വൻകിട നിക്ഷേപങ്ങളും ബിസിനസ് വിജയഗാഥകളുമായി ഇൻസ്പയർ ഒമാൻ സമ്മിറ്റിന് സമാപനം
text_fieldsമസ്കത്ത്: ഒമാന്റെ നിക്ഷേപ സാധ്യതകൾ ഉയർത്തിക്കാട്ടിയും അന്താരാഷ്ട്ര ബിസിനസ് പങ്കാളിത്തം ശക്തമാക്കിയും ‘ഇൻസ്പയർ ഒമാൻ ഇൻവെസ്റ്റേഴ്സ് സമ്മിറ്റ്’ സമാപിച്ചു. മസ്കത്തിലെ സെന്റ് റീജിസിൽ നടന്ന ഉച്ചകോടിയിൽ ഒമാൻ, മറ്റ് ജി.സി.സി രാജ്യങ്ങൾ, ഇന്ത്യ,പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ നിക്ഷേപകർ, സംരംഭകർ, നയരൂപകർത്താക്കൾ എന്നിവർ പങ്കെടുത്തു.
ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ മീഫ്രണ്ട് സംഘടിപ്പിച്ച ഉച്ചകോടി, സുൽത്താനേറ്റിന്റെ പൈതൃകവും സാമ്പത്തിക പുരോഗതിയും നിക്ഷേപസാധ്യതകളും വരച്ചുകാട്ടുന്നതായി.
ആഗോള സമ്പദ്വ്യവസ്ഥയിലെ മാറ്റങ്ങൾക്കിടയിലും ഒമാൻ വാഗ്ദാനം ചെയ്യുന്ന സുസ്ഥിരതയും ആഗോള വിപണികളിലേക്കുള്ള പ്രവേശനവും പുതിയ അവസരങ്ങൾ തുറക്കുന്നതായി ഒ.സി.സി.ഐ ചെയർമാൻ ശൈഖ് ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് പറഞ്ഞു. കേവലം മൂലധന സമാഹരണത്തിനപ്പുറം, സാങ്കേതികവിദ്യ കൈമാറുന്നതിനും തദ്ദേശീയമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള പങ്കാളിത്തമാണ് ഒമാൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ ഒമാൻ രാജ കുടുംബാംഗം സയ്യിദ് മുഹമ്മദ് ബിൻ സാലിം അൽ സഈദ് മുഖ്യാതിഥിയായി. തുടർന്ന് പ്രമുഖ കമ്പനികളായ ഹോട്ട്പാക്കും സീ പ്രൈഡും തമ്മിൽ ബർക്കയിൽ സംയോജിത പാക്കേജിംഗ് കോംപ്ലക്സ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം കൈമാറി. ഹോട്ട്പാക്കിനെ പ്രതിനിധീകരിച്ച് സൈനുദ്ദീൻ പി.ബി (കോ-ഫൗണ്ടർ ആൻഡ് ഗ്രൂപ്പ് സി.ഒ.ഒ), സീ പ്രൈഡിനെ പ്രതിനിധീകരിച്ച് മുഹമ്മദ് അമീൻ സേടട് (സി.ഇ.ഒ), ബാസിം ഷാജഹാൻ (ഡയറക്ടർ) എന്നിവരും പങ്കെടുത്തു.
ദുകം സാമ്പത്തിക മേഖലയിൽ 10 ദശലക്ഷം ഡോളർ ചെലവിൽ സെമി റിഫൈനറിയും ഓയിൽ-വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്റ്റും സ്ഥാപിക്കുനന പ്രീമിയം ഗ്ലോബൽ ഗ്രൂപ്പ് പദധതിയും 30 ലക്ഷം ഒമാനി റിയാൽ നിക്ഷേപത്തിൽ എഞ്ചിനീയറിംഗ് ആൻഡ് മാനുഫാക്ചറിംഗ് സൗകര്യം ഒരുക്കുന്ന ഇ.എം. ബദ്റുദ്ദീൻ ആൻഡ് പാർട്ണേഴ്സ് എൽ.എൽ.സിയുടെ പദ്ധതിയും
ഖസാഇൻ ഇക്കണോമിക് സിറ്റിയിൽ അവെൻസോ ഫാർമയുടെ സംയോജിത ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചറിംഗ് കോംപ്ലക്സ് പദ്ധതിയും ഖസാഇനിൽ 'ബിയാങ്ക' ബ്രാൻഡിന് കീഴിൽ 60 ലക്ഷത്തിലധികം റിയാലിന്റെ അൽ ഫിദാൻ ഗ്രൂപ്പ് പദ്ധതിയും ചടങ്ങിൽ പ്രഖ്യാപിച്ചു.
ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഒമാൻ ഉൾപ്പെടെയുള്ള സുഹൃദ് രാജ്യങ്ങൾക്ക് വലിയ അവസരമാണ് നൽകുന്നതെന്ന് ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ പറഞ്ഞു. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യ 7.5 ശതമാനത്തിലധികം വളർച്ച കൈവരിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2026 ജൂൺ 1-ന് നിലവിൽ വന്ന ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) ഇരുരാജ്യങ്ങളും തമ്മിലുള്ള വിപണി പ്രവേശനവും നിക്ഷേപവും കൂടുതൽ എളുപ്പമാക്കുമെന്ന് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സതീഷ് ബി. കൃഷ്ണൻ വിശദീകരിച്ചു.
ഒമാന്റെ സാമ്പത്തിക പുരോഗതിക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സംഭാവന നൽകിയ പ്രമുഖ സംരംഭകരെ ചടങ്ങിൽ ആദരിച്ചു. ഡോ. പി. മുഹമ്മദ് അലി, കിരൺ ആഷർ എന്നിവർ തങ്ങളുടെ ബിസിനസ്സ് അനുഭവങ്ങൾ പങ്കുവെച്ച 'മീറ്റ് ദി പയനിയേഴ്സ്' സെഷനും ശ്രദ്ധേയമായി. രാജ്യാന്തര മോട്ടിവേഷണൽ സ്പീക്കർ അർഫീൻ ഖാൻ നയിച്ച സെഷൻ സദസ്സിന് പുതിയൊരു അനുഭവമായി മാറി. ഒ.സി.സി.ഐ വിദേശ നിക്ഷേപ സമിതി അധ്യക്ഷൻ അബ്ദുൽ ലത്തീഫ് ഉപപള, കർണാടക ആരോഗ്യമന്രതി യു.ടി. ഖാദർ, എന്നവരും സംസാരിച്ചു.
ബിസിനസ് രംഗത്തെ സുസ്ഥിര മാതൃകയെ കുറിച്ചുള്ള ചർച്ചയിൽ ഒമാന്റെ ഹരിത ഭാവിയും സർക്കുലർ ഇക്കോണമിയും അടിസ്ഥാനമാക്കി പാനൽ ചർച്ച നടനനു. ഒമാൻ പരിസ്ഥിതി അതോറിറ്റിയിലെ എൻവയോൺമെന്റൽ കോംപ്ലയൻസ് വിഭാഗം ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് സൈഫ് അൽ കൽബാനി, ഒമാനിൽ മാലിന്യസംസ്കരണത്തെ ലാഭകരമായ ബിസിനസ് മാതൃകകളാക്കി മാറ്റിയ പ്രവാസി വ്യവസായ പ്രമുഖരായ നൗഷാദ് റഹ്മാൻ, ഇബ്രാഹിം അബ്ദുൽ റഹീം, ഇ.എം. ബദറുദ്ദീൻ എന്നിവർ പങ്കെടുത്തു. മൈനിങ്-മിനറൽസ് മേഖലയിലെ നിക്ഷേപ അവസരങ്ങളെ കുറിച്ചുള്ള ഹ്രസ്വ സെഷൻ ഷിജു ശശിധരൻ അവതരിപ്പിച്ചു. ഒമാനിലെ ഫിഷറീസ് മേഖലയിലെ നിക്ഷേപ-വാണിജ്യ സാധ്യതകൾ ചർച്ച ചെയ്ത പ്രത്യേക സെഷനിൽ വകുപ്പുതല ഡയറക്ടർ ഡോ. ഹുസൈൻ മുഹമ്മദ് അൽ മസ്കത്തി, പ്രവാസി വ്യവസായി മുഹമ്മദ് അമീൻ സേട്ട് എന്നിവർ പങ്കെടുത്തു. ഒമാൻവിഷൻ 2040 ലേകകുളള സുൽത്താനേറ്റിന്റെ ജൈത്രയാത്രയിലേക്കുളള ചൂണ്ടുപലകയായും ഒമാനിലെ പ്രവാസി വ്യവസായികളുടെ വിജയഗാഥകളുടെ അടയാളപ്പെടുത്തലായും ഇൻസ്പയർ ഒമാൻ സമ്മിറ്റ് മാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

