അന്താരാഷ്ട്ര ഹാക്കത്താൺ: സുഹാർ ഇന്ത്യൻ സ്കൂൾ പൂർവവിദ്യാർഥിക്ക് തിളക്കമാർന്ന വിജയം
text_fieldsഹാക്ക്ടെക്ക് 2023ൽ ഒന്നാം സ്ഥാനം നേടിയ നിഹാൽ ഗിരീഷ് സമ്മാനം ഏറ്റുവാങ്ങുന്നു
സുഹാർ: ബംഗളുരു ക്രൈസ്റ്റ് കോളജിന്റെയും കൊറിയയിലെ ഇൻഡോ-കൊറിയ സയൻസ് ആൻഡ് ടെക്നോളജി സെന്ററിന്റെയും ആഭിമുഖ്യത്തിൽ നടന്ന ഹാക്ക്ടെക്ക് 2023ൽ സുഹാർ ഇന്ത്യൻ സ്കൂൾ പൂർവ്വവിദ്യാർഥിയും ക്രൈസ്റ്റ് കോളജിൽ ഒന്നാംവർഷ ബി.ടെക്ക് വിദ്യാർഥി യുമായ നിഹാൽ ഗിരീഷ് ഒന്നാം സ്ഥാനം നേടി. രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് വിജയിക്കു ലഭിച്ചത്. അനേകം വിദ്യാർഥികൾ പങ്കെടുത്ത് മാസങ്ങളോളം നീണ്ട ഈ മത്സരത്തിൽ അവസാന റൗണ്ടിലെത്തിയ ഏക ഒന്നാംവർഷ വിദ്യാർഥികൂടിയാണ് നിഹാൽ.
യൊലോവി8 ടെക്നോളജി ഉപയോഗിച്ചു റെക്കോഡഡ് വിഡിയോകളിൽനിന്നു ഓടിക്കൊണ്ടിരുന്ന വാഹനങ്ങളുടെ ഘടനയും, സ്പീഡും മറ്റു വിശദാംശങ്ങളും മനസ്സിലാക്കാൻ പറ്റുന്ന ഒരു സോഫ്റ്റ്വെയറാണ് നിഹാൽ കോഡ്ചെയ്തത്.
സൂപ്പർ കമ്പ്യൂട്ടറുകളുടെ സഹായത്തോടെ ടെസ്റ്റ് ചെയ്യപ്പെട്ട ഈ പ്രോഗ്രാം, ട്രാഫിക് കൺട്രോൾ അധികാരികൾക്കും എ.ഐ കാമറകൾക്കും ഓട്ടോമേറ്റഡ് വാഹനങ്ങൾക്കും ഒരുപോലെ ഉപയോഗ പ്രദമായിരിക്കുമെന്നു കരുതപ്പെടുന്നു. ഐ.കെ.എസ്.ടി ഡയറക്ടറായ ഡോക്ടർ സീയൂങ്-ഷീയോൾ-ലീയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹാക്കത്താൺ വിജയികളെ തിരഞ്ഞെടുത്തത്.
ആരോഗ്യരംഗത്ത് എ.ഐയും മെഷീൻ ലേർണിങ് ടെക്നോളജിയും ഉപയോഗിച്ചു രോഗനിർണയം വേഗത്തിലും കൃത്യതയോടെയും ചെയ്യാൻ ഡോക്ടർമാരെ സഹായിക്കുന്ന ഒരു സ്റ്റാർട്ടപ്പ് തുടങ്ങണമെന്നാണ് നിഹാലിന്റെ ആഗ്രഹം. വടകര സ്വദേശിയായ ഈ വിദ്യാർഥി, എടച്ചേരി സെൻട്രൽ എൽ.പി.എസിലെ പ്രധാനധ്യാപിക സിൽജയുടെയും സുഹാർ യൂനിവേഴ്സിറ്റിയിൽ അധ്യാപകനായ ഡോക്ടർ ഗിരീഷ് നാവത്തിന്റെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

