ഇൻഡോ–ഒമാൻ ഹ്രസ്വ ചലച്ചിത്രമേള: സോളിലോക്വ മികച്ച ചിത്രം
text_fieldsമസ്കത്ത്: പ്രഥമ ഇൻഡോ-ഒമാൻ ഹ്രസ്വ ചലച്ചിത്രമേള സമാപിച്ചു. ഇന്ത്യൻ എംബസിയും ഒമാൻ ഫിലിം സൊസൈറ്റിയും കലാമണ്ഡലം ഒമാെൻറ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചത്. ഇന്ത്യൻ എംബസി ഒാഡിറ്റോറിയത്തിൽ നടന്ന സമാപന ചടങ്ങിൽ മികച്ച ഹ്രസ്വചിത്രം, മികച്ച ഡയറക്ടർ, മികച്ച നടൻ, മികച്ച നടി, മികച്ച തിരക്കഥാകൃത്ത്, മികച്ച ഛായാഗ്രഹണം എന്നീ വിഭാഗങ്ങളിൽ അവാർഡുകൾ നൽകി. ജൂറി അംഗങ്ങളായ സമ അൽ ഇസ്സ, രാജസേനൻ, തുളസിദാസ്, ലൈല ഹബീബ്, അമ്മർ ഇബ്രാഹിം എന്നിവരാണ് അവാർഡ് പ്രഖ്യാപിച്ചത്.
സലാലയിൽനിന്നുള്ള ഒരു കൂട്ടം സിനിമാ പ്രവർത്തകർ അണിയിച്ചൊരുക്കിയ സോളിലോക്വ ആണ് മികച്ച ചിത്രം. ജെറി ജേക്കബ് ആണ് സംവിധായകൻ. 500 റിയാൽ കാഷ് അവാർഡും മെമേൻറായും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് മികച്ച ചിത്രത്തിനുള്ള അവാർഡ്. ‘ആയുധം പഴകു’ എന്ന ചിത്രം സംവിധാനം ചെയ്ത തസ്ലീം ആണ് മികച്ച സംവിധായകൻ. മികച്ച ബാലനടിക്കുള്ള പുരസ്കാരം ‘ബി മൈ മം’ എന്ന ചിത്രത്തിലെ അഭിനയത്തിന് ശിഖ അൽ ആംറിക്ക് ലഭിച്ചു.
‘ഹോ കരം’ എന്ന ചിത്രത്തിൽ അഭിനയിച്ച ജാബെർ ഖാസിമും ‘മാരത്തൺ ഫോർ എ മീൽ’ എന്ന ചിത്രത്തിൽ അഭിനയിച്ച അഭിമന്യു അനീഷും മികച്ച ബാലനടനുള്ള പുരസ്കാരം പങ്കുവെച്ചു. ഡിയർ ന്യൂസ് എഡിറ്ററിലെ സുധിൻ വാസുവാണ് മികച്ച ഛായാഗ്രാഹകൻ.
‘തേർഡ് െഎ’യിലെ തിരക്കഥയെഴുതിയ ലിതിൻ രാജ് പുനലൂരിനെ മികച്ച തിരക്കഥാകൃത്തായും ‘ബീ മൈ മം’ൽ അഭിനയിച്ച ഹബീബ അൽ സാൽത്തിയെ മികച്ച നടിയായും നിഗമനങ്ങളിൽ അഭിനയിച്ച പ്രകാശ് പുറക്കാടിനെ മികച്ച നടനായും തെരഞ്ഞെടുത്തു. 250 റിയാലും സർട്ടിഫിക്കറ്റും മെമേൻറായുമാണ് മറ്റ് വിഭാഗങ്ങളിൽ പുരസ്കാരമായി നൽകിയത്. 32 സിനിമകളാണ് ഫെസ്റ്റിവലിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്. അറബി ഭാഷയിലുള്ള സിനിമകൾക്ക് പുറമെ തമിഴ്, മലയാളം, ബംഗാളി ഭാഷകളിലുള്ള സിനിമകളും മത്സരത്തിന് ഉണ്ടായിരുന്നു. അടുത്ത വർഷം മുതൽ സെപ്റ്റംബറിൽ ഹ്രസ്വ ചലച്ചിത്രമേള നടത്തുമെന്ന് ഒമാൻ ഫിലിം സൊസൈറ്റി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
