ആരോഗ്യമേഖലയിൽ സ്വദേശിവത്കരണം ശക്തം
text_fieldsമസ്കത്ത്: സുൽത്താനേറ്റിലെ ആരോഗ്യ സൂചകങ്ങളിൽ സമീപ വർഷങ്ങളിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി കണക്കുകൾ. 2020-2024 നും ഇടയിലുള്ള കാലയളവിൽ മെഡിക്കൽ വരുമാനത്തിൽ 66.2 ശതമാനം ഗണ്യമായ വർധനവുണ്ടായി. ആരോഗ്യ മന്ത്രാലയ സ്ഥാപനങ്ങളിലെ ഡോക്ടർമാരുടെ ഒമാനൈസേഷൻ നിരക്കിൽ റെക്കോർഡ് ഉയർച്ചയാണ് കാണിക്കുന്നത്. ഇത് 44 ശതമാനത്തിലെത്തി. ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ ഈവർത്തെ ആരോഗ്യ സ്ഥിതിവിവരക്കണക്ക് റിപ്പോർട്ട് പ്രകാരം 2020നെ അപേക്ഷിച്ച് ആരോഗ്യ സൗകര്യങ്ങളുടെ എണ്ണത്തിൽ 50 ശതമാനം വർധനവാണ് കൈവരിച്ചത്. 94 സർക്കാർ, സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ 2,384 എണ്ണത്തിൽ ഇത് 12 ശതമാനമാണ് വർധനവ്.
2020ൽ 794 ആയിരുന്ന സ്വകാര്യ ഫാർമസികളുടെ എണ്ണത്തിൽ 2024ൽ 1,177 ആയി ഉയർന്നു. അതേസമയം, പൊതുമേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളുടെയും ക്ലിനിക്കുകളുടെയും എണ്ണം ഒമ്പത് ശതമാനം വർധിച്ചു. പൊതു, സ്വകാര്യ മേഖലകളിലെ ആരോഗ്യ സൗകര്യങ്ങളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന നിരക്ക് ദാഖിലിയ ഗവർണറേറ്റിലാണ് രേഖപ്പെടുത്തിയത്. 77 ശതമാനം വർധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്ക് ബുറൈമി ഗവർണറേറ്റിലാണ്, 15 ശതമാനം.
പൊതു, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ ആരോഗ്യ പ്രവർത്തകരുടെ എണ്ണം 71,180 ആയി വർധിച്ചുവെന്നും അതിൽ 55 ശതമാനം പേർ ഒമാനികളാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഒമാനി ഡോക്ടർമാരുടെ എണ്ണം 2020ലെ 118 ഡോക്ടർമാരിൽനിന്ന് 2024ൽ 142 ശതമാനം വർധിച്ച് 285 ഡോക്ടർമാരിലെത്തി. പൊതുജനാരോഗ്യ സ്ഥാപനങ്ങളിലെ ഒമാനി ഡോക്ടർമാരുടെ ശതമാനം മൊത്തം ഡോക്ടർമാരുടെ എണ്ണത്തിന്റെ 45 ശതമാനത്തിലെത്തി. 2020 ൽ ഇത് 40 ശതമാനമായിരുന്നു. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും മൊത്തം നഴ്സുമാരുടെ 47 ശതമാനവും ഒമാനികളാണ്. അതേസമയം സ്വകാര്യ മേഖലയിൽ അവരുടെ ശതമാനം നാല് ശതമാനം മാത്രമായിരുന്നു.
2020-2024 കാലയളവിൽ ഡോക്ടർമാർക്കിടയിലെ ഒമാനൈസേഷൻ നിരക്ക് 39 ശതമാനത്തിൽ നിന്ന് 44 ശതമാനമായി ഉയർന്നപ്പോൾ, ആരോഗ്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടില്ലാത്ത സർക്കാർ സ്ഥാപനങ്ങളിലെ ഒമാനൈസേഷൻ നിരക്ക് 51 ശതമാനത്തിൽ നിന്ന് 48 ശതമാനമായി കുറഞ്ഞു.2020ൽ ആരോഗ്യമേഖലക്കുള്ള മൊത്തം ചെലവ് 954.1 ദശലക്ഷം റിയാലായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം ഇത് 1,083.9 ദശലക്ഷം റിയാലായെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.നിക്ഷേപ ചെലവുകൾ 221.6 മില്യൺ റിയാലായി വർധിച്ചു. 2020ൽ ഇത് വെറും 22.1 മില്യൺ റിയാലായിരുന്നു. ആരോഗ്യ മന്ത്രാലയം ഉൾപ്പെടെ ആരോഗ്യ മേഖലകൾക്കായുള്ള മൊത്തം ചെലവ് 6,109.7 മില്യൺ റിയാലായിരുന്നു.
2024ൽ സിവിൽ മന്ത്രാലയങ്ങളിലെ മൊത്തം സർക്കാർ നിക്ഷേപ ചെലവിന്റെ 14.4 ശതമാനം ആരോഗ്യ മന്ത്രാലയത്തിനായുള്ള നിക്ഷേപ ചെലവുകളാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2020ൽ ഇത് വെറും രണ്ട് ശതമാനമായിരുന്നു. 2024-ൽ ആരോഗ്യ മേഖലയ്ക്കുള്ള സർക്കാർ ചെലവ് 14 ശതമാനം വർദ്ധിച്ചു.2024ൽ ആരോഗ്യ വരുമാനം മൊത്തം സർക്കാർ വരുമാനത്തിന്റെ 1.2 ശതമാനമായിരുന്നുവെന്ന് സൂചകങ്ങൾ കാണിക്കുന്നു. 2020-2024 കാലയളവിൽ മെഡിക്കൽ വരുമാനം 66.2 ശതമാനം വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

