ഐ.എൻ.ഡി.സി പ്രതിനിധിസംഘം ശൂറ കൗൺസിൽ സന്ദർശിച്ചു
text_fieldsഐ.എൻ.ഡി.സി പ്രതിനിധിസംഘം ഒമാൻ ശൂറ കൗൺസിൽ കെട്ടിടം സന്ദർശിച്ചപ്പോൾ
മസ്കത്ത്: ഇന്ത്യൻ നാഷനൽ ഡിഫൻസ് കോളജ് (ഐ.എൻ.ഡി.സി) പ്രതിനിധി സംഘം ശൂറാ കൗൺസിൽ സന്ദർശിച്ചു. കൗൺസിൽ അംഗങ്ങളായ ഹുസൈൻ മുഹമ്മദ് അൽ ലവാതി, ജുമാ സഈദ് അൽ വഹൈബി എന്നിവർ േചർന്ന് സംഘത്തെ സ്വീകരിച്ചു.
ഐ.എൻ.ഡി.സി സംഘത്തിന്റെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായായിരുന്നു സന്ദർശനം. നിയനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശൂറാ കൗൺസിലിന്റെ പങ്കും ഉത്തരവാദിത്തവും സംബന്ധിച്ചും പാർലമെന്ററി നയതന്ത്രത്തെ ശക്തിപ്പെടുത്താൻ നൽകുന്ന സംഭാവനകളെക്കുറിച്ചും അറിയുകയായിരുന്നു സന്ദർശന ലക്ഷ്യം.
സർക്കാറോ കൗൺസിലോ നിർദേശിച്ച കരടുനിയമങ്ങളുടെ വിശകലനമടക്കമുള്ള കൗൺസിലിന്റെ ലെജിസ്ലേറ്റിവ് പ്രവർത്തനങ്ങളെ കുറിച്ച് ഐ.എൻ.ഡി.സി സംഘത്തിന് വിവരിച്ചുനൽകി. ദേശീയ തലത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും ‘ഒമാൻ വിഷൻ 2040’ പദ്ധതി ലക്ഷ്യത്തിനായുള്ള നിർദേശങ്ങൾ രൂപപ്പെടുത്തുന്നതിനും ശൂറ കൗൺസിലിന്റെ പങ്ക് സംബന്ധിച്ചും കൗൺസിലിന്റെ സ്ഥിരം സമിതിയുടെ പ്രവർത്തനരീതി, പതിവ് സെഷനുകൾ, സാങ്കേതിക- ഭരണപരമായ കാര്യങ്ങളിൽ ജനറൽ സെക്രട്ടേറിയറ്റ് നൽകുന്ന പിന്തുണ സംബന്ധിച്ചും പ്രതിനിധിസംഘത്തിന് അറിവുപകർന്നു. മേഖലയിലും അന്താരാഷ്ട്ര വേദികളിലും നയതന്ത്രപരമായ നടപടികളെ പ്രോത്സാഹിപ്പിക്കുന്നതിന് ശൂറ കൗൺസിൽ നടത്തുന്ന പരിശ്രമങ്ങളെയും സന്ദർശകർക്കുമുന്നിൽ ഉയർത്തിക്കാട്ടി.
സന്ദർശനത്തിന്റെ ഭാഗമായി ഐ.എൻ.ഡി.സി സംഘം ഒമാൻ കൗൺസിൽ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നേരിട്ടുകണ്ടു. കെട്ടിടത്തിലെ വിപുലമായ ലൈബ്രറിയും സംഘം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

