നജ്ദിൽ സംയോജിത കാർഷിക കേന്ദ്രം വരുന്നു
text_fieldsനജ്ദ് കാർഷിക മേഖല
മസ്കത്ത്: ദോഫാറിലെ നജ്ദ് പ്രദേശത്ത് ഒമാനിലെ ആദ്യത്തെ സംയോജിത കാർഷിക കേന്ദ്രം വരുന്നു. കാർഷിക ഉൽപന്നങ്ങളുടെ ശേഖരണം, തരംതിരിക്കൽ, വിപണനം എന്നിവക്കായുള്ള സംയോജിത കേന്ദ്രത്തിന്റെ നിർമാണം ഒമാൻ കാർഷിക വികസന കമ്പനി ആരംഭിച്ചു. മസ്കത്ത് - കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയത്തിലെ നജ്ദ് കാർഷിക വികസന ഓഫിസുമായി സഹകരിച്ചാണ് പദ്ധതി വികസിപ്പിക്കുന്നത്.
നജ്ദിലെ കാർഷിക സമൂഹവുമായുള്ള സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മേഖലയിലെ കാർഷിക ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. പ്രാദേശിക കർഷകരിൽ നിന്നുള്ള ഉൽപന്ന ശേഖരണം, കോൾഡ് സ്റ്റോറേജ്, തരംതിരിക്കൽ, പാക്കേജിങ്, സംസ്കരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഉൽപന്ന ഗുണനിലവാരം മെച്ചപ്പെടുത്തുക, മാലിന്യം കുറക്കുക, നജ്ദിന്റെ കാർഷിക ഉൽപാദനത്തിനായുള്ള വിപണി പ്രവേശനം പ്രാദേശികമായും പ്രാദേശികമായും വികസിപ്പിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. നജ്ദിൽ ഇത്തരത്തിലുള്ള ആദ്യത്തെ സൗകര്യമായി മാറാൻ പോകുന്ന കേന്ദ്രം ഒമാന്റെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനും സഹായിക്കും. പ്രതിവർഷം 50,000 ടൺ ശേഷിയും 4,300 ചതുരശ്ര മീറ്റർ വിസ്തൃതിയുമുള്ള കേന്ദ്രം, മേഖലയിൽ നിന്നുള്ള ഉൽപന്നങ്ങളുടെ ഗുണനിലവാരവും വിപണനക്ഷമതയും ഗണ്യമായി വർധിപ്പിക്കും.
2026ന്റെ രണ്ടാം പാദത്തിന്റെ അവസാനത്തോടെ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നാണ് കണക്ക്കൂട്ടൂന്നത്. കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമായ കാർഷിക മേഖല കെട്ടിപ്പടുക്കുന്നതിനുള്ള തന്ത്രപരമായ ഒരു ചുവടുവെപ്പനെയാണ് ഇത് പ്രതിനിധീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

