കനത്ത ചൂട്; പുറത്തിറങ്ങാനാവാതെ നാട്ടിൽനിന്നെത്തിയ പ്രവാസി കുടുംബങ്ങൾ
text_fieldsമസ്കത്ത്: ഈ വർഷം ഏപ്രിൽ-മേയ് മാസങ്ങളിൽ അനുഭവപ്പെട്ട കനത്ത ചൂട് നാട്ടിൽ നിന്നെത്തിയ പ്രവാസികളുടെ കുടുംബങ്ങൾക്ക് വിനയാവുന്നു. പൊതെുവെ ഈ മാസങ്ങളിൽ ഒമാനിൽ പ്രയാസമില്ലാത്ത കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്. സാധാരണ മേയ് അവസാനത്തോടെയാണ് കനത്ത ചൂട് അനുഭവപ്പെടുന്നത്. എന്നാൽ, ഇത്തവണ എപ്രിൽ ആദ്യം മുതൽതന്നെ ചൂട് വർധിക്കുകയായിരുന്നു. ഏപ്രിൽ മാസത്തിലെ ചില ദിവസങ്ങളിൽ താപനില 45 ഡിഗ്രി സെൾഷ്യസ് കടന്നിരുന്നു. ഒമാന്റെ ചരിത്രത്തിൽ മുമ്പെങ്ങും ഏപ്രിൽ മാസത്തിൽ താപനില ഇത്ര ഉയർന്നിരുന്നില്ല. എന്നാൽ ഈ വർഷം ഏപ്രിൽ ആദ്യം മുതൽ തന്നെ താപനില ഉയരാൻ തുടങ്ങിയിരുന്നു.
മേയ് മാസത്തിന്റെ ചില ദിവസങ്ങളിൽ താപനിലക്ക് കുറവുണ്ടായിരുന്നെങ്കിലും പകൽ സമയത്ത് പുറത്തിറങ്ങാനും മറ്റും പറ്റിയതായിരുന്നില്ല.ഒമാനിൽ കഴിയുന്ന പ്രവാസികളുടെ കുടുംബങ്ങൾ ഏപ്രിൽ ആദ്യത്തോടെയാണ് ഒമാനിൽ സന്ദർശക വിസയിലും മറ്റും എത്തുന്നത്. പ്രവാസികളുടെ കുടുംബങ്ങളിൽ ബഹുഭൂരിപക്ഷവും നാട്ടിലെ സ്കൂളുകളിൽ പഠിക്കുന്നതിനാൽ സ്കൂൾ അവധിക്കാണ് ഇവർ എത്തുന്നത്. കേരളത്തിലെ സ്കൂളുകളിൽ മാർച്ച് അവസാനത്തിൽ വാർഷിക പരീക്ഷ നടക്കുന്നതിനാൽ അതും കഴിഞ്ഞാണ് ഒമാനിലേക്ക് പറക്കുന്നത്.
ഈ വർഷം സാധാരണയിൽ കൂടുതൽ പ്രവാസി കുടുംബങ്ങളാണ് സന്ദർശക വിസയിൽ എത്തിയിരിക്കുന്നത്. ഒമാനിലെ വിസ നിയമങ്ങളിലെ ഇളവും പ്രയാസമില്ലാതെ സന്ദർശക വിസ ലഭിക്കുന്നതും ഇത്തരക്കാർക്ക് അനുഗ്രഹമായിരുന്നു. അതോടൊപ്പം താമസ ഇടം എളുപ്പത്തിൽ ലഭിക്കുന്നതും താമസ ഇടങ്ങൾക്കും മറ്റുമുള്ള ചെലവ് കുറവും നിരവധി കുടുംബങ്ങളെ ഒമാനിലേക്ക് ആകർഷിച്ചിരുന്നു. നാട്ടിലെ കുടുംബത്തെ ഒമാൻ കാണിച്ചു കൊടുക്കുകയെന്നത് സാധാരണ പ്രവാസിയുടെ സ്വപ്നം കൂടിയാണ്.
എന്നാൽ, ഈ വർഷത്തെ കടുത്ത ചൂട് കാരണം ഇങ്ങനെ സന്ദർശക വിസയിലെത്തിയ പലർക്കും പകൽ സമയം മുഴുവൻ താമസ ഇടത്ത് കഴിച്ചു കൂട്ടേണ്ട അവസ്ഥയായിരുന്നു. ചൂട് കാരണം പാർക്കുകളും മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളും ഒഴിഞ്ഞ് കിടന്നതും ഇത്തരക്കാർക്ക് പ്രയാസമായി.നാട്ടിലെ മാർച്ചിലെ ചൂടിൽനിന്ന് ഒമാനിലെ ഏപ്രിലിലെ കടും ചൂടിലേക്കാണ് പല പ്രവാസി കുടുംബങ്ങളും എത്തിയത്. ഇടത്തരം പ്രവാസികളിൽ പലർക്കും സ്വന്തമായി വാഹനങ്ങളില്ലാത്തതിനാൽ അനുയോജ്യമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്താനും പ്രയാസമായിരുന്നു. ഏതായാലും ചൂട് കടുത്തതോടെ പലരും രാത്രി സമയങ്ങളിലാണ് പുറത്തിറങ്ങുന്നത്. ഇതോടെ രാതി കാലങ്ങളിൽ നഗരങ്ങളിലും ഇത്തരക്കാരുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

