യാത്രക്കാരെ വലച്ച് ഇൻഡിഗോ; കൊച്ചി-മസ്കത്ത് യാത്രക്കാർ കുടുങ്ങി
text_fieldsമസ്കത്ത്: ഇൻഡിഗോ വിമാന സർവിസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിനെത്തുടർന്നുണ്ടായ പ്രതിസന്ധി ഗൾഫ് മേഖലയിലെ യാത്രക്കാരെയും സാരമായി ബാധിച്ചു.
വെള്ളിയാഴ്ച രാത്രി 11.25ന് കൊച്ചിയിൽ നിന്ന് മസ്കത്തിലേക്ക് പുറപ്പെടേണ്ട വിമാനത്തിന്റെ യാത്ര അനിശ്ചിതത്വത്തിലായതാണ് യാത്രക്കാരെ പ്രയാസത്തിലാക്കിയത്. യാത്രക്കാർ മെയിൻ ഗേറ്റ് കടന്ന് ലഗേജ് കൊടുക്കാനായി തുനിഞ്ഞപ്പോഴാണ് അധികൃതർ വരിയിൽനിന്ന് മാറ്റിനിർത്തിയതെന്നും തങ്ങളുടെ ചോദ്യങ്ങൾക്ക് ഇൻഡിഗോ അധികൃതരുടെ പക്കൽനിന്ന് ഒരു മറുപടിയും ഉണ്ടായിരുന്നില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു. യാത്രക്കാർ ക്ഷുഭിതരായപ്പോൾ വിമാനം വൈകി പറക്കാൻ സാധ്യത ഉണ്ടെന്നും മറുപടി നൽകി.
എന്നാൽ, ഇക്കാര്യത്തിൽ ഉറപ്പുനൽകാൻ ഇൻഡിഗോ അധികൃതർക്കായില്ല. യാത്രക്കാർ ബഹളംവെച്ചപ്പോൾ വേണമെങ്കിൽ ടിക്കറ്റ് കാൻസൽ ചെയ്ത് മുഴുവൻ തുകയും തിരിച്ചുതരാമെന്നായി. എന്നാൽ അതാവട്ടെ, യാത്രക്കാരുടെ അക്കൗണ്ടിലേക്ക് എത്താൻ ദിവസങ്ങളെടുക്കും. ശനിയാഴ്ച ഡ്യൂട്ടിയിൽ കയറേണ്ട പല യാത്രക്കാരും ഇൻഡിഗോ ടിക്കറ്റ് റദ്ദാക്കി മൂന്നിരട്ടി തുക നൽകി ശനിയാഴ്ച രാവിലെ കൊച്ചിയിൽനിന്ന് പുറപ്പെടുന്ന ഒമാൻ എയറിനാണ് ടിക്കറ്റ് എടുത്തത്.
ആഭ്യന്തര വ്യോമയാനമേഖലയിൽ ഇൻഡിഗോയുടെ സർവിസുകൾ താറുമാറായതോടെ മറ്റ് വിമാനക്കമ്പനികൾ ഡിമാൻഡ് വർധിച്ചത് ചൂണ്ടിക്കാട്ടി ടിക്കറ്റ് നിരക്കുകളിൽ വലിയ വർധന വരുത്തിയിട്ടുണ്ട്. ജീവനക്കാരുടെ കുറവും പുതിയ ക്രൂ നിയമങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം 500ലേറെ ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

