അൽ ബുസ്താനിൽ സംയോജിത ടൂറിസം പദ്ധതി
text_fieldsമസ്‌കത്ത്: മസ്‌കത്തിലെ അൽ ബുസ്താൻ പ്രദേശത്ത് സംയോജിത ടൂറിസം സമുച്ചയം വികസിപ്പിക്കുന്നതിനായി പൈതൃകവും ടൂറിസം മന്ത്രാലയം ഒമാൻ ടുറിസം ഡെവലപ്മെന്റ് കമ്പനിയുമായി 15 കോടി ഒമാനി റിയാലിന്റെ കരാർ ഒപ്പുവെച്ചു. 138,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിർമ്മിക്കുന്ന പദ്ധതി നാല് വർഷത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പൈതൃക ടൂറിസം മന്ത്രി സയ്യിദ് ഇബ്രാഹിം ബിൻ സഈദ് അൽ ബുസൈദിയും ഒംറാൻ ഗ്രൂപ്പ് സി.ഇ.ഒ എൻജിനീയർ അയാദ് അലി അൽ ബലൂഷിയും കരാറിൽ ഒപ്പുവച്ചു.
മസ്‌കത്ത് ഗവർണറേറ്റിന്റെ മധ്യഭാഗത്താണ് പദ്ധതി വരുന്നതെന്നതിനാൽ ടൂറിസം അടിസ്ഥാന സൗകര്യ വികസനത്തിന് ഇത് വഴിയൊരുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മസ്‌കത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളോട് ചേർന്ന് നിൽക്കുന്ന രീതിയിലാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്.
യാച്ച് ടൂറിസം വികസനത്തിന് സഹായകരമായ മറീന ഈ പദ്ധതിയുടെ പ്രധാന സവിശേഷതകളിലൊന്നാണ്.ടൂറിസം രംഗത്തെ ആഗോള ഓപറേറ്ററായ ഫോർ സീസന്റെ മേൽനോട്ടത്തിൽ സംയോജിത ടൂറിസം കേന്ദ്രമായി പദ്ധതി വികസിപ്പിക്കുകയാണ് ലക്ഷ്യം.
200 മുറികളുള്ള ആഗോള നിലവാരമുള്ള ഹോട്ടൽ, 91 ബ്രാൻഡഡ് ലക്ഷ്വറി ഫ്രീഹോൾഡ് വസതികൾ, മറീന, യാച്ച് ക്ലബ്, റസ്റ്ററന്റുകൾ, വ്യാപാര സ്ഥാപനങ്ങൾ, സേവന സൗകര്യങ്ങൾ, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു.ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ശക്തിപ്പെടുത്തുക,ഒമാനി പൗരന്മാർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കരാർ ഒപ്പുവെച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

