‘നാമ’യിൽ സ്വദേശിവത്കരണം അന്തിമഘട്ടത്തിലേക്ക്
text_fieldsമസ്കത്ത്: രാജ്യത്തെ പ്രധാന ജലവിതരണ സ്ഥാപനമായ നാമ വാട്ടര്‍ സര്‍വിസസ് കമ്പനിയിൽ സ്വദേശിവത്കരണം അവസാന ഘട്ടത്തിലേക്ക്. 84 ശതമാനം സ്വദേശിവത്കരണം പൂര്‍ത്തിയാക്കിയതായി അധികൃതര്‍ വ്യക്തമാക്കി. ജലവിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കിയ സ്വദേശിവത്കരണ നടപടികള്‍ ഫലം കാണുന്നുണ്ട്.
ഇതിന്റെ ഭാഗമായി ഒരു വര്‍ഷത്തിനിടെ 55 ശതമാനത്തില്‍ നിന്ന് സ്വദേശിവത്കരണം 84 ശതമാനമാക്കി ഉയര്‍ത്താന്‍ സാധിച്ചതെന്നും അധികൃതര്‍ അറിയിച്ചു. 885 പേരാണ് നിലവില്‍ ജലവിതരണ മേഖലയില്‍ തൊഴിലെടുക്കുന്നത്. ഇവരില്‍ 200 തൊഴിലുകള്‍ മസ്കത്ത് ഗവര്‍ണറേറ്റിലാണ്. ബാക്കിയുള്ള നിയമനങ്ങളെല്ലാം രാജ്യത്തെ മറ്റു ഗവര്‍ണറേറ്റുകളിലാണ്. തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ച് തൊഴിലന്വേഷകര്‍ക്ക് പരിശീലനവും നല്‍കിവരുന്നുണ്ട്.
ഇതില്‍ ആദ്യ ബാച്ച് കഴിഞ്ഞ ഡിസംബറില്‍ പുറത്തിറങ്ങി. രണ്ടാമത് ബാച്ച് ഉടന്‍ ആരംഭിക്കും. കമ്പനിയുടെ കീഴില്‍ 700 ദശലക്ഷം റിയാലിന്റെ നിക്ഷേപ പദ്ധതികളാണ് പുതുതായി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും ജലവിതരണ സംവിധാനം ഒരുക്കുന്നതിനുള്ള പദ്ധതികള്‍ കാര്‍ഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രി ഡോ. സഊദ് ബിന്‍ ഹമൂദ് അല്‍ ഹബ്സിയുടെ കാര്‍മികത്വത്തില്‍ നടന്ന ചടങ്ങില്ആണ് പ്രഖ്യാപിച്ചത്.
രാജ്യത്ത് 27 പ്രധാന ജലവിതരണ പദ്ധതികള്‍ പുരോഗമിക്കുന്നതായി സി.ഇ.ഒ ഖൈസ് ബിന്‍ സഊദ് അല്‍ സക്വാനി പറഞ്ഞു. സുഹാര്‍ മുതല്‍ ദാഹിറ വരെയുള്ള 230 കിലോമീറ്റര്‍ പൈപ്പ്ലൈന്, ബര്‍ക- സുഹാര്‍ 140 കിലോമീറ്റര്‍ പൈപ്പ്ലൈന്, ദാഖിലിയ 173 കിലോമീറ്റര്‍ പൈപ്പ്ലൈന്, തെക്ക്-വടക്ക് ശര്‍ഖിയ 312 കിലോമീറ്റര്‍ വാട്ടര്‍ പൈപ്പ്ലൈന് എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

