഭ്യാസത്തിന്റെയും ജനറൽ ഡയറക്ടറേറ്റ് വിദ്യാഭ്യാസ പരിപാടികൾ നടത്തുന്നുണ്ട്.
സാക്ഷരതാ ക്ലാസുകളിലെ മുതിർന്ന പഠിതാക്കൾ, മുതിർന്നവർക്കുള്ള വിദ്യാഭ്യാസം, കെയർ ഹോമുകളിലെ പഠിതാക്കൾ, തിരുത്തൽ സ്ഥാപനങ്ങൾ (ജയിലുകൾ), വൈകല്യമുള്ളവർ (പ്രത്യേക വിദ്യാഭ്യാസം) എന്നിങ്ങനെയുള്ള വിഭാഗങ്ങൾക്കാണ് വിദ്യഭ്യാസ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
നിരക്ഷരത സങ്കീർണമായ സാമൂഹികവും സാംസ്കാരികവുമായ പ്രശ്നമാണ്. അത് എല്ലാ സർക്കാർ, സ്വകാര്യ, സിവിൽ മേഖലകളുടെയും സംയുക്ത പരിശ്രമത്തിലൂടെ മാത്രമേ ഇല്ലാതാകുകയുള്ളൂവെന്നും സുൽത്താനേറ്റ് അടിവരയിട്ട് പറഞ്ഞു. പൗരന്മാർക്കിടയിൽ നിരക്ഷരത ഇല്ലാതാക്കൽ ത്വരിതപ്പെടുത്തുന്നതിനായി വിദ്യഭ്യാസ മന്ത്രാലയം വിവിധ കക്ഷികളുമായും സഹകരണം വിപുലപ്പെടുത്തിയിട്ടുണ്ട്.
സാക്ഷരത ക്ലാസുകളിലെ വിദ്യാർഥികൾക്ക് പ്രത്യേകമായി പാഠ്യപദ്ധതി നൽകൽ, പൊതുവിദ്യാഭ്യാസ ഡിപ്ലോമയോ അതിലധികമോ ബിരുദധാരികളായവരെ സാക്ഷരതാ ക്ലാസുകളിൽ പഠിപ്പിക്കാൻ ഉൾപ്പെടുത്തൽ, സാക്ഷരത വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ്, മുതിർന്നവർക്കുള്ള വിദ്യാഭ്യാസം, തുറന്ന ക്ലാസ് മുറികൾ, സ്പെഷലൈസ്ഡ് സൂപ്പർവൈസർമാരാൽ പുരോഗതി നിരീക്ഷിക്കൽ, വിദ്യാഭ്യാസ പോർട്ടൽ വഴി സാക്ഷരതാ സംവിധാനത്തിൽ ഇലക്ട്രോണിക് രീതിയിൽ വിദ്യാർഥികളെ രജിസ്റ്റർ ചെയ്യൽ തുടങ്ങിയവ മന്ത്രാലയം ചെയ്തുവരുന്ന പരിപാടികളാണ്.
പഠന ഗ്രാമങ്ങൾ പദ്ധതി, സഹകരണ വിദ്യാലയങ്ങൾ പദ്ധതി, മന്ത്രാലയത്തിൽ പ്രവർത്തിക്കുന്ന നിരക്ഷരർക്കുള്ള സാക്ഷരതാ പദ്ധതി, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന നിരക്ഷരരായ ഒമാനികൾക്കുള്ള സാക്ഷരതാ പദ്ധതി, താമസക്കാർക്കുള്ള സാക്ഷരതാ പദ്ധതി തുടങ്ങി നിരവധി പരിപാടികളും പദ്ധതികളും മന്ത്രാലയം നടപ്പാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

