ഇന്തോ- ഒമാൻ അന്താരാഷ്ട്ര ചലച്ചിത്രമേള ഫെബ്രുവരി രണ്ടു മുതൽ
text_fieldsമസ്കത്തിലെ ഒമാനി സൊസൈറ്റി ഫോർ ഫൈൻ ആർട്സ് വേദിയിൽ നടന്ന ഇന്തോ- ഒമാൻ അന്താരാഷ്ട്ര ചലച്ചിത്രമേള
പ്രഖ്യാപന ചടങ്ങിൽനിന്ന്
മസ്കത്ത്: ഒമാനും ഇന്ത്യയും തമ്മിലുള്ള സൗഹൃദത്തിന്റെയും നയതന്ത്ര ബന്ധത്തിന്റെയും 70 വർഷങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇന്തോ- ഒമാൻ അന്താരാഷ്ട്ര ചലച്ചിത്രമേള ഐ.ഐ.എഫ്.എഫ്-2026ന്റെ പ്രാരംഭ ചടങ്ങ് മസ്കത്തിലെ ഒമാനി സൊസൈറ്റി ഫോർ ഫൈൻ ആർട്സ് വേദിയിൽ നടന്നു.
ഫെബ്രുവരി രണ്ടു മുതൽ എട്ടുവരെയാണ് മേള. അറബിക് ചിത്രമായ വിക്രം വേദയാണ് ഉദ്ഘാടന ചിത്രം. മലയാള സിനിമകളായ സൗദി വെള്ളക്ക, സുഡാനി ഫ്രം നെജീരിയ, അറിയിപ്പ്, തൊണ്ടി മുതലും ദൃക്സാക്ഷിയും തുടങ്ങിയവ പ്രദർശിപ്പിക്കും.
മെഹ്റാ ഡേയ്സ് (അറബി), ഹെല്ലാരോ (ഗുജറാത്തി), ഇംഗ്ലീഷ് വിങ്ലീഷ് (ഹിന്ദി) എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ഒമാൻ സാംസ്കാരിക,കായിക, യുവജനകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ, ഒമാനിലെ ഇന്ത്യൻ എംബസി, ഇന്റർനാഷനൽ ഫിലിം ഫൗണ്ടേഷൻ ഓഫ് ഒമാൻ എന്നിവയുടെ സഹകരണത്തോടെയാണ് ഐ. ഐ.എഫ്.എഫ്-2026 സംഘടിപ്പിക്കുന്നത്. സിനിമയിലൂടെ സൃഷ്ടിപരമായ സഹകരണം, സാംസ്കാരിക കൈമാറ്റം, പ്രതിഭ വികസനം, വ്യവസായ പങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തുക എന്നതാണ് ഫെസ്റ്റിവലിന്റെ മുഖ്യലക്ഷ്യം.
സുധ ഷാ ആണ് ഫെസ്റ്റിവൽ ഡയറക്ടർ. പ്രാരംഭ ചടങ്ങ് ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ്, സൈപ്രസ് അംബാസഡറും മസ്കത്തിലെ യൂറോപ്യൻ യൂനിയൻ ഗ്രൂപ് ചെയർമാനുമായ ആജിസ് ലൊയിസൂ എന്നിവർ ചേർന്ന് നിർവഹിച്ചു. ഫെസ്റ്റിവലിന്റെ ഭാഗമായി, ഒമാനി പൗരന്മാരും ഒമാനിൽ താമസിക്കുന്ന ഇന്ത്യൻ നിവാസികളും നിർമിച്ച ചെറുചിത്രങ്ങളുടെ മത്സരവും സംഘടിപ്പിക്കും. ബോളിവുഡ് താരങ്ങളായ മാധുരി ദീക്ഷിത്, ആമിർ ഖാൻ എന്നിവർ ഫെസ്റ്റിവലിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. ആമിർ ഖാനെ പ്രത്യേകമായി ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

