ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലനം; അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനുമേൽ സമ്മർദം ചെലുത്തണം- ഒമാൻ
text_fieldsമസ്കത്തിലെ ഡിപ്ലോമാറ്റിക് ക്ലബിൽ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച വാർഷിക ചടങ്ങിൽ
വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി സംസാരിക്കുന്നു
മസ്കത്ത്: ഫലസ്തീനിലെ വെടിനിർത്തൽ പാലിക്കപ്പെടുന്നതിനായി അന്താരാഷ്ട്രസമൂഹം ഇസ്രായേലിനുമേൽ ഫലപ്രദമായ സമ്മർദം ചെലുത്തണമെന്നും ഫലസ്തീനിലെ പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാൻ വെടിനിർത്തൽ അനിവാര്യമണെന്നും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി പറഞ്ഞു. ഒമാനിലെ അംബാസഡർമാരും നയതന്ത്രപ്രതിനിധി മിഷനുകളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും മേധാവികളെ പങ്കെടുപ്പിച്ച് വിദേശകാര്യ മന്ത്രാലയം ഡിപ്ലോമാറ്റിക് ക്ലബിൽ സംഘടിപ്പിച്ച ആറാം വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീൻപ്രദേശത്തെ സംഭവവികാസങ്ങളും ഗസ്സയിലെ ദുരവസ്ഥയും യോഗം ചർച്ച ചെയ്തു.
ഒക്ടോബർ ഒമ്പതിനുണ്ടായ വെടിനിർത്തൽ കരാറിനായുള്ള മധ്യസ്ഥതയിൽ അമേരിക്ക, ഖത്തർ, ഈജിപ്ത്, തുർക്കിയ, ഫലസ്തീൻ പ്രതിനിധികൾ എന്നിവരുടെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു. എന്നാൽ ഇസ്രായേൽ ഈ വെടിനിർത്തൽ കരാർ ആവർത്തിച്ച് ലംഘിച്ചു. ഇതുമൂലം നൂറുകണക്കിന് ഫലസ്തീനികൾ കൊല്ലപ്പെട്ടു. വെടിനിർത്തൽ പാലിക്കപ്പെടുന്നതിനായി അന്താരാഷ്ട്രസമൂഹം ഇസ്രായേലിന്മേൽ ഫലപ്രദമായ സമ്മർദം ചെലുത്തണം.
പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കണം. ഭാവിയിലുള്ള ഏത് രാഷ്ട്രീയപ്രക്രിയയിലും പാലസ്തീൻ ജനതയുടെ യഥാർഥ പ്രാതിനിധിത്യം ഉറപ്പാക്കണം. ഗസ്സയുടെ ഭരണവുമായി ബന്ധപ്പെട്ട ഏത് ക്രമീകരണവും പുറത്തുനിന്ന് നിയന്ത്രിക്കപ്പെടാൻ പാടില്ലെന്നും ഏതെങ്കിലും ഫലസ്തീനിയൻ വിഭാഗത്തെ ഒഴിവാക്കിയും ആവരുതെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീൻ രാജ്യത്തെ അധീനപ്പെടുത്തിക്കൊണ്ട് സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന ഇസ്രായേലിന്റെ സൈനികനടപടികൾ പ്രദേശത്തെ സുരക്ഷക്ക് അപകടകരമായ വെല്ലുവിളിയാണ്. ഫലസ്തീനെ പൂർണ നയതന്ത്ര അംഗീകാരമുള്ള രാജ്യമായി പ്രഖ്യാപിച്ച രാജ്യങ്ങൾക്ക് ഒമാന്റെ നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, ഇത് ഫലസ്തീനികളുടെ സ്വയം നിർണയാവകാശത്തെയും സ്വതന്ത്ര രാഷ്ട്രസ്ഥാപനം എന്ന ലക്ഷ്യത്തെയും പിന്തുണക്കുന്ന ആഗോള ഭൂരിപക്ഷത്തിന്റെ നിലപാട് ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിവിൽ, രാഷ്ട്രീയ അവകാശങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര ഉടമ്പടിയെ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അംഗീകരിച്ച തീരുമാനത്തെ മനുഷ്യാവകാശ മാനദണ്ഡങ്ങളുമായി ഒമാൻ ചേർന്നുപ്രവർത്തിക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പായി മന്ത്രി വിലയിരുത്തി.
മേഖലയിലെ സമകാലീന വിഷയങ്ങളിൽ അഭിപ്രായവിനിമയം നടത്തുകയും ദേശീയ വികസന കാഴ്ചപ്പാടും ഒമാൻ മിഷൻ 2040 പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവലോകനം ചെയ്യുകയുമായിരുന്നു വിദേശകാര്യ മന്ത്രാലയം വിളിച്ചുചേർത്ത യോഗത്തിന്റെ ലക്ഷ്യം.രാജ്യാന്തര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് അംബാസഡർമാർ നടത്തുന്ന ശ്രമങ്ങൾക്ക് യോഗത്തിൽ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അർമേനിയ, അസർബൈജാൻ, യുക്രെയ്ൻ എംബസികളും ലോകബാങ്ക് ഓഫിസും ഒമാനിൽ തുറന്നത് അദ്ദേഹം സ്വാഗതം ചെയ്തു.
അന്തർദേശീയ വ്യാപാരം, നേരിട്ടുള്ള വിദേശനിക്ഷേപം, സംയുക്ത പദ്ധതികൾ, സാങ്കേതിക പുരോഗതി, ഗ്രീൻ ട്രാൻസിഷൻ തുടങ്ങിയ മേഖലകളിൽ ഒമാൻ മിഷൻ 2040 ന്റെ സമീപനങ്ങൾ സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു. ജീവിക്കാനും തൊഴിൽ ചെയ്യാനും നിക്ഷേപിക്കാനും ഏറ്റവും ആകർഷകമായ മേഖലകളിലൊന്നാകാൻ ഒമാൻ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഭാവിയിൽ വ്യക്തിഗത വരുമാനനികുതി (പേഴ്സനൽ ഇൻകം ടാക്സ്) നടപ്പാക്കാനുള്ള നീക്കത്തെയും മന്ത്രി പരാമർശിച്ചു. ഭാവിയിൽ എണ്ണ-വാതക വിഭവങ്ങളിൽനിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിച്ചാൽ മതിയാവില്ലെന്ന ഘട്ടത്തിലേക്ക് രാജ്യം നീങ്ങുമ്പോൾ ദീർഘകാല സാമ്പത്തികസ്ഥിരത ഉറപ്പാക്കാനുള്ള ദീർഘ ദർശന ചുവടുവെപ്പാണ് പേഴ്സണൽ ഇൻകം ടാക്സ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നീതിയുക്തമായ പൗരന്മാരുടെ സംഭാവന, സമൂഹത്തിന്റെ സാമ്പത്തിക കെട്ടുറപ്പിനും അന്തസുള്ള ജീവിതത്തിന്റെയും അടിസ്ഥാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒമാനുമായുള്ള സഹകരണബന്ധം ശക്തിപ്പെടുത്തുന്നതിന് നയതന്ത്ര മിഷനുകൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക് വിദേശകാര്യമന്ത്രി നന്ദി അറിയിച്ചു.
ഒമാനുമായുള്ള പങ്കാളിത്തം കൂടുതൽ ഊർജിതമാക്കാനുള്ള താൽപര്യം മിഷൻ മേധാവികൾ യോഗത്തിൽ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

